“വോള്‍ഗാ....,
ദിവസവും യാത്രചെയ്യുന്ന നിനക്കറിയാവുന്നതല്ലേ ശനിയാഴ്ച ഉച്ചക്കുള്ള
തിരക്കും ട്രാഫിക്കും , അത് മനസിലാക്കി സ്കൂളില്‍ നിന്നിറങ്ങാന്‍ നീ
നോക്കണ്ടേ .... “ മദറിന്‍റെ ഇന്നത്തെ വഴക്ക് ഇങ്ങനെതന്നെയാവും തുടങ്ങുക
എന്നവള്‍ കരുതി .
‘ഇന്നിനി
എന്തൊക്കെ പറഞ്ഞാലാവും മദറിനു ഈ ട്രാഫിക്ക് കുരുക്ക് മനസിലാവുക ; ഹൊ … ഈ
ട്രാഫിക്കും ചൂടും........ ‘ ബസ്സിലിരുന്ന് വോള്‍ഗ പിറുപിറുത്തു .
ഹാന്‍ഡ് ബാഗില്‍ കരുതിയ തൂവാല മെല്ലെ നിവര്‍ത്തി അഴുക്ക് പറ്റാത്ത ഭാഗം മുകളിലാക്കി മടക്കി അവള്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു .
കാറ്റിനൊപ്പം പറക്കുന്ന മുടിയിഴകളെ ഒതുക്കി വലതുകൈ കൊണ്ട് മുമ്പിലെ സീറ്റിലെ കമ്പിയില്‍ പിടിച്ച് അവള്‍ പുറത്തേക് നോക്കി .
മുന്‍പില്‍
വാഹനങ്ങളുടെ നീണ്ട നിര ; ഇടത്തോട്ടുള്ള ചെറിയ വളവും തിരിഞ്ഞ് കുറെയേറെ
മുന്‍പിലേക്ക് ഇരവിഴുങ്ങിയ പാമ്പിനെ പോലെ അനങ്ങാതെ നിരയായിവാഹനങ്ങള്‍.
തിരികെ
അക്ഷമയോടെ സീറ്റില്‍ അമര്‍ന്ന അവള്‍, തന്‍റെ മാറിടങ്ങളിലേക്ക് ഒരു
വേട്ടനായയുടെ തിളക്കമുള്ള കണ്ണുകളോടെ നോക്കിയിരിക്കുന്ന എതിര്‍ സീറ്റിലെ
ചെറുപ്പക്കാരനെ മുഷിപ്പോടെ നോക്കി .
'എന്നെ ഇങ്ങനെ നോക്കരുത്...., ഞാനൊരു ശവമാണ് , വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ ശവം . ' എന്ന് പറയണമെന്ന് തോന്നി അവള്‍ക്ക്
അവളുടെ കണ്ണുകളെ താങ്ങാനാവാതെ അവന്‍ തന്‍റെ നോട്ടം ബസ്സിനു പുറത്തേക്കാക്കി
അക്ഷമകൊണ്ട്
മെല്ലെ തിരിഞ്ഞ് അവള്‍ തന്‍റെ പിന്നിലിരിക്കുന്നവരെ നോക്കി . ചൂടിനെ
പഴിച്ചുകൊണ്ട് ചിലര്‍ ബസ്സില്‍നിന്ന് ഇറങ്ങുന്നു . ചിലര്‍ അടുത്തിരിക്കുന്ന
അപരിചിതരോട് സൗഹൃദം കൂടുന്നു , മറ്റുചിലര്‍ നാട്ടുവാര്‍ത്തമാനങ്ങളും ലോക
കാര്യങ്ങളും ചര്‍ച്ചചെയ്യുന്നു .
'ഇവരിന്നുതന്നെ
ലോകം നന്നാക്കികളയും......' അവള്‍ക്ക് അതെല്ലാം അസഹ്യമായിതോന്നി ;
എങ്ങനെയെങ്കിലും മഠത്തില്‍ എത്തിയാല്‍ മതിയെന്നായി അവള്‍ക്ക് .
