Tuesday, March 5, 2013

നഗ്നര്‍


ഓടുകയാണ്...
വേനലുകൊന്ന കുളങ്ങളിലൂടെ, വെള്ളംവറ്റിയ ഞരമ്പുകളിലൂടെ, കണ്ണുനീര്‍വീണ് വിണ്ടുകീറിയപാടങ്ങളിലൂടെ കൈകള്‍ ഉയര്‍ത്തി ഭഗവാന്‍.. ഭഗവാന്‍... എന്നലമുറയിട്ട് വെള്ളംകിട്ടാതെ മരിച്ച കാളക്കുപകരം നിലമുഴുന്നവനും, ചെളികിട്ടാതലഞ്ഞ കൊശവനും, പേറെടുപ്പ് നിര്‍ത്തിയ പതിച്ചിയും, ചാവുകാത്തുകിടന്ന പന്നിയും, പാമ്പും ഓടുകയാണ്; കലപ്പയും, ഉലക്കയും, മുറത്തിലെ അവസാന ധാന്യമണിയും വലിച്ചെറിഞ്ഞ് ഗ്രാമം മുഴുവന്‍ ഓടുകയാണ്.

കുടിനീരുതേടി ആഴ്ന്നിറങ്ങി നിരാശബാധിച്ച്, വേരുകള്‍ദ്രവിച്ച   മരങ്ങള്‍ ജനങ്ങളുടെ കാലടികളുയര്‍ത്തിയ പ്രകമ്പനങ്ങളില്‍ കടപുഴകിവീണു.
ഉണങ്ങിവരണ്ട ശവശരീരങ്ങള്‍ ഉപേക്ഷിച്ച് കഴുകന്മാര്‍ ഭയപ്പാടില്‍ പാറകൂട്ടങ്ങള്‍ ലക്ഷ്യമാക്കി പറന്നകന്നു.

പുറത്തെ ആരവങ്ങള്‍ കേട്ടാണ് ശ്രീകോവിലില്‍ ഇതിഹാസങ്ങളിലെദൈവം  ഉറക്കമുണര്‍ന്നത്.
യുഗങ്ങളായി തുടരുന്ന ദീര്‍ഘമായ നിദ്ര മുടങ്ങിയ ഈര്‍ഷയോടെ കണ്ണുതുറന്ന ദൈവം പുറത്തെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു.

എന്തിനാവും ഈ കോലാഹലങ്ങള്‍?
തന്നെ ഉണര്‍ത്തി സമൃദ്ധമായ തോട്ടത്തിലെ ആദ്യവിളവോ, പൂജയോ സമര്‍പ്പിക്കാന്‍ വരുന്ന കര്‍ഷകരാവുമോ?

ദൈവം സുസ്മേരവദനനായി അല്‍പ്പനേരം കാത്തിരുന്നു.   

ഇല്ല, സുഗന്ധം പരത്തുന്ന അരളിപ്പൂക്കള്‍ ക്ഷേത്രത്തില്‍  ആരും കൊണ്ടുവന്നതായി തോനുന്നില്ല; തിടപ്പള്ളിയില്‍ പായസത്തില്‍ പശുവിന്‍നെയ്യ് ചേര്‍ക്കുന്ന നറുംമണവും വരുന്നില്ല.
തന്‍റെ ദീര്‍ഘമായ നിദ്ര, ബോധമണ്ഡലത്തെ ബാധിച്ചോ എന്ന് ദൈവത്തിന് സംശയമായി.
ആകാംക്ഷയോടെ ദൈവം പുറത്തെ ശബ്ദത്തിനായി കാതോര്‍ത്തു.

പുറത്ത് ജനക്കൂട്ടം ആര്‍ത്ത് വിളിക്കുന്നു ' ജയ്‌ ഭഗവാന്‍ ...ജയ്‌ ഭഗവാന്‍'.

വിളയും, കളയും കിളിര്‍ക്കാത്ത വയലുകള്‍ക്കപ്പുറം പാറക്കൂട്ടങ്ങള്‍ അതേറ്റുവിളിച്ചു.

