Tuesday, June 12, 2012

പ്രാ൪ത്ഥിക്കുവാ൯ എല്ലാവ൪ക്കും ഓരോരോ കാരണങ്ങള്‍


മഹാ ജോത്സ്യനായ ശ്രീ. വെട്ടുകുഴി രായനവറുകള്‍ മോണിറ്ററില്‍ തെളിഞ്ഞ ബ്ലോഗില്‍ തന്‍റെ തവളക്കണ്ണുകള്‍ പുറത്തോട്ട് തള്ളി നോക്കി.....
ഹും...: അപ്പോ അതാണുപ്രശ്നം……” അറുപത് രൂപാ കടയിലെ ചൈനീസ് ബൊമ്മകണക്കെ ജോത്സ്യശിരോമണി തലയാട്ടാന്‍  തുടങ്ങി.....
ഹുമ്മോ....... തെളിച്ചുപറ ജോത്സ്യരേ.. ഏത് ഹുമ്മാ... ഹിന്ദിയിലെയാണേ ഹും മാത്രമല്ല ഹമ്മും, ഹോയും, ഹേയും എല്ലാം എനിക്ക് പ്രശ്നംതന്നാ...
എന്തോന്നടേ ഇത്....ങേ..!!’ എന്ന ഭാവത്തില്‍ ജോത്സ്യ൯ എന്നെ തുറിച്ചുനോക്കി
നിന്‍റെ ഈ ഒണക്ക, ലൊഡുക്ക് പേര്..... അതാണ് പ്രശ്നം.....ബ്ലോഗില്‍ ആളുകേറണമെങ്കി നിന്‍റെ പേര് മാറ്റി ഒന്നു ശ്രമിക്കണം....
ഇത്രയും നാള്‍ അഭിമാനമായി കൊണ്ടുനടന്ന എന്‍റെ പേരിനെ ദോണ്ടേ ഒരു ഡൂക്കിളി ജോത്സ്യ൯ കോഴികൂവുന്നതിന് മുമ്പേ രണ്ട് വട്ടം തള്ളിപ്പറയുന്നു..
ഡോ... രായണ്ണാ... ദോസ്യരേ..... ബഹുമാനം രണ്ട് ഇഞ്ച് കുറച്ച് ഞാ൯  കുറുക്കി വിളിച്ചു
അണ്ണ൯....; ചുമ്മാ...; കേന്തി....; തമാശ പറയാതെ.....; കാര്യം പറ..... ഞാ വാക്കുകള്‍ക്കിടയില്‍ പരമാവധി ഗ്യാപ്പിട്ട് കലിപ്പില്‍ പറഞ്ഞു
ഡേയ്... അനിയാ..... ജോത്സ്യന്‍റെ സൗണ്ടും ഇമ്മിണി മോശമായത് പോലെ
ബ്ലോഗില്‍ തോറ്റതിന് ജോത്സ്യന്‍റെ നെഞ്ചത്ത് കേറിയാലുണ്ടല്ലോ... വൃത്തികെട്ട കമന്‍റിട്ട് നാറ്റിച്ചു കളയും ങ്ഹാ...ഹ...ങ്... ജോത്സ്യ൯ എക്കോയിട്ട് ബ്രേക്കില്ലാതെ തുട൪ന്നു
ബ്ലോഗില്‍ ആളുകേറണമെങ്കി ആദ്യം വായികൊള്ളാത്ത ഒരു പേരിട്.... കുക്കുടാനന്ദ൯, ആലുംമൂട൯, വേലിചാടി, വാഴക്കൊലക്കള്ള൯ അങ്ങനെ...  മലയാളം ബ്ലോഗന്‍റെ അടിസ്ഥാന തൂലികാനാമ ഘടനയറിയാതെ ബ്ലോഗാ൯ നടക്കുന്നു....
ഹോ... അപാര ജ്ഞാനം..... അങ്ങൊരു ദിവ്യ൯ തന്നെ....
ഒരുപാട് തള്ളല്ലേനിയാ.... കായ് കൊടുത്തിട്ട് ഏര്യ വിട്.... ജോത്സ്യര് പിണക്കത്തില് തന്നെ
ജോത്സ്യരേ... ഈ പേര് മാറ്റ്വാന്നൊക്കെ വെച്ചാ.... വീട്ടില്‍ അപ്പച്ച൯ സമ്മതിക്കോന്നാ.... പിന്നെ എസ്.എസ്.എല്‍.സി. ബുക്കിലും........
എന്ത്.....!!!! ഡേയ്.... ചുമ്മാ പുളു തട്ടിവിടാതടേ.... എസ്.എല്‍.സി. ബുക്കേ.... നിനക്കേ... വടിവേലൂന്‍റെ കോമഡികണ്ട ഉത്തരേന്‍റ്യക്കാരനെപൊലെ എന്നെ നോക്കി ജോത്സ്യര് പുശ്ചിച്ച് ചിരിക്കുന്നു.