വോള്‍ഗ സീറ്റില്‍ നേരെയിരുന്നു കൈപത്തി വിടര്‍ത്തി കഴുത്തിന് മുന്‍പില്‍ ചെറുതായി വീശി.
കുറെയേറെ സമയമായി അവള്‍ നിര്‍ത്തിയിട്ട ആ ബസില്‍ ഇരിക്കുന്നു . വര്‍ഷാവസാന പരീക്ഷ അടുത്തതിനാല്‍ അന്ന് ഉച്ചകഴിഞ്ഞും കുറച്ച് സമയം
അധികമായി ക്ലാസ്സെടുക്കേണ്ടി വന്നു . അത് ഇങ്ങനെയാവും എന്നവള്‍ കരുതിയില്ല .
അവളുടെ
മുന്നിലെ സീറ്റില്‍ ഇരുന്നയാള്‍ ഇടക്ക് ഞെട്ടിയുണര്‍ന്ന് പുറത്തേക് നോക്കി
, തന്‍റെ സ്ഥലമെത്തിയില്ല എന്നുറപ്പിച്ച് വീണ്ടും സീറ്റില്‍ ചാരിയിരുന്നു
കണ്ണുകള്‍ അടച്ചു .
ചൂടിനും വാഹനങ്ങളുടെ ശബ്ദത്തിനും മീതേ പിറകിലെ സീറ്റില്‍ ഒരു മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ പാടുന്നു
"ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി "
“ആക്സിഡന്‍റാ......ഇപ്പോഴെങ്ങും പൊവാമ്പറ്റൂല ....." ബസില്‍ തിരികെ കയറിവന്ന ഒരു ചെറുപ്പക്കാരന്‍ ആരോടെന്നില്ലാതെ പറഞ്ഞു
"എന്നിട്ട് "
"ആ .... ഒരുത്തന്‍ തീര്‍ന്നൂന്ന് തോനുന്നു " ചെറുപ്പക്കാരന്‍ തന്‍റെ സീറ്റില്‍ ഇരുന്നു.
ഈ
ആണുങ്ങള്‍ക്ക് ഒരു മരണം എത്ര ലളിതമായി പറയാന്‍ സാധിക്കുന്നു !!
സ്ത്രീകള്‍ക്ക് ഒരു പക്ഷെ മരണത്തെയും ജീവിതത്തെയും ഇത്ര ലളിതമായി ,
അല്പംപോലും ദയയില്ലാതെ കാണുവാന്‍ സാധിക്കില്ല , അവള്‍ ചിന്തിച്ചു .
ഇനി
അടുത്ത സമയത്തെങ്ങും ബ്ലോക്ക് മാറുമെന്ന് തോനുന്നില്ല ; വെറുതെ
ബസ്സില്‍ കാത്തിരിക്കാതെ ഒന്ന് രണ്ട് സ്റ്റോപ്പ് മുന്നോട്ട് നടന്നാല്‍
ഏതേലും ഓട്ടോറിക്ഷ കിട്ടുമായിരിക്കും.
അവള്‍ തിടുക്കത്തില്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു .
വെയിലും ചൂടും പൊടിയും വകവെക്കാതെ വാഹനങ്ങളെ ഓരോന്നായി
പിന്നിലാക്കി അവള്‍ തിടുക്കത്തില്‍ മുന്നോട്ട് നടന്നു .
കുടകൊണ്ട്
തടയാന്‍ ശ്രമിച്ചിട്ടും കാറ്റിനെ കൂട്ടുപിടിച് സൂര്യന്‍ അല്‍പ്പം ചരിഞ്ഞ്
അവളുടെ ദേഹത്ത് കഠിനമായി പ്രഹരിക്കാന്‍ തുടങ്ങി .
ചെറിയ
വളവ് പിന്നിട്ടപ്പോള്‍ അല്‍പ്പം മുന്നിലായി അപകടം നടന്ന വാഹനങ്ങള്‍ക്ക്
ചുറ്റുമായി വലിയ ആള്‍ക്കൂട്ടം അവള്‍ കണ്ടു . പലരും ഉച്ചത്തില്‍ ബഹളം
വെക്കുകയും , എന്തൊക്കെയോ തര്‍ക്കിക്കുകയും ചെയ്യുന്നു .
