Monday, December 31, 2012

പ്രതിഫലനം


പൂക്കള്‍ തിരസ്കരിച്ച നിറത്തിലാണ്
അവയുടെ  സൗന്ദര്യം
കാരണം
പ്രതിഫലിപ്പിക്കുന്ന നിറത്തിലാണത്രേ
നാം കാണുന്നത് ....


ചിത്രം : (comments16)

Monday, December 10, 2012

പൊങ്കാല കഴിഞ്ഞു ഇനി സപ്താഹം



സഖാക്കളെ കഴിഞ്ഞ ആഴ്ച നമ്മള്‍ സംഘടിപ്പിച്ച ഓള്‍ കേരളാ പൊങ്കാല മഹോത്സവത്തെ സംബന്ധിച്ച് ചില അധമ ചിന്താഗതിയുള്ള മാധ്യമ സിന്റിക്കേറ്റ് പടച്ചുവിടുന്ന വലതുപക്ഷ മണുകൊണാഞ്ചന്‍ ആരോപണങ്ങളെ തള്ളിക്കളയാന്‍ കേരളത്തിലെ മുതിര്‍ന്ന സഖാവ് നല്‍കുന്ന രാഷ്ട്രീയ വിശദീകരണമാണ് ചുവടെ ചേര്‍ക്കുന്നത് . സഖാക്കളെല്ലാം ഇത് വായിച്ച് ആരോപണശരങ്ങളുടെ മുനയോടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

സഖാക്കളെ

നമ്മള്‍ എത്രത്തോളം മുന്നോക്കപരമായ് ചിന്തിക്കുന്നു എന്നതിന് തെളിവാണ് തെറ്റ്ചെയ്താല്‍ തിരുത്തുന്നു എന്നത്; അത്  സൈദ്ധാന്തികപരമായാലും, ആശയപരമായാലും , രാഷ്ട്രീയപരമായാലും തെറ്റ് ചെയ്തോ, നമ്മള്‍ തിരുത്തും . ചെയ്ത  തെറ്റ് തിരുത്താന്‍      പത്ത് ഇരുപത് വര്‍ഷം ചിലപ്പോള്‍ എടുത്തെന്ന് വരും , അത്  ബൂര്‍ഷ്വാ , വലത്പക്ഷ  പിന്തിരിപ്പന്‍ കൂട്ടായ്മക്കാര്‍ പറയുന്നത്പോലെ നമ്മള്‍ക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടൊന്നുമല്ല മറിച്ച്  ചില തീരുമാനങ്ങള്‍ , ആശയങ്ങള്‍ ഈ വലിയ അല്ല ചെറിയ കാലയളവില്‍ ഏത്രത്തോളം സമൂഹത്തിന്  ആവശ്യമായിരുന്നു എന്ന് നിരന്തരമായി പഠിക്കുകയായിരുന്നു ; നമ്മുടെ  പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചില തീരുമാനങ്ങള്‍ മാറ്റണമെന്ന് തീരുമാനിക്കുകയും , തെറ്റ് സംഭവിച്ചൂ എന്ന് നമ്മള്‍ പറയുകയും ചെയ്യും . ആ തെറ്റ് തികച്ചും ബൗദ്ധികപരമാണ് , ഈ ബൗദ്ധികപരമായ തെറ്റിനെ ബുദ്ധിയില്ലായ്മയായ് കാണരുത്  .
കാളവണ്ടി ചെറുതും തീവണ്ടിക്ക് വലിപ്പം കൂടുതലും ഉള്ളത് കൊണ്ട് കാളവണ്ടി തീവണ്ടിക്ക് പകരമാവില്ല എന്ന് നാം മനസിലാക്കി . കമ്പ്യൂട്ടര്‍ കുറെയേറെ സാദാരണ മനുഷ്യരുടെ ജോലി അപഹരിചെങ്കിലും കമ്പ്യൂട്ടര്‍ നമുക്ക് പണിയും വോട്ടും തരുന്നത്കൊണ്ട് അതിനെ നാം അംഗീകരിച്ചു . കൊക്കകോള - കരിക്കിന്‍ വെള്ളം , വാറ്റ് ചാരായം - വിദേശന്‍ , അംബാനി - തൂമ്പ , ആണവം - വിറക് , ലുട്ടാപ്പി - മായാവി .... അങ്ങനെ നമ്മുടെ ചിന്തകന്മാരുടെ ഉറക്കംകെടുത്തുന്ന ഒരുപിടി ചോദ്യങ്ങള്‍ തീരുമാനമാകാതെ ഇന്നിയും ഉണ്ട് . പാര്‍ട്ടി ബുദ്ധിജീവികളെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന പാര്‍ട്ടി ഭരണഘടനാതത്വം നമ്മള്‍ അംഗീകരിച്ചേ മതിയാവൂ , അതിനാല്‍ നമുക്ക് ഈ തീരുമാനങ്ങള്‍ക്കായ്‌ കാത്തിരിക്കാം  .
ബൂര്‍ഷ്വാ പാര്‍ട്ടികളും , വിഭാഗീയ ചിന്താഗതിക്കാരും , വിഘടനവാദികളും , കൊളോണിയലിസ്റ്റ് അടിയാളന്മാരും ജാതിയുടെയും , വിശ്വാസത്തിന്റെയും , ദൈവത്തിന്‍റെയും പിറകെ ആണെന്നുള്ള തിരിച്ചറിവ് നമ്മുടെ ചിന്തകന്മാരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നു . അതിന്‍റെ ഫലമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ വിശ്വാസരീതിയും , ആചാരങ്ങളും പിന്തുടരാന്‍ അവൈലബ്ള്‍ സഖാക്കള്‍ തീരുമാനിച്ചിരിക്കുന്നു . ചൈനയിലെ ഭീമന്‍ പാണ്ട , ഇന്ത്യയിലെ നമ്മുടെ പാര്‍ട്ടി ബുദ്ധിജീവി എന്നിങ്ങനെയാണത്രെ വംശനാശം നേരിടുന്ന ക്രമം എന്ന വലതുപക്ഷ ആക്രമണ ആക്ഷേപം ഈ ഒരു തീരുമാനത്തിലൂടെ നമ്മള്‍ പരിഹരിച്ചുകഴിഞ്ഞു എന്ന് ഞാന്‍ പറയട്ടെ .
പുതിയ വിശ്വാസം എന്നാല്‍ പുതിയ ആള്‍ദൈവങ്ങള്‍ , പുതിയ പൂജകള്‍ , പുതിയ മന്ത്രങ്ങള്‍ പുതിയ ഭാഷ അങ്ങനെ , അതായത് നമ്മള്‍ ഇനി സംസാര ഭാഷയില്‍ നോം , ശുംഭന്‍ , ഹെയ് , ല്ലേ , എന്താത് എന്നിങ്ങനെയുള്ള പദങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം .
നമുക്കിനി പാര്‍ട്ടി ഓഫീസില്ല പകരം ക്ഷേത്രങ്ങള്‍ ആണ് ; ബ്ലോക്ക്‌ ക്ഷേത്രം , ജില്ലാ ക്ഷേത്രം , സംസ്ഥാന ക്ഷേത്രം പിന്നെ ആസ്ഥാന കേന്ദ്ര ക്ഷേത്രം . (അച്ചായന്മാര്‍ക്ക്‌ കേരളാ കോണ്‍ഗ്രസ്സും , മറ്റേവര്‍ക്ക്  ലീഗും ഉള്ലോണ്ടാണ് പള്ളി വേണ്ടന്ന് വെച്ചത് )

