സഖാക്കളെ
കഴിഞ്ഞ ആഴ്ച നമ്മള്‍ സംഘടിപ്പിച്ച ഓള്‍ കേരളാ പൊങ്കാല മഹോത്സവത്തെ
സംബന്ധിച്ച് ചില അധമ ചിന്താഗതിയുള്ള മാധ്യമ സിന്റിക്കേറ്റ് പടച്ചുവിടുന്ന
വലതുപക്ഷ മണുകൊണാഞ്ചന്‍ ആരോപണങ്ങളെ തള്ളിക്കളയാന്‍ കേരളത്തിലെ മുതിര്‍ന്ന
സഖാവ് നല്‍കുന്ന രാഷ്ട്രീയ വിശദീകരണമാണ് ചുവടെ ചേര്‍ക്കുന്നത് .
സഖാക്കളെല്ലാം ഇത് വായിച്ച് ആരോപണശരങ്ങളുടെ മുനയോടിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു .
സഖാക്കളെ
നമ്മള്‍
എത്രത്തോളം മുന്നോക്കപരമായ് ചിന്തിക്കുന്നു എന്നതിന് തെളിവാണ്
തെറ്റ്ചെയ്താല്‍ തിരുത്തുന്നു എന്നത്; അത് സൈദ്ധാന്തികപരമായാലും,
ആശയപരമായാലും , രാഷ്ട്രീയപരമായാലും തെറ്റ് ചെയ്തോ, നമ്മള്‍ തിരുത്തും .
ചെയ്ത തെറ്റ് തിരുത്താന്‍ പത്ത് ഇരുപത് വര്‍ഷം ചിലപ്പോള്‍
എടുത്തെന്ന് വരും , അത് ബൂര്‍ഷ്വാ , വലത്പക്ഷ പിന്തിരിപ്പന്‍
കൂട്ടായ്മക്കാര്‍ പറയുന്നത്പോലെ നമ്മള്‍ക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടൊന്നുമല്ല
മറിച്ച് ചില തീരുമാനങ്ങള്‍ , ആശയങ്ങള്‍ ഈ വലിയ അല്ല ചെറിയ കാലയളവില്‍
ഏത്രത്തോളം സമൂഹത്തിന് ആവശ്യമായിരുന്നു എന്ന് നിരന്തരമായി
പഠിക്കുകയായിരുന്നു ; നമ്മുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചില
തീരുമാനങ്ങള്‍ മാറ്റണമെന്ന് തീരുമാനിക്കുകയും , തെറ്റ് സംഭവിച്ചൂ എന്ന്
നമ്മള്‍ പറയുകയും ചെയ്യും . ആ തെറ്റ് തികച്ചും ബൗദ്ധികപരമാണ് , ഈ
ബൗദ്ധികപരമായ തെറ്റിനെ ബുദ്ധിയില്ലായ്മയായ് കാണരുത് .
കാളവണ്ടി
ചെറുതും തീവണ്ടിക്ക് വലിപ്പം കൂടുതലും ഉള്ളത് കൊണ്ട് കാളവണ്ടി തീവണ്ടിക്ക്
പകരമാവില്ല എന്ന് നാം മനസിലാക്കി . കമ്പ്യൂട്ടര്‍ കുറെയേറെ സാദാരണ
മനുഷ്യരുടെ ജോലി അപഹരിചെങ്കിലും കമ്പ്യൂട്ടര്‍ നമുക്ക് പണിയും വോട്ടും
തരുന്നത്കൊണ്ട് അതിനെ നാം അംഗീകരിച്ചു . കൊക്കകോള - കരിക്കിന്‍ വെള്ളം ,
വാറ്റ് ചാരായം - വിദേശന്‍ , അംബാനി - തൂമ്പ , ആണവം - വിറക് , ലുട്ടാപ്പി -
മായാവി .... അങ്ങനെ നമ്മുടെ ചിന്തകന്മാരുടെ ഉറക്കംകെടുത്തുന്ന ഒരുപിടി
ചോദ്യങ്ങള്‍ തീരുമാനമാകാതെ ഇന്നിയും ഉണ്ട് . പാര്‍ട്ടി ബുദ്ധിജീവികളെ
ചോദ്യം ചെയ്യാന്‍ പാടില്ലെന്ന പാര്‍ട്ടി ഭരണഘടനാതത്വം നമ്മള്‍ അംഗീകരിച്ചേ
മതിയാവൂ , അതിനാല്‍ നമുക്ക് ഈ തീരുമാനങ്ങള്‍ക്കായ് കാത്തിരിക്കാം .
ബൂര്‍ഷ്വാ
പാര്‍ട്ടികളും , വിഭാഗീയ ചിന്താഗതിക്കാരും , വിഘടനവാദികളും ,
കൊളോണിയലിസ്റ്റ് അടിയാളന്മാരും ജാതിയുടെയും , വിശ്വാസത്തിന്റെയും ,
ദൈവത്തിന്‍റെയും പിറകെ ആണെന്നുള്ള തിരിച്ചറിവ് നമ്മുടെ ചിന്തകന്മാരെ
ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നു . അതിന്‍റെ ഫലമായി പാര്‍ട്ടിയുടെ
നേതൃത്വത്തില്‍ പുതിയ വിശ്വാസരീതിയും , ആചാരങ്ങളും പിന്തുടരാന്‍ അവൈലബ്ള്‍
സഖാക്കള്‍ തീരുമാനിച്ചിരിക്കുന്നു . ചൈനയിലെ ഭീമന്‍ പാണ്ട , ഇന്ത്യയിലെ
നമ്മുടെ പാര്‍ട്ടി ബുദ്ധിജീവി എന്നിങ്ങനെയാണത്രെ വംശനാശം നേരിടുന്ന ക്രമം
എന്ന വലതുപക്ഷ ആക്രമണ ആക്ഷേപം ഈ ഒരു തീരുമാനത്തിലൂടെ നമ്മള്‍
പരിഹരിച്ചുകഴിഞ്ഞു എന്ന് ഞാന്‍ പറയട്ടെ .