ഒരു പോലീസുകാരന്‍ കൂട്ടം കൂടി നിന്നവരെ വിരട്ടി ദൂരേക്ക് മാറ്റുന്നുണ്ടായിരുന്നു
'ഒരു കാറ് കയ്യില്‍ കിട്ടിയാല്‍ ഇവന്മാരുടെ ഒരു ഭാവം അത് പ്ലയിന്‍ ആണെന്നാ '
'അതെങ്ങനെ ശരിയാകും '
'ലോറി സൈഡ് തെറ്റിച്ചത് അപ്പോ ഒരു പ്രശനമല്ല അല്ലെ '
'അത് ശരിയാ '
തെറ്റ് ആരുടെയാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആളുകളെന്നു ഉച്ചത്തിലുള്ള ചില ശബ്ദങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും .
അപകടം നടന്ന സ്ഥലത്തിന്‍റെ സാമീപ്യം മൂലമാവണം അറിയാതെതന്നെ അവളുടെ കാലുകളുടെ ചലനം മെല്ലെയായി .
അപകടത്തില്‍പെട്ട
വാഹനങ്ങളുടെ ചില്ലുകള്‍ ചെറു മണികള്‍ പോലെ അവിടെമുഴുവന്‍ ചിതറികിടന്നു,
വെയിലില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന അവയ്ക്കിടയിലൂടെ രക്തം
ഒഴുകിത്തുടങ്ങി .
രക്തത്തിന്‍റെ ചുമപ്പ് നിറം അവളുടെ മനസിനെ കടലുപോലെ പ്രക്ഷുബ്ദ്ധമാക്കി .
രക്തംപുരണ്ട് ചുവന്ന ചില്ലുകള്‍ ചെറുപ്പത്തില്‍ താന്‍ കൂട്ടിവച്ച മഞ്ചാടിമണികള്‍ പോലെ ചിതറിക്കിടക്കുന്നു.
പ്രകാശത്തില്‍ വെളുത്ത പല്ലുകള്‍കാട്ടി അവ തന്നെ അടുത്തേക്ക് വിളിക്കുന്നതായ് അവള്‍ക്ക് തോന്നി .
അവള്‍ മെല്ലെ കുനിഞ്ഞ് റോഡിലേക്ക് നോക്കി .
അവളുടെ കണ്ണുകളില്‍ ചോരയില്‍ കുതിര്‍ന്നു നഷ്ടപെട്ട മഞ്ചാടിമണികളുടെ
വേദനിപ്പിക്കുന്ന ഒരു ബാല്യം ഓടിയെത്തി .
അവളുടെ കാഴ്ച്ചകള്‍ പരിസരം മറന്ന് കാലങ്ങള്‍ക്ക് പിന്നിലേക്ക് പോയി
കുനിഞ്ഞ് രക്തംപുരണ്ട ഒരു പിടി ചെറുചില്ലുകള്‍ കയ്യിലെടുത്ത് മുഖത്തോടടുപ്പിച്ച് അവള്‍ നോക്കി .
കണ്ണീര്‍ തുളുമ്പിയ കണ്ണുകളില്‍ ഒരു നീറലായി കുറെയേറെ രൂപങ്ങള്‍ ആ പൊട്ടിയ ചില്ലില്‍ ഓടിയെത്തി.
മഞ്ചാടിമണികള്‍
കൂട്ടിവെച്ച ഒരു പത്ത് വയസ്സുകാരിയെ ; മീനൂട്ടി എന്ന് വിളിച്ച് കുഞ്ഞി
കവിളുകളില്‍ മെല്ലെ ചുമ്പിക്കുന്ന വിടര്‍ന്ന ആമ്പല്‍പൂ പൊലൊരമ്മയെ; തന്‍റെ
കുഞ്ഞു വീടിനെ ; ഒപ്പം രാത്രി ഇരുട്ടി വരികയും പുലര്‍ച്ചെ പോകുകയും
ചെയ്യുന്ന ചുവന്ന കണ്ണുകളുള്ള ഒരാളെയും ആ ചില്ലുകളില്‍ വ്യക്തമായി
കാണുന്നുണ്ടായിരുന്നു .