ഓം അച്ചുതാനന്ദ ഗോപാല നയനാരായ നമ:

അപ്പോള്‍ നോം ഇനി വിവരിക്കാന്‍ പോകുന്നത് വരാനിരിക്കുന്ന ചടങ്ങുകളെ കുറിച്ചാണ് . നമ്മുടെ പൊങ്കാല അതിഗംഭീരം ആയിരുന്നല്ലോ ല്ലേ ..., അതോണ്ട് നാം ഇനി ഒരു സപ്താഹം നടത്താന്‍ പോകുന്നു , മൂലധനസപ്താഹയജ്ഞം .
സപ്തം ന്നാല്‍ എന്താ ന്ഗെ .... ഏഴ് ല്ലേ , ശുംഭന്മാര്‍ അതും മറന്നിരിക്കുന്നു , പാര്‍ട്ടി ക്ലാസിനു വരാറില്ല ല്ലേ . നമ്മുടെ ഏഴ് സഖാക്കള്‍  ഏഴ് ദിവസം കൊണ്ടു നടത്തുന്ന ഒരു ഹം അതാണ് സപ്താഹം .
ആചാര്യന്‍ ശ്രീ അച്യുതാനന്ദജി  , മുഖ്യ പ്രഭാഷണം ശ്രീ ശ്രീ പ്രകാശ് ജി , ഖജാന്‍ജി ബ്രഹ്മശ്രീ ശ്രീ വിജയജി  , ക്രൌഡ് കണ്ട്രോള്‍ ബ്രഹ്മശ്രീ ജയരാജ ജി ജി  ആന്‍ഡ്‌ കൊ.ബാലകൃഷ്ണജി  , മൂലധന പാരായണം ശ്രീ ബേബിജി ആന്‍ഡ്‌ തോമസ്ജി തുടങ്ങിയ ജ്ഞാനികള്‍ മൂലധനം അപഗ്രഥനം ചെയ്ത് നിങ്ങളുടെ സംശയ നിരൂപണം നടത്തുന്നു . ചടങ്ങുകള്‍ നമ്മുടെ സംസ്ഥാന ക്ഷേത്രമായ യു കെ ജി ഭവനില്‍ ആയിരിക്കും. സപ്താഹതോട് അനുബന്ധിച്ച് പൂമൂടല്‍ , പൊങ്കാല , ഗ്രൂപിസം , വിഭാഗീയ കുത്ത് എന്നീ ചടങ്ങുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സന്നിധിയില്‍ എത്തിച്ചേരേണ്ടതാണ് .ഈ വിശേഷാല്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്ക്  കപ്പ , മീന്‍ , കാപ്പി , ദോശ തുടങ്ങിയ വിശിഷ്ട വിഭവങ്ങള്‍ സന്നിധിയില്‍ പൊങ്കാലയായി സമര്‍പ്പിക്കാവുന്നതാണ്. വരുമ്പോള്‍ ഒരു അടുപ്പുംകൂടെ കരുതുക .... ഗ്യാസ് പാടില്ല്യ ട്ടോ.  
NB: പാര്‍ട്ടിയുടെ  രൂപം മാറിയെങ്കിലും പിരിവു ബക്കറ്റില്‍ തന്നെ നിക്ഷേപിക്കണം ന്നു മാര്‍ക്സിന്‍റെ നാമധേയത്തില്‍ അറിയിക്കുന്നു.







