Sunday, May 3, 2009

സ്നേഹം

പട്ടു പാവടയണിഞ്ഞു, തീവണ്ടിക്കു പിറകെ ഓടിയ ആ പെണ്‍കുട്ടിയെ
എന്‍റെ ക്ലാസ്സില്‍വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ തെല്ലൊന്നു അതിശയിച്ചു!.
കൃഷ്ണ വര്‍ണമാണവള്‍ക്കു, മുടിയില്‍ തുളസിക്കതിര്‍ചൂടിയ, ചന്ദനക്കുറിയണിഞ്ഞ നാടന്‍ ചേലുള്ളപെണ്ണ്.
അവളുടെ കണ്ണുകളില്‍ ഒരായിരം കവിതകള്‍ ഉണ്ടായിരു‌ന്നു.........,
മുഖത്തെ ദുഖഭാവം മറക്കുന്ന, നുണക്കുഴികള്‍ വിരിയുന്ന പുഞ്ചിരി.
അവളിലെ നിഷ്കളങ്കതയും പ്രസന്നതയും അവളെ ഒരു ദേവതയെപോലെ തോന്നിച്ചു
എല്ലാവര്‍ക്കും എപ്പോഴും ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ ക്ലാസ്സില്‍ ഒരു ശലഭമായി പാറിനടന്നു.
ഞാനവളെ ദേവി എന്നുവിളിച്ചു.. അവളുടെ പേര് അതായിരുന്നില്ല എങ്കിലും.
ഒരേ തീവണ്ടിയില്‍ സ്ഥിരമായി യാത്രചെയ്യേണ്ടി വരുന്നതിനാല്‍, വളരെ വേഗത്തില്‍ അല്ലെങ്കിലും
ഞങ്ങള്‍ തമ്മില്‍ പരിചയത്തിലായി, കൂടുതല്‍ സംസാരിക്കാത്ത ആ ശ്രീത്വത്തെ, ആ മുഖത്തെ നിഷ്കളങ്കതയെ,
നൈര്‍മല്യത്തെ, ഞാന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.
എന്നും അവള്‍ കയറുന്ന സ്റ്റേഷന്‍ അടുക്കുമ്പോള്‍ അവള്‍ കയറുന്നുണ്ടോ എന്നു ഞാന്‍ ആകാംഷയോടെ നോക്കുമായിരുന്നു.
ഞങ്ങളുടെ സൗഹൃദം മെല്ലെ മെല്ലെ വളര്‍ന്നു,
തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരുപാടു കൂട്ടുകാരുണ്ടായി....
പയ്യെ പയ്യെ ഞങ്ങള്‍ എല്ലാവരും ഒരേ കംപാര്‍ട്ടുമെന്റ്റിലെ സ്ഥിരം യാത്രക്കാരായി മാറി.
കളിയും തമാശയുമായി, പാട്ടും ബഹളവുമായി ഞങ്ങളുടെ എല്ലാവരുടെയും സൌഹൃദങ്ങള്‍ പടര്‍ന്നു പൂവിട്ടു.
അവളുടെ തമാശകള്‍.......... പൊട്ടിച്ചിരികള്‍.......
പിണക്കങ്ങള്‍........ ചെറിയ വഴക്കുകള്‍..... സംസാരം.......
എന്‍റെ മനസ്സില്‍ അവള്‍ മെല്ലെ മെല്ലെ ചേക്കേറുകയായിരുന്നു..
യാത്രയിലെ ചിലനേരങ്ങളില്‍ ഞാന്‍ പരിസരം മറന്നു ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നത് കൂട്ടുകാര്‍ തമാശയില്‍ മൂടി,
ഞങ്ങള്‍ ഒറ്റക്കാകുന്ന നിമിഷങ്ങളില്‍, മൌനം ഞങ്ങള്ക്കിടയില്‍ വീര്‍പ്പുമുട്ടി....
ഒരുപാടു സംസാരിക്കണം എന്നു പലപ്പോഴും മനസ്സില്‍ ആഗ്രഹിച്ചിരുന്നു... പക്ഷെ;..കഴിഞ്ഞില്ല ..
അവളും അത് കൊതിച്ചിരുന്നു എന്നു തോനുന്നു........
ഞങ്ങളുടെ സൌഹൃദത്തെ കൂട്ടുകാര്‍ പലപ്പോഴും കളിയാക്കാന്‍ തുടങ്ങിയിരുന്നു..
അപ്പോഴും ദേവിയില്‍ ഭാവമാറ്റമോന്നും ഞാന്‍ കണ്ടില്ല..
അവള്‍ എന്നെ വിശ്വസിക്കുന്നതായി എനിക്ക് തോന്നി...
അവള്‍ക്കു എന്‍റെ സംരക്ഷണം വേണ്ടിവന്ന സമയത്തൊക്കെ, എന്‍റെ മനസ്സില്‍ അവള്‍ ഒരു കൊച്ചു കുട്ടിയായി മാറി....