മറവി മൂടാത്ത ഒരു ദു:സ്വപ്നം പോലെ ആ കറുത്ത ദിവസങ്ങള്‍ ഓരോന്നായി അവളുടെ മനസ്സില്‍ വീണ്ടും നോവുന്ന കാഴ്ചയായി.
ഒരിക്കല്‍ ചുവന്ന കണ്ണുള്ളയാളെ ചൂണ്ടി 'ഇനി ഇതാ മോള്ടെ അച്ഛന്‍ ' എന്ന് അമ്മ പറഞ്ഞത് വിശ്വസിക്കാതെ ,
“ഇതല്ല
ന്‍റച്ഛന്‍ ...ഇതല്ല ..... അമ്മാ സത്യം പറ ന്‍റച്ഛന്‍ ന്ത്യേ ..” എന്ന
കുഞ്ഞു മീനാക്ഷിയുടെ ചോദ്യത്തിന് മറുപടി പറയാതെ മുഖം തിരിച്ചു നടന്ന
അമ്മയുടെ ദയനീയ മുഖം ഉത്തരമില്ലാത്ത ആ ചോദ്യം വീണ്ടും ആവര്‍ത്തിക്കാതെ അവളെ
തടഞ്ഞു .
എങ്കിലും
ഉത്സവങ്ങള്‍ കഴിഞ്ഞ് ബാക്കിയാവുന്ന ബലൂണുകളും തൂക്കി , ഒരു കവറു നിറയെ
പൊരിയും മുറുക്കും , കുറേ കുപ്പിവളകളും വാങ്ങി വരാറുള്ള അച്ഛനെ അവളുടെ
ഓര്‍മയുടെ ചക്രവാളസീമ കഴിഞ്ഞു പോകാന്‍ അവള്‍ അനുവദിച്ചില്ല .
ചുറ്റും
റബര്‍ മരങ്ങളാല്‍ ഒറ്റപ്പെട്ട ആ വീട്ടില്‍ വര്‍ഷങ്ങളോളം അവളുടെ അച്ഛനായും
, കളികൂട്ടുകാരിയായും നിഴലായും ഒപ്പമുണ്ടായിരുന്ന അമ്മ മെല്ലെ
മാറുകയാണെന്ന് അവള്‍ക്ക് തോന്നി . തന്നോടൊപ്പമുള്ള കളികള്‍ ഇല്ലാതായതും ,
താഴെ പുഴയില്‍ കുളിക്കാന്‍ പോവാന്‍ തന്നെ കൂട്ടാണ്ടായതും അവളെ
വേദനിപ്പിച്ചു .
അതിനൊപ്പം
തന്നെ ചുമന്ന കണ്ണുള്ളയാളുടെ പേരറിയാത്ത ബന്ധുത്വത്തിന്‍റെ
സ്നേഹപ്രകടനങ്ങള്‍ അതിരുവിടുന്നത് പലപ്പോഴായ് അവള്‍ക്ക് അനുഭവപ്പെട്ടു .
മാസങ്ങള്‍ക്കപ്പുറം
മഴമേഘങ്ങള്‍ വാശിയോടെ പെയ്യുന്ന സന്ധ്യയില്‍ ഇറയത്ത് പാറമടയിലെ ജോലിയും
കഴിഞ്ഞുവരുന്ന അമ്മയേയുംകാത്ത് തന്‍റെ മഞ്ചാടിമണികള്‍കൊണ്ട് പിറക്കാന്‍
പോവുന്ന തന്‍റെ അനിയന്‍ വാവയുടെ ചിത്രം വരയ്ക്കുകയായിരുന്ന മീനാക്ഷിയെ
ചുവന്ന കണ്ണുള്ളയാള്‍ ഒരു വേട്ടനായയെ പോലെ കടിച്ചു മുറിച്ചു . ആ കുഞ്ഞു
ശരീരത്തില്‍ ഇന്നോളം ചെല്ലാത്ത വേദനയുടെ ആഴങ്ങളില്‍ അയാള്‍ തേറ്റ താഴ്ത്തി .