Monday, December 3, 2012

ബംഗാള്‍ ടൈഗര്‍

എന്‍റെയും  നിങ്ങളുടേം ഓര്‍മ്മ ശരിയാണെങ്കില്‍ ബംഗാള്‍ ടൈഗര്‍ ആണ് നമ്മുടെ ദേശിയ മൃഗം . ഇന്നലെ വയനാട്ടില്‍ നമ്മള്‍ വെടിവെച്ചിട്ടതും ബംഗാള്‍ ടൈഗറെ ആണ്; അതോ ബംഗാളില്‍ മാത്രം കാണുന്ന ടൈഗറിനെയാണോ  ബംഗാള്‍ ടൈഗര്‍ എന്നു പറയുന്നത് , അങ്ങനെയെങ്കില്‍ കുഴപ്പമില്ല നമ്മള്‍ വെടിവെച്ചിട്ടത് ഒരു ലോക്കല്‍ വയനാടന്‍ ടൈഗറിനെ    തന്നെ ; കൃഷിക്കാരെ , ഭൂവുടമകളെ , വളര്‍ത്തു മൃഗങ്ങളെ , സ്കൂള്‍ കുട്ടികളെ , എന്തിനേറെ ബസിനെ, കാറിനെ അങ്ങനെ കണ്ണില്‍ കണ്ടതിനെയെല്ലാം ഉപദ്രവിക്കുന്ന ഒരു അതിഭീകരന്‍ വയനാടന്‍ കടുവയെ.
ദേശീയ ചിഹ്നങ്ങളേയും , പ്രതീകങ്ങളേയും അപമാനിക്കുന്നതും ,  മോശമായി ചിത്രീകരിക്കുന്നതും നിയമ പ്രകാരം കുറ്റകരമാണ് എന്നിരിക്കേ ദേശീയ മൃഗമായ കടുവയെ കൊല്ലുന്നത് കുറ്റകരമല്ലേ !!. ഇത് ഗവണ്മെന്റ് നേരിട്ട് ചെയ്തത് കൊണ്ടാണോ കുറ്റകരമല്ലാതാവുന്നത്  ?
വന്യജീവി സംരക്ഷണ നിയമപ്രകാരം കടുവപോലെ വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളെ വേട്ടയാടി കൊല്ലുന്നത് കുറ്റകരവും കുറഞ്ഞത് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും (പിഴസംഖ്യ മരിച്ച കടുവയുടെ കുടുംബത്തിനായിരിക്കും) ഈടാക്കാവുന്ന കുറ്റവും ആണെന്നിരിക്കെ പകലും , രാത്രിയും നിറതോക്കുമായി മൂന്നു ഗ്രൂപ്പായി നാട്ടുകാരുടെ കൂട്ടത്തിന്‍റെ സഹായത്തോടെ പോലീസും , വനം വകുപ്പും , വെടിക്കാരും നടത്തിയ ഈ അക്രമം വേട്ടയാടല്‍ എന്ന 'കായിക വിനോദത്തിന്‍റെ ' ഭാഗമാകുകയില്ലേ ?
അതോ വയനാട്ടില്‍ ഒരു കടുവാ സങ്കേതം വരുന്നു എന്ന് കേട്ടത് കൊണ്ടുള്ള ഒരു മുന്‍കരുതല്‍ ആണോ ഇത് ?
ഇങ്ങനെ അഞ്ചോ പത്തോ ആടിനെ ഉപയോഗിച്ച് ബാക്കിയുള്ള കടുവകളെയും കൊന്നൊടുക്കിയാല്‍ പാവം റിസോര്‍ട്ട് മഫിയക്കോ , കയ്യേറ്റക്കാരനോ വയനാടിനെയും  , കാടിനെയും  വിറ്റും , കെട്ടിടം കെട്ടിയും കശാക്കാമല്ലോ .  അല്ലാതെ മനുഷ്യരെ നോക്കി വിരട്ടിയെന്നല്ലാതെ ഉപദ്രവിച്ചു എന്ന് ഒരു മാധ്യമത്തിലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ജീവിയെ ഇത്ര ആര്‍ഭാടമായി കൊല്ലാന്‍ വേറെ എന്താണ് പ്രേരണയായത് ?
എവിടേലും ഒരു മരംവെട്ടിയാലോ , കാക്കയെ വെടിവെച്ചാലോ ബഹളംവെക്കുന്ന കപട പരിസ്ഥിതിവാദിയില്‍ ഒരുവന്‍ എന്ന് ഇത് വായിക്കുന്ന ആര്‍ക്കേലും തോന്നിയാല്‍ സഹോദരാ ... ഈ മിണ്ടാപ്രാണികള്‍ക്കുവേണ്ടി ആരെങ്കില്ലും എവിടെയെങ്കിലും ഒഴിഞ്ഞകോണില്‍ ബഹളം കൂട്ടിക്കോട്ടേ ; അല്ലാതെ ഇത്തരം  ഗവന്മേന്റ്റ് , മാഫിയാ സംഘടിത ആക്രമണങ്ങളെ ചെറുക്കാന്‍ വളരെ ചെറിയ ഒരു കൂട്ടത്തിനു കഴിയില്ല . ഒരിക്കല്‍ നിങ്ങളും മനസിലാക്കും ഇവയുടെ വില,  അന്ന് ഈ മൃഗങ്ങളും കാടും കടകളില്‍ നിന്ന് വാങ്ങുന്ന ചിത്രങ്ങളില്‍ മാത്രമാകും ഉണ്ടാവുക .