എന്‍റെ സഹായം വേണ്ടി വരുമ്പോള്‍, എന്‍റെ വിചാരങ്ങള്‍ അംഗീകരിക്കപ്പെടുന്നതായി തോന്നി..
ഞാനറിയാതെ, എന്‍റെ മനസ്സില്‍ അവള്‍ സ്നേഹമായി, സന്തോഷമായി വളരുകയായിരുന്നു...
ഈതീവണ്ടിയാത്രകള്‍ അവസാനിക്കരുതെ എന്ന് ഞാന്‍ ആശിച്ചുപോയി....
അവളുടെ സാമീപ്യം ഞാന്‍ ആശിക്കുന്നത്പോലെ, എന്‍റെ സാമീപ്യവും അവള്‍ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി.
എല്ലാ ദിവസവും വൈകുന്നേരം വിടപറയുമ്പോള്‍ അവളുടെ മുഖത്ത് ഞാന്‍മാത്രം കണ്ടഭാവം അതായിരുന്നു.
മൂന്നുവര്‍ഷത്തെ സ്നേഹം, ജന്മാന്തരങ്ങളിലെതെന്നപോലെ തോന്നി, അങ്ങനെ ആയിമാറി....
ഞങ്ങളുടെ കോളേജ് ജീവിതം അവസാനിക്കാറായി.......
വേര്‍പാടിനെ കുറിച്ചുള്ള ചിന്തകള്‍ ഞങ്ങളില്‍ കാര്‍മേഘങ്ങളായി മാറി....,
ഒടുവില്‍ ആ ദിവസം വന്നെത്തി;
കോളേജിലെ പരിപാടികള്‍ കഴിഞ്ഞു ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും കടല്‍ത്തീരത്തേക്കു പോയി..
ഒരുപാടു നേരം എല്ലാവരും അവിടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും പങ്കുവെച്ചു....
ഒടുവില്‍ എല്ലാവരും പരസ്പരം വിടപറയുമ്പോള്‍.......
എനിക്ക് ദേവിയെ മാത്രം അഭിമുഖീകരിക്കാന്‍ പറ്റുന്നില്ല............,
അവളോട്‌ മിണ്ടാന്‍ സാദിക്കുന്നില്ല....
അവളുടെ മനസ് എനിക്ക് ആ മുഖത്തുനിന്നു അറിയാമായിരുന്നു....,
ഞാന്‍ അവളുടെ അടുത്തെത്തി..., പക്ഷെ വാക്കുകള്‍ ഞങ്ങളുടെ ഇടയില്‍ അകന്നു നിന്നു...
എത്ര സമയം അങ്ങനെ നിന്നു എന്നറിയില്ല, ഒടുവില്‍ കൂട്ടുകാര്‍ ആരോ അവളെ വിളിച്ചു...
ഒരു നിദ്രയില്‍ നിന്നെഴുന്നെറ്റ പോലെ അവള്‍ നടന്നു.....;
പലപ്പോഴും എന്നെ തിരിഞ്ഞു നോക്കി..
ഞാന്‍ ആ വേര്‍പാടിന്‍റെ വേദനയില്‍ നിശ്ചലമായി നിന്നു.
അന്നും ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു...;
തിവണ്ടിയുടെ ജാലകത്തിലൂടെ ഞങ്ങളെ പിന്നിലാക്കി പോകുന്ന വൃക്ഷങ്ങളെയും , വയലുകളേയും നോക്കി
പരസ്പരം ഒന്നും മിണ്ടാതെ.., തമ്മില്‍ ഒന്ന് നോക്കാന്‍ കൂടി സാധിക്കാതെ ……...
ഒടുവില്‍ അവള്‍ ഇറങ്ങുന്ന സ്റ്റേഷനില്‍ വെച്ചവള്‍ ചോദിച്ചു... ‘ഞാന്‍ പോകട്ടെ’
അവള്ക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ അവളുടെ വിറയാര്‍ന്ന അധരങ്ങള്‍ എന്നോട് ചോദിച്ചു... ‘ഞാന്‍ പോകട്ടെ’
എന്ത് പറയണം എന്നറിയാതെ വാക്കുകള്‍ക്കായി ഞാന്‍ പരതി ..
മെല്ലെ കൈകള്‍ വീശി അവളെ യാത്രയാക്കാനെ എനിക്ക് സാധിച്ചുള്ളൂ
എന്‍റെ കണ്ണുകള്‍ ഈറനണിയുന്നത് അവള്‍ കാണാതിരിക്കാന്‍ ഞാന്‍ ശ്രെദ്ധിച്ചു
അവള്‍ മെല്ലെ നടന്നു നീങ്ങി
ആ നടന്നു നീങ്ങുന്നത് എനിക്ക് ആരെല്ലാമോ ആയിരുന്നു.....
എന്‍റെ മനസ്സില്‍ അവള്‍ ഒരു കുട്ടിയായിരുന്നു... സ്നേഹിതയായിരുന്നു....
അതിനുമപ്പുറം.......................