ദൈവം പുഞ്ചിരിച്ചു. ജനങ്ങള്‍ എത്ര കഠിനഭക്തരാണ്; വെയില്‍ താഴ്ന്ന്  തുടങ്ങിയിട്ടേ ഉണ്ടാവൂ. എന്നിട്ടും ഭക്തിയുടെ കാഠിന്യംമൂലം അവര്‍ എത്ര ശബ്ദത്തിലാണ് തന്നെ സ്തുതിക്കുന്നത് . ദൈവത്തിനവരോട് അലിവുതോന്നി .

"വറുതികള്‍ തീര്‍ക്കാനായി; വരള്‍ച്ച മാറ്റാനായി നമ്മുടെ നാടിനേയും, നാട്ടാരേയും  അനുഗ്രഹിക്കാനായി സംപൂജ്യ സത്യഭഗവാന്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇവിടെ എത്തിച്ചേരുന്നതായിരിക്കും "

ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയ വാക്കുകളില്‍ ശ്രീകോവിലില്‍ ഇരുന്ന് ദൈവം ഞെട്ടിത്തരിച്ചു .

'സത്യഭഗവാന്‍....! അപ്പോള്‍ താന്‍ ആരാണ്; താന്‍ സത്യമല്ലെന്നോ?' തന്‍റെ അസ്ഥിത്വത്തില്‍ ദൈവത്തിനുതന്നെ സംശയം തോന്നി .
എന്താണ് ഇനി സംഭവിക്കുക; ആരാണ് വരുന്നത്; ദൈവം ആകാംക്ഷയോടെ കാതോര്‍ത്തു.

സൂര്യനെ മൂടുന്ന ധൂളീപടലമുയര്‍ത്തി ദൂരേദിക്കില്‍നിന്നും വാഹനങ്ങള്‍ അടുത്ത് വരുന്നു. 
ജനങ്ങളുടെ ആരവങ്ങള്‍ ഉച്ചത്തിലായി.  
ആര്‍പ്പുവിളികള്‍ ഊഷരഭൂമിയിലെ വിള്ളലുകളിലൂടെ പാതാളത്തില്‍ത്തട്ടി പ്രതിധ്വനിച്ചു.
പ്രതിധ്വനിയില്‍ വിറച്ച ദൈവം എന്താണ് സംഭവിക്കുക എന്നറിയാന്‍ മെല്ലെ എഴുന്നേറ്റു.

നിമിഷങ്ങള്‍ക്കകം ജനങ്ങള്‍ നിശബ്ദമായി. അവരുടെ ഓരോ നിശ്വാസവും ദൈവത്തിന് കേള്‍ക്കുവാന്‍ സാധിക്കുന്നുണ്ട് .
അവര്‍ ആരുടെയോ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണെന്ന് ദൈവത്തിന് തോന്നി.

പുറത്ത് ഉച്ചഭാഷിണിയിലൂടെ ഭഗവാന്‍  സ്വര്‍ഗ്ഗീയഭാഷയില്‍ സംസാരിച്ച് തുടങ്ങി.

"സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച :"

അല്‍പ്പസമയത്തിനുശേഷം ഭഗവാന്‍റെ വാക്കുകള്‍ ശിഷ്യന്‍ സാധാരണക്കാരനെ പറഞ്ഞ്  മനസിലാക്കി

“ഭക്തരേ നിങ്ങള്‍ സര്‍വ്വവും ത്യജിക്കുക, നിങ്ങളുടെ ധനവും ധാന്യവും  എനിക്കായി ത്യജിക്കുക. എന്നില്‍ ശരണം പ്രാപിക്കുക, ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട് “

ദൈവം അത്ഭുതപരതന്ത്രനായി. ‘താന്‍ പറഞ്ഞ വാക്കുകള്‍; എന്നാണെന്ന് കൃത്യമായി ഓര്‍മ്മവരുന്നില്ല‍ പക്ഷെ അത് ഇങ്ങനെയാണോ ജനം മനസിലാക്കിയത് ?’.

ജനങ്ങളെ രക്ഷിക്കാന്‍ മറ്റൊരാള്‍!,  ഇനി ഏതെങ്കിലും അവതാരമായിരിക്കുമോ?
എങ്ങനെയും പുറത്തുകടന്ന് ആ രക്ഷകനെ കാണണം .