Tuesday, November 27, 2012

ശ്വേതയുടെ പ്രസവവും സദാചാരചൊറിച്ചിലും



ചിത്രം കടപ്പാട് : ഗൂഗിള്‍
2011-ല്‍ ഐശ്വര്യ , 2012-ല്‍ ശ്വേത,  2013-ല്‍ ആരാണാവോ ? കഴിഞ്ഞ കുറേ ദിവസങ്ങളില്‍ നമ്മുടെ ചാനല്‍ - പ്രിന്‍റ്  - ബ്ലോഗ്‌  ഭാഗങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്ത ഈ പ്രസവ ചര്‍ച്ചയില്‍ ഞാനും ചേരട്ടെ . ഐശ്വര്യ നവംബര്‍ 11 ന് പ്രസവിക്കുമോ എന്ന ആകാംഷ ആയിരുന്നെങ്കില്‍, ശ്വേത പ്രസവിച്ചത് എല്ലാരേം കാണിക്കുമോ എന്ന ആകാംഷയാണ് കുറെ അഭിനവ സദാചാര വെളിച്ചപ്പാടുകളെ വാളെടുപ്പിക്കുന്നത് . ശ്വേത പ്രസവിച്ചത് ഷൂട്ട്‌ ചെയ്ത് ലോക്കറില്‍ വെച്ചതും സിനിമയുടെ റിലീസ് വൈകും എന്ന് കേട്ടതും ആയിരിക്കണം ഈ സദാചാരന്‍മാരെ  ചൊടിപ്പിച്ചത് ; ഇന്ന് കാണാം നാളെ കാണാം എന്ന് കരുതി ബാല്‍ക്കണി ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ ഒരുങ്ങി ഇരുന്നതാവണം കക്ഷികള്‍.
ഇല്ലെങ്കില്‍ ഹേ മനുഷ്യന്മാരെ ശ്വേത പ്രസവിച്ചാല്‍ എന്ത് , അത് കാണിച്ചാല്‍ എന്ത് . തന്‍റെ പ്രസവം കാണിക്കാം എന്ന് ധൈര്യമുള്ളത് കൊണ്ട് അവര്‍ അത് കാണിക്കുന്നു , അത് കാണണം എന്നുള്ളവര്‍ കാണുക ഇത് ലിബര്‍ട്ടി അല്ലേ സാറെ. ഷക്കീല , രേഷ്മ ... തുടങ്ങിയ ഒരുകൂട്ടം പെണ്ണുങ്ങള്‍ ഇതില്‍ കൂടുതല്‍ തുറന്നുകാണിച് കാശ് വാങ്ങിയ നാടാണിത്. ശ്വേത പ്രസവിക്കുന്നത് കാണിക്കുന്നു; മുന്‍പ് ഉണ്ടായിരുന്നവര്‍ പ്രേസവിക്കുന്നതിനു മുന്‍പുള്ളത് കാണിക്കുന്നു  ഇത് ലിബര്‍ട്ടി അല്ലേ ചേട്ടാ (പിന്നേം) . ഷക്കീലപ്പടം കാണിച്ച സിനിമാശാലകള്‍ ശ്വേതയുടെ പടം കാണിക്കില്ല എന്ന് പറയുമ്പോള്‍ ഓര്‍ക്കുക ഇത് മലയാള സിനിമയാണ് , നവതരംഗമെല്ലാം ഇന്നല്ലേല്‍ നാളെ തീരും വീണ്ടും ഏതേലും ഷക്കീല വേണം സിനിമാശാലകള്‍ നിറക്കാന്‍.
അല്‍പ്പം കൂടി ചിന്തിച്ചാല്‍ ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ഒരു സിനിമയില്‍ എന്താണ് എന്ന് പറയാന്‍ അതിന്‍റെ സംവിധായകന് അല്ലാതെ ആര്‍ക്ക് സാധിക്കും . തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന ഒരു നടന്‍ നഗ്നനായി വരുന്ന ഒരു ഭാഗം കാണിക്കാതെ സെന്‍സര്‍ ചെയ്ത ഈ നാട്ടില്‍ ഒരു നടിയുടെ എന്തൊക്കെയോ കാണിക്കും എന്ന് കരുതുന്ന വിഡ്ഢികള്‍ ആവുകയാണ് ആളുകള്‍. ബ്ലെസ്സിയെപ്പോലെ കഴിവുള്ള , തലയില്‍ ആള്‍താമസമുള്ള ഒരു സംവിധായ‍കന്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് കാത്തിരിക്കാനുള്ള സാവകാശംപോലും സദാചാരന്മാര്‍ക്ക് ഇല്ലാതായിരിക്കുന്നു .  
ശ്വേതയുടെ പ്രസവത്തെപറ്റി  നാലുവാക്ക് പറഞ്ഞില്ലേല്‍ നാണക്കേടാണ്,  പെണ്ണുമ്പിള്ള ആഹാരം തരില്ല എന്ന ഒരു അവസ്ഥ വന്നു തുടങ്ങിയിട്ടുണ്ട് . ബ്ലോഗ്‌ എഴുതുക , പത്രത്തില്‍ എഴുതുക തുടങ്ങിയ   മാര്‍ഗങ്ങളും സദാചാരന്മാര്‍ പിന്തുടരുന്നു . ഒരു പ്രസവം സിനിമയില്‍ കണ്ടാല്‍ തങ്ങളുടെ  ബ്രഹ്മചര്യമോ , ഏകഭാര്യാവൃതമോ തകരും എന്ന് കരുതുന്ന  ഭര്‍ത്താക്കന്മാരുണ്ട്  എന്ന് എനിക്ക്  തോനുന്നില്ല , കൂടാതെ പ്രസവിക്കുന്നത് കാണുമ്പോള്‍ മോശമായ ഒരു വികാരവും വരികയും ഇല്ല എന്ന് പ്രസവം കണ്ടിട്ടുള്ളവര്‍ക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു . ഒരു മിന്നിട്ടില്‍ താഴെയുള്ള ഒരു സീന്‍ ഇത്രയധികം കോലാഹലങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാട്ടില്‍ കൊച്ചു കുട്ടികള്‍ക്കുവരെ കിട്ടുന്ന രീതിയില്‍ നീലച്ചിത്രങ്ങള്‍ വഴിവക്കുകളില്‍പോലും  കിട്ടുന്നു എന്ന് സദാചാരന്മാര്‍ അറിഞ്ഞിരിക്കില്ലയോ ആവോ .
രാഷ്ട്രീയ സദാചാരന്മാരോട് : ഒരു സാധാരണ മലയാളിയെ സംബന്ധിച്ച് ശ്വേതയുടെ പ്രസവം അല്ല കാര്യം ഈ നാട്ടില്‍ ജീവിക്കാനുള്ള ഏതെങ്കിലും ഒരു നല്ല സാഹചര്യം ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചുതരൂ .

ഇത്തിരികൂടി : അമൃതാനന്ദമയിമഠത്തിന്‍റെ  ഒരു ചടങ്ങില്‍ വെച്ച് ശ്വേതയുടെ പ്രസവ സിനിമയുടെ കലാപം ഉയര്‍ത്തിയ രാഷ്ട്രീയ പ്രമുഖര്‍ , ലിബര്‍ട്ടിയോടെ വായ തുറന്ന സിനിമയുമായി ബന്ധമുള്ള സംഘടനാ പ്രമുഖന്‍ , മഹിളകളുടെ സംഘടനാ സാരഥികള്‍, ഞാന്‍ ബഹുമാനിക്കുന്ന ഇക്കാന്റെ ബ്ലോഗ്‌  തുടങ്ങിയ ആരെയും ഞാന്‍ മനസാ വാചാ കര്‍മണാ ഇതില്‍ പരാമര്‍ശിക്കുകയോ ഉദ്ധേശിക്കുകയോ ചെയ്യുന്നില്ല എന്ന് ബോധിപ്പിക്കുന്നു . (മഹാരാഷ്ട്രയിലെ പെണ്‍പിള്ളേരുടെ അവസ്ഥ വരരുതല്ലോ ; ഒരു വികാര തള്ളലില്‍ എഴുതിപ്പോയതാണ് ; ഇങ്ങ് ഒരു മൂലയില്‍ കവിതപോലെയോ, കഥപോലെയോ എന്തൊക്കെയോ കുത്തിക്കുറിച്ചു ഞാന്‍ കഴിഞ്ഞോളാം )

Wednesday, November 21, 2012

ഗാസയിലെ കുഞ്ഞുങ്ങള്‍



ചോരകൊണ്ട് ചുവക്കുന്നു കുരിശുയുദ്ധ വീരന്‍മാര്‍,
ചുടു ചോരയില്‍ കുളിക്കുന്നു സിയോനിസ്റ്റ്‌ കിരാതന്‍മാര്‍

പെറ്റ നാട്ടില്‍ ഉറക്കാതെ -
പെറ്റ മുലകള്‍ ഊട്ടാതെ -
കുഞ്ഞുതലകള്‍ അരിയുന്നു ഇസ്രയേലിന്‍ വിശുദ്ധന്‍മാര്‍