വാല്‍ക്കഷ്ണം .
പിന്നെ ഞങ്ങള്‍ ആറെഴുതവണ വീണ്ടും കണ്ടു..
എന്‍റെ വിവാഹം ഞാന്‍ അവളെ അറിയിച്ചു... അവള്‍ വന്നു, പിന്നെ ......
അവളുടെ വിവാഹം.. അതെന്നെ അറിയിച്ചില്ല..!!!!!!.
ജോലിയും, ജീവിതവുമായി അവള്‍ തിരക്കിലേക്ക് നീങ്ങിയിരിക്കണം
വര്‍ഷങ്ങള്‍ക്കു ശേഷം ഈയടുത്ത് ദേവിയുടെ ഒരു ഫോണ്‍
ഒരുപാടു നാളുകള്‍ക്ക് ശേഷം ആ ശബ്ദം
അന്ന് അവള്‍ എന്നോട് അവിശ്യപെട്ട കാര്യം പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു
ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായി ഞാനവളോടു പറ്റില്ലെന്ന് പറഞ്ഞു.....

Thursday, March 19, 2009

‘സഹകുടിയ’ സ്മരണകള്‍ രണ്ടാം ഭാഗം

ഒരിക്കല്‍ ഓണം ആഘോഷിക്കാന്‍ ഞങ്ങള്‍ നാലു കൂട്ടുകാര്‍ കുട്ടനാട്ടില്‍ പോയി ........
ഉദ്ദേശം മറ്റൊന്നുമല്ല നല്ല നാടന്‍ കള്ള് കുടിക്കുക.... പുഴയില്‍ കുളിക്കുക.....
(-പുഴയുടെ മറുകരയില്‍ സ്ത്രീകള്‍ കുളിക്കുന്നെങ്കില്‍ അവിടുന്ന് മാറി വേറൊരിടത്ത് പോയി കുളിക്കുക(!!)-)
അങ്ങനെ ഒരു പിടി മോഹവുമായി പ്രകൃതി രമണീയമായ മങ്കൊമ്പില്‍ ഞങ്ങള്‍ എത്തി.....
മാഹിയെ ഓര്‍മിപ്പിക്കുന്നതരത്തില്‍ ബോര്‍ഡുകള്‍ വഴിയിലെങ്ങും- 'കള്ള്' 'കള്ള്'.... ഹായ് ഹയ്....!!!!
ആദ്യം കണ്ട ഷാപ്പില്‍ ചെന്നു....
‘ഗണപതിക്ക്‌ വെച്ചത് കാക്ക കൊണ്ടുപോയി....‘
ഷാപ്പ് അടച്ചിരിക്കുന്നു...... ഞങ്ങള്‍ അടുത്ത ഷാപ്പിലെക്കോടി.......
അതും അടച്ചിരിക്കുന്നു...!!!!
വീണ്ടും അടുത്തത്...............
അങ്ങനെ പത്ത്-ഇരുപത് മിനിറ്റു കൊണ്ട് ഷാപ്പായ ഷാപ്പെല്ലാം കയറി ഇറങ്ങി .....
ക്യാ ഫലം.....കള്ള് നഹി.......... ഷാപ്പെല്ലാം അടച്ചിരിക്കുന്നു...
"75 km യാത്ര ചെയ്താണ് ഇവിടെ എത്തിയത്.. കള്ളുകിട്ടിയില്ലേല്‍ ഞാന്‍ ഇവിടെകിടന്നു മരിക്കും"
കൂട്ടുകാരന്‍റെ ആത്മഗതം
അപ്പോളതാ അങ്ങകലെ ഒരു ബോര്‍ഡ്.....
st .ജോസഫ് പുണ്യാളന്‍റെ രൂപം കണ്ടപോലെ ഞങ്ങള്‍ മുട്ടുകാലില്‍ നിന്ന് നമിച്ചു...
BEVCO.(ബിവറേജസ് കോര്‍പറേഷന്‍റെ ഷോപ്പ് )
"കീഞ്ഞോ പാഞ്ഞോ" ഒരു നന്‍പന്‍ ഓടിത്തുടങ്ങി....
ഓടി അവിടെയെത്തിയപ്പോഴേക്കും... അതിനു മുന്‍പില്‍ ഒരു നോട്ടീസ്
.........."ചതയാഘോഷം ആയതിനാല്‍ ഇന്ന് അവധി"....!!!!!!!!!
എന്‍റെ കണ്ണ് നനഞ്ഞു പോയി..
ഇനിഎന്താണാവോ എന്നാലോചിച്ചു തളര്‍ന്നിരുന്ന ഞങ്ങളുടെ മുന്‍പില്‍ അതാ ഒരു ദൈവദൂതന്‍ ....
"ഒരു ലിറ്റര്‍ സാധനം ഉണ്ട്.. കാശ് ഇത്തിരി കൂടും... "
"നോ പ്രോബ്ലം" ഞങ്ങള്‍ സംഘഗാനം നടത്തി...
8pm- ഇരട്ടി കാശ് കൊടുത്തു വാങ്ങി.... ഇനി അടിക്കാനുള്ള സ്ഥലം വേണം...
ആരോ പറഞ്ഞിട്ടില്ലേ ദൈവം ഒരുപാടു മുകളിലല്ല എന്ന്... ഞങ്ങളുടെ കഷ്ടപ്പാട് ദൈവം കണ്ടു,
മങ്കൊമ്പില്‍ ചായ-ടച്ചിങ്സ്-സ്റ്റേഷനറി-കട നടത്തുന്ന ബാബു ചേട്ടന്‍...
ചേട്ടനും പറഞ്ഞു "നോ പ്രോബ്ലം" എന്‍റെ കടയിലിരിക്കാം ;
"പുറത്തെവിടെയെങ്കിലും ആയാല്‍ പോലീസ് ചെക്കിംഗ് ഉണ്ടാവും, വേറെ കടകളില്‍ ഒന്നും സമ്മതിക്കുകയുമില്ല.."
വെള്ളമടിക്കാന്‍ പറ്റിയ; ലക്ഷണമൊത്ത ഒരു കട, ടച്ചിങ്സ് എല്ലാം ഉണ്ട്,
വെറുതെ ഒരു തമാശക്ക് ചേട്ടനോട് ഞാന്‍ പറഞ്ഞു..."ചേട്ടനും ഇരുന്നോള് ഒരു കമ്പനിക്കു.."
പറഞ്ഞ നാവ് ഞാന്‍ അകത്തേക്കിട്ടു തീര്‍ന്നില്ല... അഞ്ച്‌ ഗ്ലാസ്സുമായി ചേട്ടന്‍ ഇരുന്നു....
ചിപ്സ്, കടല, അച്ചാര്‍, അവിയല്‍..... ഞങ്ങള്‍ ഒന്നും ഓര്‍ഡര്‍ ചെയ്യേണ്ടി വന്നില്ല....
രണ്ടു ഫുള്‍ ചിക്കന്‍; അതും അങ്ങേരു സ്വന്തം കടയില്‍; സ്വന്തം ഭാര്യയോടു; ഓര്‍ഡര്‍ ചെയ്തു....
ചിക്കന്‍ എണ്ണയില്‍ കിടന്നു ഓടുന്ന മണം വരുന്നു....
"ചിക്കനൂടെ എത്തിയിട്ട് തുടങ്ങാം അല്ലെ...!!!" കൂട്ടുകാരന്‍ പറഞ്ഞു...
"ഓ... എന്നതാന്നെ, നിങ്ങള്‍ ചിക്കന്‍ വന്നെച്ചു തുടങ്ങിയാല്‍ മതി, ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ പോകുവാ"
പറഞ്ഞത് മുഴുവിപ്പിക്കാതെ ചേട്ടന്‍ പണി തുടങ്ങി... 1.പെഗ് 2..പെഗ് 3...പെഗ് 4....പെഗ്.........
എന്‍റെ കണ്ണ് തള്ളി......
ഒരു കൂട്ടുകാരന്‍ നെഞ്ച്‌ തടവി തളര്‍ന്നിരുന്നു.....,
കല്യാണതലേന്ന് പെണോളിച്ചോടിയ വരനെ പോലെ ഒരാള്‍ അന്താളിച്ചിരിക്കുന്നു....
ഞാന്‍ ചേട്ടനെ തടഞ്ഞു "ചേട്ടാ........ ചിക്കന്‍ എത്തിയിട്ട് ഒരുമിച്ചു...."
"ഓ നോ പ്രോബ്ലം" വീണ്ടും അടുത്ത പെഗ്...
ചിക്കന്‍ വന്നപ്പോള്‍ 8pm, 4pm ആയി......
എല്ലാം ഊറ്റി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഓരോ പെഗ് കിട്ടി...!!!
ഞങ്ങള്‍ പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു....
അന്ന് കണികണ്ടവനെ ബാക്കി വന്ന സോഡാ വെച്ച് പ്രാകി.....
ബില്ലുമായി ചേച്ചി വന്നു...വെള്ളിടിവെട്ടിയവന്‍റെ തലയില്‍.... മുട്ടയേറ് നടന്നു.....
അന്ന് എന്‍റെ കൂട്ടുകാരുടെ (എന്‍റെയും!!!) കണ്ണില്‍ നിന്നും പൊടിച്ച കണ്ണീരു കണ്ടാല്‍, ചങ്ക് തളര്‍ന്നു പോകും..
ഒടുവില്‍ മനസ്സില്‍ ഒരായിരം മോഹങ്ങള്‍ ബാക്കി നിര്‍ത്തി
ഞങ്ങള്‍ കൊല്ലത്തേക്കുള്ള ബസ് കയറി..