രായണ്ണാ... ദേ...; അമ്മച്ചിയാണേ.... ഒണ്ടണ്ണാ... നല്ല പുത്ത൯മണംമാറാത്ത ഇരുന്നൂറ്റിപ്പത്ത് മാ൪ക്കിന്‍റെ ഒരെണ്ണം.....
എവിടുന്നൊപ്പിച്ചെടേ.... ങേ..... കുന്നകുളമോ, ചിന്നക്കടയോ...
ജോത്സ്യരേന്നു വിളിച്ച വായ് വെറുതെ വളുപ്പിക്കല്ലേ…..”
ഇപ്പോപറഞ്ഞയിരിക്കട്ടെ.... നീയിനി പുറത്ത് വേറാരൊടും ബുക്കിന്‍റെ കാര്യം  പറയാ൯ നിക്കണ്ട... വ്യാജന്മാരെപ്പൊക്കാ൯ മന്ത്രീടെ ഓഡറുണ്ട് പറഞ്ഞേക്കാം..
ലങ്ങേര് വിടുന്ന ലക്ഷണമില്ല.... ഞാ ദയക്കായി നീട്ടി വിളിച്ചു...
ജോത്സ്യരു മാമാ..... മഞ്ഞിച്ച മുഖം കണ്ടാവണം ജോത്സ്യരു സബ്ജക്ട് മാറ്റി..
പേരുമാറ്റുന്നത് നിന്‍റെ ഇഷ്ടം... അപ്പനോട് ആലോചിച്ച്ചെയ്യ്... പൊ....
ഇത്ര്യേം പറഞ്ഞതല്ലേ... ഒന്നുരണ്ട് നല്ല പേരൂടെ.... ഞാ൯ തലചൊറിഞ്ഞു
ഈ സംഖ്യാശാസ്ത്രമൊക്കെ ജോത്സ്യര് വെള്ളക്കാപോലെ അമ്മാനമാടുമെന്ന് പുറത്തൊക്കെ ശുത്രിയുണ്ട്.... അതാ..... ഞാ൯ ഒരു കള്ളനെ പോലെ പാളിനോക്കി
ശല്യം.... ജോത്സ്യര് കണ്ണടച്ച് പിറുപിറുക്കുന്നു....
മനസില്‍ വെള്ളം വെച്ച് പിരാകുകയാകുമോ.... ഞാ൯ ശങ്കിച്ചു..
കണ്ണുതുറന്ന ജോത്സ്യര് ഒരു പേപ്പറില് എന്തോ കുത്തിക്കുറിച്ച് എന്‍റെ നേരേ നീട്ടി....
ഇതങ്ങ്ട് വാങ്വാ..., നോം... ഗണിച്ചെടുത്ത കുറച്ച് പേരുകളാണ്... നേരെയങ്ങ്ട് പോയി അഛന്‍റെ കൈകളിലേക്ക് കൊടുത്തിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് തരാ൯ പറയ്യ്കാ... ദക്ഷിണ സമ൪പ്പിച്ച് നമിച്ച് പോയ്ക്കൊള്ളൂ.. എല്ലാം നന്നായി വരും... നമ്മുടെ പ്രാ൪ത്ഥനയുണ്ടാവും..
ഒരു നിമിഷത്തേക്ക് രായ൯ജോത്സ്യര് രായ൯നമ്പൂരിയായിമാറി....
ഇതിനെയല്ലേ മോഹ൯ലാല് ഡ്യുവ
ല്‍ പേഴ്സണാലിറ്റിന്നോ, സ്യൂഡോ പേഴ്സണാലിറ്റി (പി സൈലന്‍റ്) എന്നോ പറഞ്ഞത്.. ആവോ...
മനസ്സ് നിറയേ പഴയപേരിനോടുള്ള വെറുപ്പും, പുതിയപേരിടാനുള്ള വെമ്പലുമായ് ഞാ൯ ഓടി.....
പറമ്പില്‍ കാച്ചില്‍ വള്ളിക്ക് താങ്ങ് കൊടുക്കുകയായിരുന്ന അഛന്‍റെ കൈകളിലേക്ക് പേപ്പറ് കൊടുത്തു...
ഫാാാാ.....ഒരാട്ടും... പിറകേ പിടലിക്കൊരു താങ്ങും
ഒരു വണ്ട് ചെവിയില്‍ നി൪ത്താതെ മൂളുന്നു.....
അടുത്ത വീട്ടിലെ തെങ്ങല്‍ നിന്ന് തേങ്ങ വീണെന്ന് കരുതി കൂടപ്പിറപ്പായ അടുപ്പിനേയും, അതിലെ തീയേയും കളഞ്ഞ് ഓടി വന്ന അമ്മ കണ്ടത് ചക്കപോലെ കിടക്കുന്ന സ്വന്തം മകനേയാണ്....
ദേ... മനുഷ്യാ... അയ്യോ.... നമ്മുടെ മോനിതെന്ത് പറ്റി....
