Tuesday, November 27, 2012

ശ്വേതയുടെ പ്രസവവും സദാചാരചൊറിച്ചിലും



ചിത്രം കടപ്പാട് : ഗൂഗിള്‍
2011-ല്‍ ഐശ്വര്യ , 2012-ല്‍ ശ്വേത,  2013-ല്‍ ആരാണാവോ ? കഴിഞ്ഞ കുറേ ദിവസങ്ങളില്‍ നമ്മുടെ ചാനല്‍ - പ്രിന്‍റ്  - ബ്ലോഗ്‌  ഭാഗങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്ത ഈ പ്രസവ ചര്‍ച്ചയില്‍ ഞാനും ചേരട്ടെ . ഐശ്വര്യ നവംബര്‍ 11 ന് പ്രസവിക്കുമോ എന്ന ആകാംഷ ആയിരുന്നെങ്കില്‍, ശ്വേത പ്രസവിച്ചത് എല്ലാരേം കാണിക്കുമോ എന്ന ആകാംഷയാണ് കുറെ അഭിനവ സദാചാര വെളിച്ചപ്പാടുകളെ വാളെടുപ്പിക്കുന്നത് . ശ്വേത പ്രസവിച്ചത് ഷൂട്ട്‌ ചെയ്ത് ലോക്കറില്‍ വെച്ചതും സിനിമയുടെ റിലീസ് വൈകും എന്ന് കേട്ടതും ആയിരിക്കണം ഈ സദാചാരന്‍മാരെ  ചൊടിപ്പിച്ചത് ; ഇന്ന് കാണാം നാളെ കാണാം എന്ന് കരുതി ബാല്‍ക്കണി ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ ഒരുങ്ങി ഇരുന്നതാവണം കക്ഷികള്‍.
ഇല്ലെങ്കില്‍ ഹേ മനുഷ്യന്മാരെ ശ്വേത പ്രസവിച്ചാല്‍ എന്ത് , അത് കാണിച്ചാല്‍ എന്ത് . തന്‍റെ പ്രസവം കാണിക്കാം എന്ന് ധൈര്യമുള്ളത് കൊണ്ട് അവര്‍ അത് കാണിക്കുന്നു , അത് കാണണം എന്നുള്ളവര്‍ കാണുക ഇത് ലിബര്‍ട്ടി അല്ലേ സാറെ. ഷക്കീല , രേഷ്മ ... തുടങ്ങിയ ഒരുകൂട്ടം പെണ്ണുങ്ങള്‍ ഇതില്‍ കൂടുതല്‍ തുറന്നുകാണിച് കാശ് വാങ്ങിയ നാടാണിത്. ശ്വേത പ്രസവിക്കുന്നത് കാണിക്കുന്നു; മുന്‍പ് ഉണ്ടായിരുന്നവര്‍ പ്രേസവിക്കുന്നതിനു മുന്‍പുള്ളത് കാണിക്കുന്നു  ഇത് ലിബര്‍ട്ടി അല്ലേ ചേട്ടാ (പിന്നേം) . ഷക്കീലപ്പടം കാണിച്ച സിനിമാശാലകള്‍ ശ്വേതയുടെ പടം കാണിക്കില്ല എന്ന് പറയുമ്പോള്‍ ഓര്‍ക്കുക ഇത് മലയാള സിനിമയാണ് , നവതരംഗമെല്ലാം ഇന്നല്ലേല്‍ നാളെ തീരും വീണ്ടും ഏതേലും ഷക്കീല വേണം സിനിമാശാലകള്‍ നിറക്കാന്‍.
അല്‍പ്പം കൂടി ചിന്തിച്ചാല്‍ ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ഒരു സിനിമയില്‍ എന്താണ് എന്ന് പറയാന്‍ അതിന്‍റെ സംവിധായകന് അല്ലാതെ ആര്‍ക്ക് സാധിക്കും . തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരു നടന്‍ നഗ്നനായി വരുന്ന ഒരു ഭാഗം കാണിക്കാതെ സെന്‍സര്‍ ചെയ്ത ഈ നാട്ടില്‍ ഒരു നടിയുടെ എന്തൊക്കെയോ കാണിക്കും എന്ന് കരുതുന്ന വിഡ്ഢികള്‍ ആവുകയാണ് ആളുകള്‍. ബ്ലെസ്സിയെപ്പോലെ കഴിവുള്ള , തലയില്‍ ആള്‍താമസമുള്ള ഒരു സംവിധായ‍കന്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് കാത്തിരിക്കാനുള്ള സാവകാശംപോലും സദാചാരന്മാര്‍ക്ക് ഇല്ലാതായിരിക്കുന്നു .  
ശ്വേതയുടെ പ്രസവത്തെപറ്റി  നാലുവാക്ക് പറഞ്ഞില്ലേല്‍ നാണക്കേടാണ്,  പെണ്ണുമ്പിള്ള ആഹാരം തരില്ല എന്ന ഒരു അവസ്ഥ വന്നു തുടങ്ങിയിട്ടുണ്ട് . ബ്ലോഗ്‌ എഴുതുക , പത്രത്തില്‍ എഴുതുക തുടങ്ങിയ   മാര്‍ഗങ്ങളും സദാചാരന്മാര്‍ പിന്തുടരുന്നു . ഒരു പ്രസവം സിനിമയില്‍ കണ്ടാല്‍ തങ്ങളുടെ  ബ്രഹ്മചര്യമോ , ഏകഭാര്യാവൃതമോ തകരും എന്ന് കരുതുന്ന  ഭര്‍ത്താക്കന്മാരുണ്ട്  എന്ന് എനിക്ക്  തോനുന്നില്ല , കൂടാതെ പ്രസവിക്കുന്നത് കാണുമ്പോള്‍ മോശമായ ഒരു വികാരവും വരികയും ഇല്ല എന്ന് പ്രസവം കണ്ടിട്ടുള്ളവര്‍ക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു . ഒരു മിന്നിട്ടില്‍ താഴെയുള്ള ഒരു സീന്‍ ഇത്രയധികം കോലാഹലങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാട്ടില്‍ കൊച്ചു കുട്ടികള്‍ക്കുവരെ കിട്ടുന്ന രീതിയില്‍ നീലച്ചിത്രങ്ങള്‍ വഴിവക്കുകളില്‍പോലും  കിട്ടുന്നു എന്ന് സദാചാരന്മാര്‍ അറിഞ്ഞിരിക്കില്ലയോ ആവോ .
രാഷ്ട്രീയ സദാചാരന്മാരോട് : ഒരു സാധാരണ മലയാളിയെ സംബന്ധിച്ച് ശ്വേതയുടെ പ്രസവം അല്ല കാര്യം ഈ നാട്ടില്‍ ജീവിക്കാനുള്ള ഏതെങ്കിലും ഒരു നല്ല സാഹചര്യം ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചുതരൂ .

ഇത്തിരികൂടി : അമൃതാനന്ദമയിമഠത്തിന്‍റെ  ഒരു ചടങ്ങില്‍ വെച്ച് ശ്വേതയുടെ പ്രസവ സിനിമയുടെ കലാപം ഉയര്‍ത്തിയ രാഷ്ട്രീയ പ്രമുഖര്‍ , ലിബര്‍ട്ടിയോടെ വായ തുറന്ന സിനിമയുമായി ബന്ധമുള്ള സംഘടനാ പ്രമുഖന്‍ , മഹിളകളുടെ സംഘടനാ സാരഥികള്‍, ഞാന്‍ ബഹുമാനിക്കുന്ന ഇക്കാന്റെ ബ്ലോഗ്‌  തുടങ്ങിയ ആരെയും ഞാന്‍ മനസാ വാചാ കര്‍മണാ ഇതില്‍ പരാമര്‍ശിക്കുകയോ ഉദ്ധേശിക്കുകയോ ചെയ്യുന്നില്ല എന്ന് ബോധിപ്പിക്കുന്നു . (മഹാരാഷ്ട്രയിലെ പെണ്‍പിള്ളേരുടെ അവസ്ഥ വരരുതല്ലോ ; ഒരു വികാര തള്ളലില്‍ എഴുതിപ്പോയതാണ് ; ഇങ്ങ് ഒരു മൂലയില്‍ കവിതപോലെയോ, കഥപോലെയോ എന്തൊക്കെയോ കുത്തിക്കുറിച്ചു ഞാന്‍ കഴിഞ്ഞോളാം )