കണ്ണുമൂടി കാണുന്നു -
കാതുമൂടി കേള്‍ക്കുന്നു -
കനിവിനായ് വിളിക്കുന്ന, കനിവില്ലാത്ത രണ്ടക്ഷരം  

വീഞ്ഞില്‍ മഥിക്കുന്നു -
സ്വര്‍ഗ്ഗത്തില്‍ രമിക്കുന്നു -
വായമൂടി ചിരിക്കുന്നു അധികാര കൊതിയന്‍മാര്‍

ജീവനായ് കേഴുമ്പോള്‍ -
കൊല്ലരുതേയെന്ന്  പറയുമ്പോള്‍
ഗാസയിലെ കുഞ്ഞുങ്ങള്‍....
നിങ്ങള്‍ ..........
ലോകത്തിന്‍ ശത്രുക്കള്‍
' തീവ്രവാദികള്‍ '

ചിത്രം കടപ്പാട് : ഗൂഗിള്‍

Monday, November 19, 2012

ഞാനോ ഗുരുനാഥന്‍



അവള്‍ ഒരു കുഞ്ഞുപൂവായിരുന്നു
വാടാമലരായി സൗരഭ്യം പരത്തി
പാരില്‍ ചിരിച്ചുല്ലസിക്കേണ്ടിയവള്‍

അവള്‍ എന്‍റെ ഭാര്യ ആയിരുന്നില്ല
കാമുകിയോ , കൂട്ടുകാരിയോ ആയിരുന്നില്ല
അവളൊരു ഭ്രാന്തിയോ , വേശ്യയോ ആയിരുന്നില്ല
എന്‍റെ മുന്നില്‍ അവള്‍ വന്നത് പഠിക്കുവാന്‍ ആയിരുന്നു
അവളെന്‍റെ ശിഷ്യ ആയിരുന്നു.

സ്നേഹമാകേണ്ട ഗുരു  -
കാമത്തിന്‍ കരങ്ങള്‍ നീട്ടി
ആ കുഞ്ഞു കുസുമത്തിന്‍ ഇതളുകള്‍ നുള്ളി.

വൈകി... വളരെ വൈകി ഞാന്‍ ഓര്‍ക്കുന്നു
എന്‍റെ ക്രൂരത -
നിന്‍റെ വേദന ..., ഭയം ....

കൊഴിഞ്ഞ ഇതളുകള്‍ ഇന്ന്  എന്‍ ഹൃദയത്തില്‍ മുള്ളായി  -
കൂരമ്പായി കുത്തി നീറുന്നു
മരണംപോലും മോക്ഷമേകാന്‍ മടിക്കും ഈ ജീവിതം -
നരകതുല്യമായ് ജീവിച്ചു തീര്‍ക്കുന്നു ഞാന്‍ 




*********
സുഹൃത്തായ അദ്ധ്യാപകന്‍ ഒരിക്കല്‍ ഏറ്റുപറഞ്ഞത്
*********

Thursday, November 8, 2012

ഘടികാരം

ജീവിത ഘടികാരത്തില്‍ ഞാന്‍ എന്താണ് ?
നിമിഷങ്ങള്‍ തോറും ഊര്‍ജ്ജസ്വലമായ് പാറിനടക്കുന്ന -
പുതിയ കാലം ആദ്യം കടക്കുന്ന ആ നീളന്‍ സൂചിയോ ?
മുന്‍പേ കടന്നു പോയവര്‍ തീര്‍ത്ത ജീവിതചക്രം ഒറ്റക്കുതിപ്പില്‍
കയ്യെത്തിപ്പിടിക്കുന്ന
മറ്റുള്ളവരില്‍ ഒരാളോ ?
അതോ -
നിര്‍ത്താതെ ചലിക്കാന്‍ വിധിച്ച ദോലകമോ ?


Wednesday, October 10, 2012

കുഞ്ഞുപിണക്കം


     "ഗൌരീ....,  നീ വെറുതെ സംസാരിച് സമയം കളയാതെ കഴിച്ചിട്ട് പോയി യൂണിഫോം ഇടാന്‍ നോക്ക് " പാത്രത്തിലേക്ക് കറി പകരുന്നതിനിടയില്‍ ഗൌരിയുടെ അമ്മ പറഞ്ഞു
"ഇപ്പൊ ഈ അമ്മച്ചിക്ക് എന്നോട് ഒരു സ്നേഹോം ഇല്ല ; അച്ഛാ ഞാന്‍ പറയുന്നത് സത്യാ " ഗൌരി ചിണുങ്ങി
"എന്റെ മോള് പറ , ഏത് കുട്ടിയാ മോളെ വഴക്ക് പറയുന്നത് ?" സ്നേഹത്തോടെ അച്ഛന്‍ ഗൌരീടെ മുടിയില്‍ തലോടി ..
"ഓ... തുടങ്ങി അച്ഛന്റേം മോള്‍ടേം കിന്നാരം ..... സ്കൂള്‍ ബസ്‌ നിങ്ങളെ  കാത്ത് നിക്കില്ലാട്ടോ  " അമ്മ മുഖം ചുളുക്കി കൊഞ്ഞണം കാട്ടി