കാശു മുടക്കി നാലക്ഷരം പടിപ്പിക്കാ൯ വിട്ടതിന്‍റെ ക്ഷീണമാ... അവനവിടെ കിടക്കട്ടെ നീ ഇതൊന്നു വായിച്ച് നോക്ക്...
അച്ഛ൯ കയ്യിലെ കടലാസ് അമ്മയ്ക്ക് കൊടുക്കുന്നത് ഗന്ധ൪വ്വ൯മാ൪ താലം കൈമാറുന്നപോലെ....; ഒരു മിന്നായം പോലെ ഞാ൯ കണ്ടു....
--ഗന്ധ൪വ്വമാ൪ താലം കൈമാറുന്ന സമയത്തെങ്ങാനും കണ്ടാല്‍ നീ ചോരതുപ്പി മരിക്കും--
പ്രശസ്തമായ ആ സിനിമാവാക്യം സത്യമാണെന്ന് തോനുന്നു... വായി
ല്‍ ചോര കിനിയുന്നു...
ദുഷ്ടാ സ്വന്തം അച്ഛനെയാണോടാ ഇങ്ങനെയൊക്കെ വിളിച്ചത്..... അമ്മ സീരിയലിലെ ഏഴുമണി യക്ഷിയെപ്പോലെ അലറി...
രംഗം വഷളാകുന്നത് മനസിലാക്കിയ ഞാ൯ ഞൊടിയിടയില്‍ പേപ്പ൪ കൈക്കലാക്കി ഒരു വള്ളപ്പാടകലെ നിന്ന് തുറന്നു നോക്കി...
ആസ്ഫുജിത്ത്, അപസ൪പ്പക൯, കൃച്ഛ്രകൃത്ത്, ഛേമണ്ഡ൯.....!!!!!!!!!!!!!’
ഞാ൯ കരഞ്ഞു പോയി... അരുത്... ജോത്സ്യരുമാമാ...അരുത്..... ഇമ്മാതിരി പേരുകള്‍ ശത്രുക്കള്‍ക്ക് പോലും  ഇട്ട് ദ്രോഹിക്കരുത്....
ഒടുവില് വളരെപണിപ്പെട്ട് മെമ്പ൪ രാധേച്ചിയുടെ മധ്യസ്ഥതയില് അച്ഛനേം അമ്മേം കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിച്ചു...
ഇവ൯ അപ്പനെ മാറ്റണമെന്ന് പറയും എന്നാ ഞാ൯ ധരിച്ചിരുന്നത്.. ഭാഗ്യം... അപ്പനിട്ട പേര് മാറ്റണമെന്നല്ലേ പറഞ്ഞോള്ളൂ... മു൯ജന്മസുകൃതം....
കുരുത്തംകെട്ടവ൯.... അങ്ങനെ മതിയെടാ അപ്പോപ്പിന്നെ എല്ലാ൪ക്കും നീയാണെന്ന് മനസിലായിക്കൊള്ളും....
എന്നാപിന്നെ അങ്ങനെ ആയാലോ ....
വേണ്ട ഇത്തിരി കഷ്ടപെട്ടയാലും ഒരു പേര് കണ്ടു പിടിക്കാം ...
അങ്ങനെ ഒരുപാട് തപ്പി നടന്നു കിട്ടിയ പേരാണ് ഇത് " അമൃതം ഗമയ "
ഇത് ഒരു പ്രാര്ത്ഥനയാണ് 'അമരത്വം ലഭിക്കുമാറാകണമേ' 'അനശ്വരം ആയിരിക്കേണമേ '   എന്ന്
' വാക്കുകള്‍ അനശ്വരമാണ് ......'
അപ്പോ ഇതാണ് ഈ പേരിന്‍റെ ഉല്‍പ്പത്തിരഹസ്യം....
പഴയ ബ്ലോഗില്‍ ഒരു തള്ളിക്കയറ്റം ഇല്ലാത്തതിനാല്‍ പഴയതിനെ പുതിയ കുപ്പിയിലാക്കിയൊരു പരീക്ഷണം,  
വിശ്വാസമല്ലേ എല്ലാം......
Nidheesh krishnan

4 comments:

  1. kolllaatttooo....

    ReplyDelete
    Replies
    1. @ Anonymous

      അഭിപ്രായത്തിന് നന്ദി .. ശരിക്കും Anonymous ആരാ

      Delete
  2. അതെയതെ, വിശ്വാസമല്ലേ എല്ലാം......
    നന്നായി, ട്ടോ

    ReplyDelete
  3. ആഹാ..അപ്പൊ അതാണ്‌ കാര്യം.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....