ശ്രീകോവിലിന്‍റെ വാതില്‍ മെല്ലെത്തുറന്ന ദൈവം ക്ഷേത്രത്തിന് പുറത്തെ ജനസാഗരം കണ്ട് അത്ഭുതംകൂറി.

ദാരിദ്രം മുറ്റി രേഖകള്‍ മാഞ്ഞ കൈകള്‍ നോക്കി ജനങ്ങള്‍ തമ്മില്‍ ചോദിച്ചു "എന്ത് ത്യജിക്കും?”
അവര്‍ തിരികെ വീടുകളിലേക്ക് ഓടി.
ഭൂതകാലത്തെ ജീവനുള്ളതാക്കിയ പച്ചപ്പായിരുന്നു അവരുടെ മനസ്സുനിറയെ, കണ്ണുകളില്‍ കരിഞ്ഞുണങ്ങിയ, കരിവാളിച്ചഭൂമിയും.

ത്യജിക്കണം, എല്ലാം ത്യജിക്കണം; ഭഗവാനെ പ്രീതിപ്പെടുത്തണം.
അവര്‍ ജീവനോടെശേഷിച്ച പശുക്കളേയും, കോഴികളേയും, പന്നികളേയും, കുഞ്ഞുവയറുകളുടെ നിലവിളിയകറ്റാന്‍ ഉടുതുണിയില്‍ക്കെട്ടിവെച്ച ധാന്യങ്ങളും മതിവരാതെ തങ്ങളുടെ ഉടുവസ്ത്രങ്ങളും ഭഗവാനായി ത്യജിച്ചു .

നഗ്നരായഭക്തര്‍ ത്യജിച്ച വസ്തുക്കള്‍ ഭഗവാന്‍റെ ശിഷ്യര്‍ വാഹനങ്ങളില്‍ കയറ്റിവെച്ചു .

ഒരു അണുവിടപോലും മുന്നോട്ട് പോകുവാനാകാതെ ദൈവം ജനക്കൂട്ടത്തിന് പിന്നിലൂടെ തലങ്ങും വിലങ്ങും നടന്നു .  തിരക്കുമൂലം ദൂരത്തെ ഭഗവാനെ കാണാന്‍ സാധിക്കുന്നില്ല .

പെട്ടെന്ന് ദൈവത്തിന് ഒരുപായം തോന്നി; ക്ഷേത്രമുറ്റത്തെ ആല്‍മരത്തിലെ മുകളിലെ ശാഖയില്‍ ദൈവം കയറിപറ്റി .
പണ്ടൊരിക്കല്‍ ദൈവം കുളിക്കാന്‍പോയ പെണ്ണുങ്ങളുടെ തുണിമോഷ്ടിച്ചു ആല്‍മരത്തില്‍ കയറിയകഥകേട്ട ഓര്‍മ്മയില്‍ ആല്‍മരം നാണംകൊണ്ട് ചില്ലകള്‍ വളച്ചു.

ഭഗവാന്‍റെ അപദാനങ്ങള്‍ വാഴ്ത്താനായി ഒരു ശിഷ്യന്‍ ഉയര്‍ന്ന പീഠത്തില്‍ കയറി ക്ഷേത്രത്തിലേക്ക് നോക്കി പറഞ്ഞു, "ഇവിടെ ഒരു ഭഗവാനേ സത്യമായുള്ളൂ ; അത് ഈ സത്യഭഗവാന്‍ ആകുന്നു . സംശയമുള്ളവര്‍ തിരിഞ്ഞു നോക്കൂ "

ജനക്കൂട്ടത്തിന് പിറകില്‍ നിന്നവന്‍ വിളിച്ചു പറഞ്ഞു 'ശ്രീകോവിലില്‍ ദൈവം ഇല്ല … ദൈവത്തെ കാണുന്നില്ല...'