            ഗൌരീടെ എല്ലാ സ്കൂള്‍ ദിവസവും ഇങ്ങനെ തന്നെ ആണ് തുടങ്ങുന്നത് . രാവിലെ എട്ടു മണിക്ക് സ്കൂള്‍ ബസ്‌ വരുന്നതിനു മുന്‍പ് അടുക്കള ഒരു യുദ്ധക്കളം പോലെയാണ് . ആറരക്ക് അമ്മേടെ "ഗൌരീ.., മോളെ , എഴുനേക്കെട കുട്ടാ " വിളികളോടെ കാഹളം മുഴങ്ങും . അത് പിന്നെ "ഡീ ..., ഓ ഇവള്.., അടി , ഡീ , ... ഡാ .., " വിളികളോടെ ഉച്ചസ്ഥായിയിലെത്തും. അപ്പോഴേക്കും അച്ഛനും ഇതില്‍ പങ്കാളിയാകും. ബഹളം വെച്ച് പരാജയപ്പെട്ട് ഒടുവില്‍ ആ കുഞ്ഞു എല്‍.കെ.ജി.ക്കാരിയെ തോളിലെടുത്തു അച്ഛന്‍ നടക്കും.
         പിന്നെ മോള്‍ടെ റെഡ് കളര്‍ ബ്രഷില്‍ വൈറ്റ് കളര്‍ പേസ്റ്റ് എടുത്ത് പല്ല് തേപ്പിച്ചു, മുഖം കഴുകി ചായ കൊടുക്കും. അപ്പോഴേക്കും അടുക്കളയില്‍ നിന്നും അമ്മ ഓടിയെത്തും "ച്ചി ഇടെടാ കുട്ടാ..., പൊന്നല്ലേ..." പിന്നെ ഒരു പത്ത് പതിനഞ്ച് മിനിറ്റ് അവരുടെ ലോകമാണ് . ഒടുവില്‍ കുളിപ്പിച്ച് ഒരു ടവല്‍ ഉടുപ്പിച്ച് വീണ്ടും അച്ഛന്‍റെ മുന്നില്‍. അമ്മ ശരിയാക്കിയ ചൂട് ദോശയോ , അപ്പമോ അവിടെ ഗൌരിയെ കാത്തിരിക്കുന്നുണ്ടാവും . അച്ഛന്‍റെ വക കുറച്ച് കഥയും, കണ്ണുരുട്ടലും പിന്നെ 'കാവ്യ ആന്റീടെ അത്രേം മുടി വരണ്ടേ , ഐശ്വര്യ ആന്റീടെ കണ്ണ് വേണ്ട' ന്നു കുഞ്ഞു മനസിനെ പേടിപ്പിച്ച്, വിഷമിപ്പിച്ച് പാത്രത്തില്‍ ഉള്ളതിന്‍റെ പകുതി കഴിപ്പിക്കും, അപ്പോഴാണ് ഗൌരി പരാതികളുടെ  കെട്ടഴിക്കുക.
'പൂജചേച്ചി എന്നെ ചിക്ക് പറഞ്ഞു... ,  കാര്‍ത്തിക് ചേട്ടന്‍ എനിക്ക്  ബസ്സില്‍ ഇരിക്കാന്‍ സ്ഥലം തന്നില്ല ..'
അങ്ങനെ ഒരുപിടി പരാതികള്‍,   അതിനെല്ലാം അച്ഛന്‍ ഉടനെതന്നെ പരിഹാരവും കാണും 'അതിനെന്താ അച്ഛന്‍ ഇന്ന് പൂജചേച്ചിയെ കാണട്ടെ വഴക് പറയുന്നുണ്ട്, ആ കാര്‍ത്തിക്കിന് രണ്ട് അടി കൊടുതിട്ടുതന്നെ കാര്യം , ഈ ആലിയയുടെ കാര്യം ടീച്ചറിനോട് പറയുന്നുണ്ട് '
"ഓ... ഈ മണ്ടൂസ് അച്ഛന്‍, ടീച്ചറല്ല , മേം " അതിനിടക്ക് ഗൌരി  അച്ഛന്‍റെ സംസാരം തിരുത്തും
"ഓ ... ശരി ഗൌരി ടീച്ചറെ... ഇന്നി ഞാന്‍  തെറ്റിക്കില്ലേ... " എല്ലാം ഒടുവില്‍ ഒരു തമാശയില്‍ തീരും .

ഇന്ന് പക്ഷെ ഇത്തിരി കൂടെ സങ്കടവും ഗൌരവവും ഗൌരിടെ മുഖത്തുണ്ട് .