വേദനയുടെ
അബോധനരകത്തില്‍ നിന്നും തിരികെ വന്ന മീനാക്ഷി തന്‍റെ അടുത്ത് അമ്മയുടെ
ചോരയില്‍ മുങ്ങിയ മഞ്ചാടിമണികളാണ് കണ്ടത് ; ഒപ്പം തന്നെരക്ഷിക്കാന്‍
ശ്രമിച്ച അമ്മയേയും , അമ്മേടെ വയറ്റിലെ കുഞ്ഞുവാവയെയും കൊന്നുകളഞ്ഞ
ചോരക്കണ്ണുള്ളവനെ പോലീസ് കൊണ്ടുപോകുന്നതും .
സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവാതെ വോള്‍ഗയുടെ വിഭ്രാന്തമായ മനസ് പിടഞ്ഞു .
കാലങ്ങള്‍ക്കപ്പുറം ദേശാടനകിളിയായ് ചുറ്റിത്തിരിഞ്ഞ അവളുടെ മനസ്സിനെ അപകട സ്ഥലത്ത് എത്തിയ ആംബുലന്‍സിന്‍റെ ശബ്ദം തിരികേവിളിച്ചു.
കാലബോധം വീണ്ടെടുത്ത അവള്‍ വേഗം തന്‍റെ കയ്യിലെ ചില്ലുകഷണങ്ങള്‍ താഴെയെറിഞ്ഞു .
തൂവാലയില്‍ മുഖവും കൈകളും തുടച്ച് അവള്‍ ആള്‍ക്കൂട്ടത്തിന്‍റെ പിന്നിലേക്ക് മാറി .
അവളുടെ മനസ്സില്‍ ആശുപത്രികിടക്കയില്‍ തന്നെ കാണാനും , കൂടെ കൂട്ടാനും എത്തിയ മദറിന്‍റെ വാക്കുകള്‍ ആയിരുന്നു .
“മീനുട്ടി
…., മോള്‍ എല്ലാം മറക്കണം , ഈ വേദനയും , എല്ലാം ; ഇനി ഞാനാണ് നിന്‍റെ
അമ്മ ; നമുക്ക് ഒരു പുതിയ വീടുണ്ട് , അവിടെ നിനക്ക് കൂട്ടായി കുറെ
കുട്ട്യോളും.
അമ്മ മോള്‍ക്ക് ഒരു പുതിയ പെരിടട്ടെ, പുതിയ വീട്ടില്‍ പുതിയ പേര് ; വോള്‍ഗ “
വോള്‍ഗ
ചെറുതായി പുഞ്ചിരിച്ച് കൊണ്ട് റോഡിലൂടെ വേഗം നടന്നു , അന്ന് വേദനയിലും
മദറിനെ നോക്കി ചിരിച്ച അതേ പുഞ്ചിരി. വേദനയിലും പുഞ്ചിരിക്കാന്‍ അവള്‍ വളരെ
വേഗം പഠിച്ചിരിക്കുന്നു .
അപ്പോഴും മദറിന്‍റെ വാക്കുകള്‍ കാറ്റിനൊപ്പം അവളുടെ ചെവികളില്‍ അലയടിക്കുന്നുണ്ടായിരുന്നു
“മോള്‍ക്കറിയോ
വോള്‍ഗ ഒരു നദിയാണ് ; തൂവെള്ള സുന്ദരി നദി. നദികള്‍ എപ്പോഴും ചിരിച്ച് ,
കളിച്ച് ഒഴുകിക്കൊണ്ടിരിക്കും , അതില്‍ അഴുക്കുകള്‍ ഒന്നും ഉണ്ടാവില്ല “.
********************
Nidheesh Krishnan