Tuesday, March 17, 2009

‘സഹകുടിയ’ സ്മരണകള്‍ ഒന്നാം ഭാഗം.....

രുചിയുടെ വെത്യാസം കൊണ്ടും, പേരിന്‍റെ മനോഹാരിത കൊണ്ടും നമ്മുടെ നാട്ടിലെ വാറ്റിനെ
വെല്ലാന്‍ മറ്റൊന്നിനുമാവില്ല എന്നു ഒരു കുടിയന്‍ പറഞ്ഞത് ഓര്‍മവരുന്നു...(ചാരായത്തിന്‍റെ എന്നു പറഞ്ഞാലേ ഒരു സുഖമുള്ളൂ അല്ലെ!!!!)
മണവാട്ടി ,മൂലവെട്ടി ,ആനയെമയക്കി, കാര്‍ഗില്‍, മൂര്‍ഖന്‍.........
അങ്ങനെ എത്ര എത്ര പേരുകളില്‍ എത്ര എത്ര സാധനങ്ങള്‍ ..!!!!!
ഒരിക്കല്‍ ചേര്‍ത്തലയില്‍ വെച്ചാണ്‌ കാര്‍ഗില്‍ അടിക്കാനും, അനുഭവിക്കാനുമുള്ള അസുലഭ ഭാഗ്യം കിട്ടിയത് ...
സഹപാഠിയുടെ ചേച്ചിയുടെ കല്യാണത്തിനു പോയതാണ് ഞാനും എന്‍റെ ഒരു കൂട്ടുകാരനും,
കൂട്ടുകാരന്‍ എന്നു വെച്ചാല്‍ ഒരു ഒന്നൊന്നര കൂട്ടുകാരന്‍,
ദുഖം വരുമ്പോഴും, സന്തോഷം വരുമ്പോഴും, അസുഖം വരുമ്പോഴും വയറുനിറയെ ഭക്ഷണം കഴിക്കുന്ന ഒരു
'വലിയ (!!!) ' മനുഷന്‍;
എങ്കിലും പേര് വളരെ മൃധുലമാണ് 'മോന്‍കുട്ടന്‍',
മോങ്കു, എന്നു ചുരുക്കിയും, അല്‍പ്പം നാണത്തോടെയും വിളിക്കാം .
ഞങ്ങള്‍ നാലു ദിവസം മുന്‍പേ കല്യാണ വീട്ടില്‍ എത്തി...!!!, ചേര്‍ത്തല ടൌണില്‍ നിന്നൊരു ചെറിയ മാപ്പും
വാങ്ങി, വഴിയില്‍ നിന്ന അപ്പാപ്പന്‍മാരോടു ചോദിച്ച് ചേര്‍ത്തലയിലെ കള്ളുഷാപ്പുകള്‍, ബാറുകള്‍,
ബിവറേജസ് ഷോപ്പുകള്‍, മറ്റു നില്‍പ്പന്‍, വാറ്റ്‌ കേന്ദ്രങ്ങള്‍ എന്നിവ വെക്തമായി രേഖപ്പെടുത്തി ആണ് ഞങ്ങളുടെ യാത്ര.
ആദ്യ രണ്ടു ദിവസം ഷാപ്പില്‍ നിന്ന് കള്ളടിച്ചു കഴിഞ്ഞു ....
മൂന്നാം ദിവസം.......
ഇതിനകം തന്നെ നല്ല കൂട്ടുകാരായ, രണ്ടു ചേര്‍ത്തലക്കാരന്മാരും ഉണ്ടായിരുന്നു കൂട്ടിനു,
കഴിഞ്ഞ ജന്മത്തില്‍ ഒരു കുപ്പിയില്‍ നിന്നടിച്ച അത്ര ആത്മാര്‍ത്ഥത ..
രാവിലെ 9 മണിക്ക് ‘കാര്‍ഗില്‍’ അടിച്ചു തുടങ്ങി....
“വയറുനിറയെ കുടിക്കണം” അതാണ് തിരുമാനം
അടിക്കും തോറും ശരീരമാകെ ഒരു കോരിതരിച്ചില്‍, രെക്തം തിളക്കുന്നു....
1......
2......
3.......
31/2 കുപ്പി ആയപ്പോഴേക്കും ഞങ്ങള്‍ സുല്ലിട്ടു.....
അപ്പോള്‍ മോങ്കുവിനൊരു മോഹം അടുത്തുള്ള ഒരു മണല്‍കുന്നില്‍ കയറണം
‘അപ്പന്‍ പറയുന്നത് കേട്ടില്ലെങ്കിലും സഹകുടിയന്‍ പറയുന്ന കേള്‍ക്കണം’ എന്നല്ലേ..!!!
ഞങ്ങള്‍ ‘ഇഴഞ്ഞു ഇഴഞ്ഞു’ ആ കുന്നില്‍ എത്തി
ദാ...... വരുന്നു മോങ്കുവിനു പിന്നെയും ഒരു മോഹം!!!!!... കൂനയുടെ അപ്പുറം പോകണം ...
മറ്റൊരു സഹകുടിയന്‍റെ കമന്‍റ് "അപ്പുറം പാകിസ്ഥാനാണ്......"
പറഞ്ഞു തീരുന്നതിനു മുന്‍പുതന്നെ വിദഗ്ധനായ ഒരു പട്ടാളക്കാരനെ പോലെ മോങ്കു മണല്‍കൂന ഇഴഞ്ഞു കയറി മുകളിലെത്തി ...
മാമ്പോഴികുളത്തിലെ നീര്‍ക്കൊലിപോലും ആ ഇഴച്ചില്‍ കണ്ടു നാണിചിട്ടുണ്ടാവും
അവിടുന്ന് മോങ്കു സിംഹവാലനെ പോലെ താഴേക്ക്‌ ചാടി ..
അല്‍പ്പസമയം എങ്ങും നിശബ്ദത.........
ചാടിയവന്‍ ലാന്‍ഡ്‌ ചെയ്തില്ലേ .!!!!!
പെട്ടെന്ന് മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം.....,