പുതിയ
വിശ്വാസം എന്നാല്‍ പുതിയ ആള്‍ദൈവങ്ങള്‍ , പുതിയ പൂജകള്‍ , പുതിയ
മന്ത്രങ്ങള്‍ പുതിയ ഭാഷ അങ്ങനെ , അതായത് നമ്മള്‍ ഇനി സംസാര ഭാഷയില്‍ നോം ,
ശുംഭന്‍ , ഹെയ് , ല്ലേ , എന്താത് എന്നിങ്ങനെയുള്ള പദങ്ങള്‍ കൂടുതലായി
ഉള്‍പ്പെടുത്തണം .
നമുക്കിനി
പാര്‍ട്ടി ഓഫീസില്ല പകരം ക്ഷേത്രങ്ങള്‍ ആണ് ; ബ്ലോക്ക് ക്ഷേത്രം , ജില്ലാ
ക്ഷേത്രം , സംസ്ഥാന ക്ഷേത്രം പിന്നെ ആസ്ഥാന കേന്ദ്ര ക്ഷേത്രം .
(അച്ചായന്മാര്‍ക്ക് കേരളാ കോണ്‍ഗ്രസ്സും , മറ്റേവര്‍ക്ക് ലീഗും
ഉള്ലോണ്ടാണ് പള്ളി വേണ്ടന്ന് വെച്ചത് )
ഓം അച്ചുതാനന്ദ ഗോപാല നയനാരായ നമ:
അപ്പോള്‍
നോം ഇനി വിവരിക്കാന്‍ പോകുന്നത് വരാനിരിക്കുന്ന ചടങ്ങുകളെ കുറിച്ചാണ് .
നമ്മുടെ പൊങ്കാല അതിഗംഭീരം ആയിരുന്നല്ലോ ല്ലേ ..., അതോണ്ട് നാം ഇനി ഒരു
സപ്താഹം നടത്താന്‍ പോകുന്നു , മൂലധനസപ്താഹയജ്ഞം .
സപ്തം
ന്നാല്‍ എന്താ ന്ഗെ .... ഏഴ് ല്ലേ , ശുംഭന്മാര്‍ അതും മറന്നിരിക്കുന്നു ,
പാര്‍ട്ടി ക്ലാസിനു വരാറില്ല ല്ലേ . നമ്മുടെ ഏഴ് സഖാക്കള്‍ ഏഴ് ദിവസം
കൊണ്ടു നടത്തുന്ന ഒരു ഹം അതാണ് സപ്താഹം .
ആചാര്യന്‍
ശ്രീ അച്യുതാനന്ദജി , മുഖ്യ പ്രഭാഷണം ശ്രീ ശ്രീ പ്രകാശ് ജി , ഖജാന്‍ജി
ബ്രഹ്മശ്രീ ശ്രീ വിജയജി , ക്രൌഡ് കണ്ട്രോള്‍ ബ്രഹ്മശ്രീ ജയരാജ ജി ജി
ആന്‍ഡ് കൊ.ബാലകൃഷ്ണജി , മൂലധന പാരായണം ശ്രീ ബേബിജി ആന്‍ഡ് തോമസ്ജി
തുടങ്ങിയ ജ്ഞാനികള്‍ മൂലധനം അപഗ്രഥനം ചെയ്ത് നിങ്ങളുടെ സംശയ നിരൂപണം
നടത്തുന്നു . ചടങ്ങുകള്‍ നമ്മുടെ സംസ്ഥാന ക്ഷേത്രമായ യു കെ ജി ഭവനില്‍
ആയിരിക്കും. സപ്താഹതോട് അനുബന്ധിച്ച് പൂമൂടല്‍ , പൊങ്കാല , ഗ്രൂപിസം ,
വിഭാഗീയ കുത്ത് എന്നീ ചടങ്ങുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി
സന്നിധിയില്‍ എത്തിച്ചേരേണ്ടതാണ് .ഈ വിശേഷാല്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്ക്
കപ്പ , മീന്‍ , കാപ്പി , ദോശ തുടങ്ങിയ വിശിഷ്ട വിഭവങ്ങള്‍ സന്നിധിയില്‍
പൊങ്കാലയായി സമര്‍പ്പിക്കാവുന്നതാണ്. വരുമ്പോള്‍ ഒരു അടുപ്പുംകൂടെ കരുതുക
.... ഗ്യാസ് പാടില്ല്യ ട്ടോ.
NB: പാര്‍ട്ടിയുടെ രൂപം മാറിയെങ്കിലും പിരിവു ബക്കറ്റില്‍ തന്നെ നിക്ഷേപിക്കണം ന്നു മാര്‍ക്സിന്‍റെ നാമധേയത്തില്‍ അറിയിക്കുന്നു.