ജനങ്ങള്‍ തിരിഞ്ഞുനോക്കി; ഭക്തി ഒരു ഭ്രമമായി വസൂരിപോലെ പടര്‍ന്നു. അവര്‍ അലറിവിളിച്ചു "ജയ്‌ ഭഗവാന്‍"

"അല്ല... അതല്ല ദൈവം ഞാനാണ്‌ ദൈവം. എന്നെ സൃഷ്ടിച്ച പുണ്യഗ്രന്ഥങ്ങള്‍ പറയുന്നു ഞാനാണ്‌ ദൈവം. നിങ്ങള്‍ എന്നെയാണ് പൂജിക്കേണ്ടത്. " ആലിന്‍റെ മുകളിലിരുന്ന്‍ ഇരുന്ന് ദൈവം വിളിച്ചു പറഞ്ഞു.

നിലനില്‍പ്പിനുവേണ്ടിയുള്ള ദൈവത്തിന്‍റെ വാക്കുകള്‍ ഏറ്റുപറയാന്‍ വിളറിവെളുത്ത പാറക്കൂട്ടങ്ങള്‍പോലും മടിച്ചു. കരിഞ്ഞുണങ്ങിയ കരിമ്പനകള്‍ക്ക് മുകളിലിരുന്ന്  മറുതയും, മാടനും ആ നിസഹായ ശബ്ദംകേട്ട് പൊട്ടിച്ചിരിച്ചു.

ഭഗവാന്‍ കൈകള്‍ ഉയര്‍ത്തി ജനങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചു.

കോപം പൂണ്ട ദൈവം താന്‍ ഇരുന്ന ആല്‍മരത്തിന്‍റെ  ഒരു ചെറുശാഖ ഒടിച്ചെടുത്ത് ഭഗവാനെ എറിഞ്ഞു .
തന്‍റെ കൈകളില്‍ വീണ ആല്‍മരത്തിന്‍റെ ശാഖ ഉയര്‍ത്തി ഭഗവാന്‍ പറഞ്ഞു "ഭക്തരേ... നിങ്ങള്‍ കാണുന്നില്ലേ, ത്രിമൂര്‍ത്തികളുടെ പ്രതീകമായ ആല്‍മരം പോലും ചില്ലകള്‍ കൊഴിച്ച് എന്നോട് ആശീര്‍വാദം ചോദിക്കുന്നു." തുടര്‍ന്ന് ഭഗവാന്‍ കൈകളുയര്‍ത്തി ആല്‍മരത്തേയും അനുഗ്രഹിച്ചു.

അന്ധാളിപ്പില്‍ പിടിവിട്ട ദൈവം ശാഖകളും ഇലകളും കൊഴിച്ച് ആല്‍മരത്തില്‍നിന്നും താഴെ വീണു .

ജനങ്ങള്‍ ഭഗവാന് സ്തുതിഗാനങ്ങള്‍ പാടി  ദൈവത്തിന്‍റെ പുറത്ത് നൃത്തം ചവിട്ടി. അവരുടെ കാലടികള്‍ക്കടിയില്‍പ്പെട്ട് വേദങ്ങള്‍ കീറിമുറിഞ്ഞു .

അത്യധികം ഹൃദയവേദനയോടെ ദൈവം ശ്രീകോവിലില്‍ കയറി   വിഷാദത്തോടെ കതകുകള്‍  മേല്ലെയടച്ചു.

അപ്പോഴേക്കും ഭഗവാന്‍ വാഹനത്തില്‍ പുറപ്പെട്ടിരുന്നു .
പുറകില്‍ നിന്നവന്‍ വീണ്ടും വിളിച്ചു പറഞ്ഞു "ശ്രീ കോവില്‍ തനിയേ അടഞ്ഞു "
“ഭഗവാന്‍..... ഭഗവാന്‍......”
മതിഭ്രമം ബാധിച്ച ജനങ്ങള്‍  ഭഗവാന്‍റെ വാഹനം പോയഭാഗത്തേക്ക്  നഗ്നരായി ഓടി .

കോരിച്ചൊരിയുന്ന ഒരു മഴയുടെ ഇരമ്പലിനായി കാതോര്‍ത്ത് ദൈവം ശ്രീകോവിലിലെ ഇരുട്ടില്‍ മിഴിപൂട്ടിയിരുന്നു.**********************************

Nidheesh Krishnan