എന്തൊക്കെയോ വീണുടയുന്നു......,
നിലവിളികള്‍...............
ഞങ്ങളും മോങ്കുവിന്‍റെ വഴിയെ ചാടി...
അപ്പുറം കണ്ട കാഴ്ച ഞങ്ങളുടെ ‘കെട്ടിറക്കി’ ..........
അടുത്ത വീട്ടിലെ വാഴകളെല്ലാം മുറിച്ചിട്ടിരിക്കുന്നു.... ‘കറിച്ചട്ടി’, ‘ചരുവം’, ‘കുടങ്ങള്‍’ എല്ലാം
പൊട്ടിച്ചു അതിനു മുകളില്‍ വിജയശ്രീലാളിതനായ ആനയെകണക്കെ മോങ്കു.....
'ഒരു പാക്കിസ്ഥാന്‍ ബങ്കര്‍ ഞാന്‍ തകര്‍ത്തു ഹ ഹ ഹ'...!!!!!!!!
“ഭഗവാനെ മോങ്കുവിനു പ്രാന്തായോ?”
ഏതോ ഭീകര ജീവിയെ കണ്ടപോലെ കണ്ണുമിഴിച്ചു നിക്കുന്നു ആ വീട്ടുകാര്‍ ..
മോങ്കു ഒട്ടും സമയം കളയാതെ അടുത്തവീട്ടിലേക്ക്.. ഇത്തവണ സൈക്കിള്‍, വാഴ, തുണികള്‍ എന്നിവയാണ് കയ്യില്‍ കിട്ടിയത്
ചുറ്റും ഈഡന്‍-ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം കാണാനെത്തിയ പോലുള്ള ജനകൂട്ടം
"ഡാ നിര്‍ത്തെടാ..." ഞാന്‍ അലറി!!!!!...
മോങ്കു നിര്‍നിമേഷനായി, ചിരിച്ചുകൊണ്ട് പറഞ്ഞു "ഇനിയുമുണ്ട് ബങ്കറുകള്‍"!!!!!!
അവന്‍ കുലുങ്ങി ചിരിക്കുന്നു...!!, ഭുമിയില്‍ അവനു മാത്രം പറ്റുന്ന തരത്തിലുള്ള ചിരി;
ശരീരത്തിലെ ഓരോ അണുവും ഇളക്കിയുള്ള ചിരി....
(ആ ചിരി എഴുതി ഫലിപ്പിക്കാന്‍ പറ്റില്ല അത്രക്കുണ്ട് പ്രത്യേകതകള്‍)
വീണ്ടും അവന്‍ അടുത്ത ബങ്കര്‍ ലക്ഷൃമാക്കി നീങ്ങി ....
നാട്ടിലെ തടിമാടന്മാരായ രണ്ടു ചേട്ടന്‍മാര്‍ മോങ്കുവിനെ ലക്ഷൃമാക്കി പാഞ്ഞു ...
.......ടപ്പേ....... ടമാര്‍!!!!!!!, ഡിഷും;;;;;;, പ്ലക്:::::: ഡിം......................
മോങ്കു വണ്ടി കയറി പൊട്ടിയ തവള കണക്കെ തറയില്‍ ....
"അവന്‍റെ ധൈര്യം ചോര്‍ന്നു പോകുന്നു" സഹകുടിയന്‍ പറഞ്ഞു...
സത്യമാണെന്ന് എനിക്കും തോന്നി മോങ്കുവിന്‍റെ പാന്റ്സും, അവന്‍ വീണിടവും നനഞ്ഞിരിക്കുന്നു!!!!!.
"ഭാരത് മാതാ കീ ജെയ്............അളിയാ................രക്ഷിക്കോ................" മോങ്കുവിന്‍റെ നിലവിളി
ഞങ്ങള്‍ അവനെ പൊക്കി എടുത്തു അവിടുന്ന് നൂറേ നൂറില്‍ വെച്ച് പിടിച്ചു ..
ഒരു കിലോമീറ്റര്‍ അപ്പുറം ഉള്ള ഒരു അമ്പലകുളത്തില്‍ ചാടി........
അപ്പോഴും മോങ്കു ചോദിച്ചു...... "പാക്കിസ്ഥാന്‍ പട്ടാളം പോയോ"!!!!!!!!!
പിന്നെ ആ കുളത്തില്‍ ഞങ്ങള്‍ രാത്രിവരെ വാളുവെച്ചു കളിച്ചു...
പഴശ്ശി, മാര്‍താണ്ഡവര്മ, അങ്ങനെ അങ്ങനെ എല്ലാ വീരന്‍മാരുടെയും വാളിനോട് കിടപിടിക്കുന്ന വാളുകള്‍
പരിപാവനമായ ആ ക്ഷേത്ര കുളത്തില്‍ വീണു......
രാത്രി ഇരുട്ടിയിട്ടാണ് ഞങ്ങള്‍ തിരിച്ചത്
അപ്പോഴേക്കും കല്യാണവീട്ടുകാര്‍ എല്ലാം പറഞ്ഞു കോംപ്രമൈസാക്കി
*******************************
മോങ്കുവുമായുള്ള കള്ളുകുടി അതോടെ നിര്‍ത്തും എന്ന് ഞാന്‍ അന്ന് ശപദം ചെയ്തതാണ്
പക്ഷെ സാഹചര്യത്തിന്‍റെ സമ്മര്‍ദം മൂലം വീണ്ടും കുടിക്കേണ്ടി വന്നു...
അന്നൊക്കെ ആരുടെയെങ്കിലും തല്ലും കൊള്ളേണ്ടി വന്നിട്ടുണ്ട്.......
ആരും തല്ലിയില്ലേല്‍ മോങ്കു എങ്കിലും തല്ലും അത് ഷുവര്‍

