Monday, December 3, 2012

ബംഗാള്‍ ടൈഗര്‍

എന്‍റെയും  നിങ്ങളുടേം ഓര്‍മ്മ ശരിയാണെങ്കില്‍ ബംഗാള്‍ ടൈഗര്‍ ആണ് നമ്മുടെ ദേശിയ മൃഗം . ഇന്നലെ വയനാട്ടില്‍ നമ്മള്‍ വെടിവെച്ചിട്ടതും ബംഗാള്‍ ടൈഗറെ ആണ്; അതോ ബംഗാളില്‍ മാത്രം കാണുന്ന ടൈഗറിനെയാണോ  ബംഗാള്‍ ടൈഗര്‍ എന്നു പറയുന്നത് , അങ്ങനെയെങ്കില്‍ കുഴപ്പമില്ല നമ്മള്‍ വെടിവെച്ചിട്ടത് ഒരു ലോക്കല്‍ വയനാടന്‍ ടൈഗറിനെ    തന്നെ ; കൃഷിക്കാരെ , ഭൂവുടമകളെ , വളര്‍ത്തു മൃഗങ്ങളെ , സ്കൂള്‍ കുട്ടികളെ , എന്തിനേറെ ബസിനെ, കാറിനെ അങ്ങനെ കണ്ണില്‍ കണ്ടതിനെയെല്ലാം ഉപദ്രവിക്കുന്ന ഒരു അതിഭീകരന്‍ വയനാടന്‍ കടുവയെ.
ദേശീയ ചിഹ്നങ്ങളേയും , പ്രതീകങ്ങളേയും അപമാനിക്കുന്നതും ,  മോശമായി ചിത്രീകരിക്കുന്നതും നിയമ പ്രകാരം കുറ്റകരമാണ് എന്നിരിക്കേ ദേശീയ മൃഗമായ കടുവയെ കൊല്ലുന്നത് കുറ്റകരമല്ലേ !!. ഇത് ഗവണ്മെന്റ് നേരിട്ട് ചെയ്തത് കൊണ്ടാണോ കുറ്റകരമല്ലാതാവുന്നത്  ?
വന്യജീവി സംരക്ഷണ നിയമപ്രകാരം കടുവപോലെ വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളെ വേട്ടയാടി കൊല്ലുന്നത് കുറ്റകരവും കുറഞ്ഞത് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും (പിഴസംഖ്യ മരിച്ച കടുവയുടെ കുടുംബത്തിനായിരിക്കും) ഈടാക്കാവുന്ന കുറ്റവും ആണെന്നിരിക്കെ പകലും , രാത്രിയും നിറതോക്കുമായി മൂന്നു ഗ്രൂപ്പായി നാട്ടുകാരുടെ കൂട്ടത്തിന്‍റെ സഹായത്തോടെ പോലീസും , വനം വകുപ്പും , വെടിക്കാരും നടത്തിയ ഈ അക്രമം വേട്ടയാടല്‍ എന്ന 'കായിക വിനോദത്തിന്‍റെ ' ഭാഗമാകുകയില്ലേ ?
അതോ വയനാട്ടില്‍ ഒരു കടുവാ സങ്കേതം വരുന്നു എന്ന് കേട്ടത് കൊണ്ടുള്ള ഒരു മുന്‍കരുതല്‍ ആണോ ഇത് ?
ഇങ്ങനെ അഞ്ചോ പത്തോ ആടിനെ ഉപയോഗിച്ച് ബാക്കിയുള്ള കടുവകളെയും കൊന്നൊടുക്കിയാല്‍ പാവം റിസോര്‍ട്ട് മഫിയക്കോ , കയ്യേറ്റക്കാരനോ വയനാടിനെയും  , കാടിനെയും  വിറ്റും , കെട്ടിടം കെട്ടിയും കശാക്കാമല്ലോ .  അല്ലാതെ മനുഷ്യരെ നോക്കി വിരട്ടിയെന്നല്ലാതെ ഉപദ്രവിച്ചു എന്ന് ഒരു മാധ്യമത്തിലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ജീവിയെ ഇത്ര ആര്‍ഭാടമായി കൊല്ലാന്‍ വേറെ എന്താണ് പ്രേരണയായത് ?
എവിടേലും ഒരു മരംവെട്ടിയാലോ , കാക്കയെ വെടിവെച്ചാലോ ബഹളംവെക്കുന്ന കപട പരിസ്ഥിതിവാദിയില്‍ ഒരുവന്‍ എന്ന് ഇത് വായിക്കുന്ന ആര്‍ക്കേലും തോന്നിയാല്‍ സഹോദരാ ... ഈ മിണ്ടാപ്രാണികള്‍ക്കുവേണ്ടി ആരെങ്കില്ലും എവിടെയെങ്കിലും ഒഴിഞ്ഞകോണില്‍ ബഹളം കൂട്ടിക്കോട്ടേ ; അല്ലാതെ ഇത്തരം  ഗവന്മേന്റ്റ് , മാഫിയാ സംഘടിത ആക്രമണങ്ങളെ ചെറുക്കാന്‍ വളരെ ചെറിയ ഒരു കൂട്ടത്തിനു കഴിയില്ല . ഒരിക്കല്‍ നിങ്ങളും മനസിലാക്കും ഇവയുടെ വില,  അന്ന് ഈ മൃഗങ്ങളും കാടും കടകളില്‍ നിന്ന് വാങ്ങുന്ന ചിത്രങ്ങളില്‍ മാത്രമാകും ഉണ്ടാവുക .