Thursday, March 12, 2009

സയന്‍സും എന്റെ പ്രണയവും

അച്ഛന്‍ വാങ്ങിത്തന്ന സയന്‍സ്‌ ബുക്കിന്റെ നടുവിലത്തെ താള്‍ കീറിയായിരുന്നു ഞാന്‍ അവള്‍ക്ക്‌ ആദ്യ പ്രണയലേഖനം കുറിച്ചത്‌।മനസിലുള്ളതെല്ലാം തുറന്നെഴുതാന്‍ താളുകള്‍ ഒട്ടേറെ വേണ്ടിവന്നു, ചുരുക്കിപ്പറഞ്ഞാല്‍ ന്യൂട്ടണും, പീരിയോടിക്ക്‌ ടേബിളും പടിക്ക്‌ പുറത്തായി..."വര്‍ഷാവസാന പരീക്ഷയടുത്തു, അടുത്തകൊല്ലം പത്താം ക്ലാസ്സാണ`" അപ്പന്റെ വക ഉപദേശം..... അപ്പോഴും ഞാന്‍ എഴുതുകയായിരുന്നു....എന്നെങ്കിലും അവ കൊടുക്കാം എന്ന പ്രതീക്ഷയില്‍...ഒടുവില്‍ ആ സുദിനം വന്നെത്തി...റിസള്‍ട്ട്‌.... ഡാര്‍വിനും, എന്‍സ്റ്റീനും, ചാഡ്വവിക്കും എന്നെനോക്കി കൊഞ്ഞണം കാണിച്ചു.അപ്പന്‍ എന്റെ പരാജയം കണ്ടുപിടിക്കാന്‍ അന്വേഷണകമ്മീഷനെ നിയമിച്ചു,ഒടുവില്‍ അമ്മ അത്‌ കണ്ടുപിടിച്ചു, 200 പേജിന്റെ സയന്‍സ്‌ ബുക്കില്‍ അവശേഷിച്ച 36 പേജുകള്‍ അമ്മ തെളിവായിസമര്‍പ്പിച്ചു.ഒരാഴ്ച്ചത്തെ അവധിക്കുശേഷം ശിക്ഷ പ്രഖ്യാപിച്ചു, "രണ്ട്‌ കൊല്ലത്തെ വനവാസം" (അമ്മാവന്റെ വീട്ടില്‍), കൂടാതെ നല്ലനടപ്പ്‌, പൊതുസേവനം (വാതത്തിന്റെ അസുഖമുള്ള അമ്മായിയെ സഹായിക്കല്‍).ഇത്തവണ ന്യൂട്ടണും കൂട്ടരും എന്നെ ശരിക്കും സഹായിച്ചു, പഴയകത്തുകള്‍ പേരുമാറ്റി ഞാന്‍ അമ്മാവന്റെ മകള്‍ക്കുകൊടുത്തു, അവളത്‌ അമ്മാവനും.അതോടെ വനവാസം അവസാനിച്ചു॥

പ്രണയം @ ഹരിത

ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ്‌ പാരലല്‍കോളേജ്‌ അധ്യാപകനായി നടക്കുന്ന സമയം ഹരിത എന്നൊരു കപ്യൂട്ടര്‍ സ്ഥാപനത്തില്‍ അധ്യാപകനായി ജോലികിട്ടി,പാരലല്‍കോളേജ്‌ പരിചയവുമായിചെന്ന എനിക്ക്‌ അവിടം ഒരു തരത്തിലുള്ള പ്രശനവും ഉണ്ടാക്കിയില്ല. (ഇടക്ക്‌ മറ്റൊന്ന് പറയട്ടെ വിദ്യാര്‍ത്ഥികളില്‍ 90% പെണ്‍കുട്ടികളായിരുന്നു,-വിവാഹിതരും, അവിവാഹിതരും-)അവരുടെയിടയില്‍ ഞാന്‍ അങ്ങനെ വിരാജിക്കുന്ന സമയം......ഒരു ദിവസം രാവിലെ രണ്ട്‌ പെണ്‍കുട്ടികള്‍ അഡ്മിഷനു വന്നു;തലയില്‍ തട്ടമിട്ട ഒരു മുസ്ലീം പെണ്‍കുട്ടിയും, കൂടെ മയില്‍പ്പീലി നിറമുള്ള ലാച്ച ധരിച്ച്‌, നനുത്ത, കുസൃതിയൊളിപ്പിച്ചപുഞ്ചിരിയുമായി ഒരു മധുരപ്പതിനെട്ടുകാരിയും..എന്റെ ആദ്യനോട്ടത്തില്‍ത്തന്നെ അവള്‍ പ്രണയിനിയായത്‌ ഞാനറിഞ്ഞു.പക്ഷെ; അവള്‍ അഡ്മിഷന്‍ എടുത്തില്ല, ഞാനെന്റെ കഴിവ്‌ മുഴുവന്‍ ഉപയോഗിച്ചുനോക്കി എന്നിട്ടും അവള്‍മടങ്ങി....അടുത്തദിവസം എന്നെ ഞെട്ടിച്ചുകൊണ്ടവള്‍ അഡ്മിഷനായെത്തി..പിന്നീടുള്ള ഓരോദിവസങ്ങളും എനിക്കോരോ വസന്തകാലമായിരുന്നു...അവളറിയാതെ ഞാന്‍ അവളുമായി പ്രണയത്തിലായി....എന്റെ നിദ്രയിലും, നിദ്രാവിഹീനമായ രാവുകളിലും അവളായിരുന്നുകൂട്ട്‌..എന്റെ കിനാവിലും, കനവിലും അവളായിരുന്നു നായിക..പലപ്പോഴും ക്ലാസ്സിലവള്‍മാത്രമേയുള്ളൂ എന്നെനിക്കുതോന്നി..രണ്ടുമാസത്തെ എന്റെ ഏകാന്തപ്രണയത്തിനുശേഷം എന്റെ മനസ്‌ അവളുടെമുന്‍പില്‍ പ്രകടിപ്പിക്കാന്‍ തീരുമാനിച്ചു.പിന്നീടുള്ള ക്ലാസുകളില്‍ എന്റെ കണ്ണുകള്‍ അവളോട്‌ കഥപറയാന്‍ തുടങ്ങി......എന്റെ അധരങ്ങള്‍, കൈകള്‍, കാലുകള്‍, കണ്ണുകള്‍ എല്ലാം അകലെനിന്ന് അവളോട്‌ സല്ലപിച്ചു....അവള്‍ കണ്ണുകളും, പുരികക്കൊടികളുംകൊണ്ട്‌ മറുപടി പറഞ്ഞപ്പോള്‍......അര്‍ത്ഥം മനസിലായില്ലെങ്കിലും ഞാന്‍ തരളിതനായി...........എന്റെ മനോരാജ്യലതകള്‍ പൂത്തുലഞ്ഞു...,എന്റെ ജീവിതമൂല്യങ്ങള്‍ക്ക്‌ പുതിയമാനംകൈവന്നു...,ഞാന്‍ പ്രണയവിവശനായി............എങ്കിലും കൂട്ടുകാരിയുടെ സാന്നിദ്ധ്യം സ്വകാര്യമായി മനസ്സ്‌ തുറക്കാനുള്ള എന്റെ മോഹങ്ങള്‍ക്ക്‌ വിലങ്ങുതടിയായിനിന്നു...വിശേഷങ്ങള്‍ ഇല്ലാത്ത ദിവസങ്ങളിലും, വിശേഷങ്ങള്‍ പറഞ്ഞ്‌ അവള്‍ക്ക്‌ സമ്മാനങ്ങള്‍ കൊടുക്കുക ഞാനൊരു പതിവാക്കി..അവളെനിക്കും പലപ്പോഴും വിലകൂടിയ മിഠായികള്‍ തരുമായിരുന്നു..വീണ്ടും ദിവസങ്ങള്‍ കടന്നുപോയി...അന്ന് ഒരുവെള്ളിഴായ്ച്ചയായിരുന്നുരാവിലെ പതിവിലേറെ സുന്ദരിയായി... സന്തോഷവതിയായി ഒറ്റക്കവള്‍ വന്നു...ഞാനെന്റെ മനസ്സ്‌ തുറക്കാനുള്ള ധൈര്യം സംഭരിച്ച്‌ അവളുടെ മുന്‍പിലെത്തി....വളരെ നാടകീയമായി ഞാനെന്റെ മനസ്സുതുറന്നു....പറഞ്ഞ്‌ മുഴുവിക്കുന്നതിനുമുന്‍പേ അവളുടെ മറുപടി വന്നു...."എന്താ സാറെ ഇങ്ങനെ.... ഞാനൊരുപാടുതവണ ആഗ്യം കാണിച്ചതല്ലെ ഞാന്‍ കല്ല്യണം കഴിച്ചതാണെന്ന്.....എന്നിട്ടും.....പിന്നെ ഇന്നെന്റെ രണ്ടാമത്‌ വിവാഹവാര്‍ഷികമാണ`..അടുത്തയാഴ്ച്ച ഇക്കാഗള്‍ഫീന്നുവരും... അതൊണ്ട്‌ ഞാന്‍ ഇന്നൂടെ ഉള്ളൂ....."ഞാന്‍ വീഴാതിരിക്കാന്‍ വാതിലില്‍ ബലമായിപിടിച്ചു..എനിക്ക്‌ കുറെ മിഠായികള്‍ തന്നിട്ടവള്‍ തിരികെപോയി......********പക്ഷെ എനിക്കറിയാം അവള്‍ എന്നെ സ്നേഹിച്ചിരുന്നു..

ഞാന്‍

കണ്ണാടിയില്‍ പ്രവാസത്തിന്‍റെ ബാക്കിപത്രമായി കണ്ട എന്‍റെ പ്രതിരൂപത്തെ ഞാന്‍ നോക്കിനിന്നു .
നീണ്ട 15-വര്‍ഷത്തെ പ്രവാസം എനിക്കുതന്നത് ഈ നരയും, ചുളിവുകളും മാത്രമായിരുന്നോ?
അല്ല..........എനിക്ക് ഇന്നുള്ളതെല്ലാം തന്നത് പ്രവാസം ആണ്.പക്ഷെ....കഴിഞ്ഞ 15 വര്‍ഷം ഞാന്‍
എന്‍റെ ജീവിതം.......,എന്‍റെ സന്തോഷങ്ങള്‍........, ആഗ്രഹങ്ങള്‍....... എല്ലാം നശിപ്പിക്കുകയയിരുന്നില്ലേ..?
കുടുംബത്തോടോത്ത് കഴിയേണ്ട ദിവസങ്ങള്‍........,മക്കളുടെ വളര്‍ച്ച അടുത്ത് നിന്ന് കാണേണ്ടിയിരുന്ന ദിവസങ്ങള്‍........,
ഭാര്യയോടും, മക്കളോടുമൊത്ത് സന്തോഷത്തോടെ കഴിയെണ്ടുന്ന ദിവസങ്ങള്‍....
എല്ലാം വെറും സുഖ,സൌകര്യത്തിനും കാശിനും വേണ്ടി നശിപ്പിച്ചു കളഞ്ഞ വിഡ്ഢി....
എനിക്ക് എന്നോട് തന്നെ എന്തൊക്കെയോ വിളിച്ചു പറയണമെന്ന് തോന്നി.....
"എനിക്ക് പുച്ചമാണ് തോന്നുന്നത് നിന്നോട്, മക്കളെ അടുത്ത് നിന്ന് സ്നേഹിക്കേണ്ട സമയത്ത് അവര്‍ക്ക്
അത്തരത്തില്‍ സ്നേഹം കൊടുക്കാതിരുന്ന നിന്നെ അവര്‍ എങ്ങനെ തിരിച്ചു സ്നേഹിക്കും "
ചിന്തിക്കുംതോറും തലയ്ക്കു ഭാരം കൂടുന്നപോലെ തോനുന്നു......ഞാന്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു ..
ചുറ്റും നിന്നവരെ എന്‍റെ കണ്ണുകള്‍ കാണുന്നില്ലേ...? വൃക്ഷങ്ങളെ ഓരോന്നായി ഞാന്‍ പിന്നിലാക്കി
ഒരു ചിരപരിചിതനെ പോലെ എന്‍റെ കാലുകള്‍ എന്നെ നയിച്ചു...
അതെ ഇടവഴികള്‍..!!! ഇപ്പോഴും ഒരു മാറ്റവുമില്ലാതെ....കൈതപ്പൂവിന്‍റെ മണം പരക്കുന്നുവോ..?
എന്‍റെ കാലുകള്‍ക്കു വേഗം കൂടുന്നു.......വഴിയരുകില്‍ ആ പാരിജാതം ഇപ്പോഴും പൂവിട്ടുനില്‍ക്കുന്നു
അവ എന്നെ തന്നെ നോക്കുന്നു......യാന്ത്രികമായ്‌ ഞാന്‍ അവയ്ക്ക് നേരെ നടന്നു....
വിടര്‍ന്നു തുടങ്ങാറായ ഒരു പൂവ് ഞാന്‍ പൊട്ടിച്ചെടുത്തു....അതെ; അതായിരുന്നു എന്‍റെ ശീലം..!!
പാതി വിടര്‍ന്ന പൂവ്........ അവയ്ക്ക് ഒരു ഭാവികാലം കാണും
ഭൂതകാലത്തില്‍ വിരിഞ്ഞു നറുമണം ഇല്ലാതെ നില്‍ക്കുന്ന പൂക്കളെ ഞാന്‍ പൊട്ടിക്കാറില്ലായിരുന്നു....
ഇടതു കൈ വെള്ളയില്‍ ഒരു നിധി സൂക്ഷിക്കുന്ന പോലെ ആ പൂവിനെ വെച്ചു....
അതിന്‍റെ നറുമണം പുറത്ത് പോകരുതെന്ന് ഞാന്‍ ആശിച്ചു ...
ഇടവഴിയുടെ അവസാനം കാവ് കാണാറായി....
പിച്ചിയും, മുല്ലയും, ഇലഞ്ഞിയും, പാലയും, അരളിയും,കൂവളവും പൂക്കുന്ന ആ കാവ്..
ഇലഞ്ഞിപൂവിന്‍റെ നറുമണം.... എല്ലാം അത് പോലെത്തന്നെ ഇപ്പോഴും....
ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നില്‍ക്കുന്നപോലെ തോന്നി....
നിലത്ത് കൊഴിഞ്ഞു വീണ പൂക്കളില്‍ ചവിട്ടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു....
അതും എന്‍റെ ശീലം ആയിരുന്നു ..
കാവിന്‍റെ മധ്യത്തിലുള്ള കുളത്തിന്‍റെ അരികിലേക്ക് ഞാന്‍ നടന്നു..
സമയം കൊഴിഞ്ഞു വീഴുന്നു ..
എന്‍റെ കാതുകള്‍ ഏതോ പ്രതീക്ഷയോടെ ശ്രെവിച്ചു...
ഇളം കാറ്റു നറുമണവുമായി എന്നെ വട്ടം ചുറ്റി......സമയം പിറകോട്ടു നിങ്ങുന്നുവോ...?
അതെ...!!!!!!! ഒരു പദനിസ്വനം......
എന്‍റെ ഹൃദയം വിങ്ങുന്നു.....കൈകള്‍ വിറക്കുന്നുണ്ടോ?
എന്‍റെ അരികില്‍ ആ പാദസ്വരം നിശബ്ധമായി......പ്രകൃതി നിശ്ചലമായപോലെ......കിളികള്‍ കരയുന്നില്ലേ.....
നീണ്ട കുറെ വര്‍ഷങ്ങള്‍ക്കു ശേഷം..........നിശബ്ധതയെ നോവിക്കാതെ ആ ശബ്ധം......!!!!!
"ഞാന്‍ അറിഞ്ഞു വന്നകാര്യം, കാണാന്‍ പറ്റുമെന്ന് കരുതിയില്ല ..
കഴിയുമെങ്കില്‍ ഇവിടെ ഒരിക്കല്‍ കൂടി വരാതിരിക്കാന്‍ നോക്കണം....ഇവിടം എന്‍റെ സ്വൊകാര്യതയാണ്...."
പാരിജാതം എന്‍റെ കയ്യില്‍ ഇരുന്നു നീറി.......
ഒന്ന് നോക്കുവാനുള്ള ധൈര്യം എന്നില്‍ നഷ്ടമയിരിക്കുന്നോ....നാവ് തളര്‍ന്നപോലെ....
പദമണികള്‍ വീണ്ടും ചിരിക്കുന്നു....ഞാന്‍ വേഗം തിരിഞ്ഞു നോക്കി.....അവള്‍ നടന്നകലുകയാണ് .....
ആ സീമന്തരേഖക്ക് നിറങ്ങള്‍ ഇപ്പോഴും അന്യമായിരിക്കുന്നോ.....?
അല്ല........അല്ല........എന്‍റെ തോന്നലാണ് അത്....