"ഞാന്‍  അച്ഛനോട്  പറയാഞ്ഞാ....  എന്നും ആ അനുപമ എന്നെ പേടിപ്പിക്കും , ഭീഷണി പറയും ഇന്നലെ എന്നെ നുളേം ചെയ്തു ...." പറഞ്ഞു തീരുന്നതിനു മുന്‍പേ ആ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞൊഴുകി
'മോളൂട്ടി വിഷമിക്കണ്ട ട്ടോ ... അച്ഛന്‍ ഇന്ന് സ്കൂളില്‍ വന്നിട്ട് അനുപമേ രണ്ടു തല്ലു കൊള്ളിക്കുന്നുണ്ട്' അയാള്‍ അവളുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു
'സത്യം .... !' വിശ്വാസം വരാതെ അവള്‍ അച്ഛനെ നോക്കി
'സത്യം ... പ്രോമിസ് ' അയാള്‍ അവളുടെ കുഞ്ഞു കൈവെള്ളയില്‍ അമര്‍ത്തി പിടിച്ചു
വിടര്‍ന്ന മുഖത്തോടെ അവള്‍ ഭക്ഷണം കഴിച്ചെന്നു വരുത്തി , യൂണിഫോമിലേക്ക് കയറി . പീച് കളര്‍ ടോപ്പും,  ഡാര്‍ക്ക്‌ സ്പ്രിംഗ് ഗ്രീന്‍ ബോട്ടവും , സീ ഗ്രീന്‍ ടൈയ്യും . മോള്‍ യുണിഫോം ഇടുന്നതിനിടയില്‍ അയാള്‍ പതിവ് ഡയലോഗ് പറഞ്ഞു 'ദൈവം പോലും ഈ രണ്ടു കളറും ഒരിടത്തും ഒരുമിപ്പിച്ച് വച്ചിട്ടില്ല , എന്താ മോളുടെ സ്കൂളിന്‍റെ ഒരു കളര്‍ സെന്‍സ്; അല്ല അമ്മച്ചിയല്ലേ അഡ്മിഷന്‍ എടുത്തേ , പിന്നെങ്ങനെ ശരിയാവാനാ.. ഹി ഹി '
'അതെ ഒരു മോളല്ലേ ഉള്ളു , ആ കുഞ്ഞിനു അഡ്മിഷന്‍ എടുക്കുന്ന സമയത്തെങ്കിലും അച്ഛന്‍ നാട്ടിലുണ്ടാവണം ഇല്ലേല്‍ ഇത്രയോക്കെയോ പറ്റൂ ... ഒരു എം എഫ് ഹുസൈന്‍ വന്നിരിക്കുന്നു ' ടിഫിന്‍ ബാഗില്‍ ഭക്ഷണം എടുത്ത് വെച്ചുകൊണ്ട് ഗൌരിയോടായി അമ്മ പറഞ്ഞു
'മോളെ അമ്മക്ക് റ്റാറ്റ പറ... സ്വാമിയേ തൊഴ്.. ഇറങ്ങ്' മോള്‍ടെ ബാഗ്‌ തോളില്‍ എടുത്ത് അയാള്‍ പുറത്തേക്കിറങ്ങി . ജംഗ്ഷനില്‍ ബസ്‌ കാത്തുനില്‍ക്കുമ്പോഴും അയാളില്‍ നിന്നും ഗൌരി ഒന്നൂടെ ഉറപ്പ് വാങ്ങി
'അച്ഛന്‍ വരൂല്ലോ ല്ലേ '
'വരുംഡാ.. ഉറപ്പ്.. ' അവളുടെ പുറത്ത് അയാള്‍  മെല്ലെ തട്ടി .


കുട്ടിയെ ബസ്‌ കയറ്റി തിരികെ വരുമ്പോള്‍ ഭാര്യ ക്ഷീണത്തോടെ  ഉമ്മറപടിയില്‍ ഇരുന്നുകൊണ്ട് ചോദിച്ചു 'അതേ മാഷെ മ്മടെ ധന്യെച്ചീടെ അയലത്ത് നാലു പെണ്‍കുട്ട്യോളെ ഒറ്റ പ്രസവത്തില്‍  പ്രെസവിചൂന്നു പറഞ്ഞില്ലേ ....'
'ഉം അതിനെന്താ ' അയാള്‍ അവളുടെ കയ്യില്‍ പിടിച്ചുകൊണ്ടു ചോദിച്ചു
'അല്ല പാവം ആ അമ്മ , ഇപ്പോള്‍ നാലും സ്കൂളില്‍ പോകാന്‍ തുടങ്ങീട്ടുണ്ടാവും ... ഇവിടെ ഒരാളായപ്പം ഈ പാട്... അതോണ്ട് ചോദിച്ചതാ ' അവള്‍ അയാളുടെ കയ്യില്‍ തൂങ്ങി എഴുനേറ്റു
'നിന്നെ അവിടെ അവരുടെ അടുത്ത് ഒരു മാസം ടുഷന് വിട്ടാലോ എന്നാ ഞാന്‍ ആലോചിക്കുന്നേ' അയാള്‍ ചിരിച്ചു
'ഓ ഇവിടുത്തെ ജോലിയെല്ലാം പിന്നെ മാഷല്ലേ ചെയ്യണേ....  മോന്‍ പെട്ടെന്ന്  ചെന്ന് കുളിച് ഓഫീസില്‍ പോകാന്‍ നോക്ക് ' അവള്‍ അയ്യാളെ തള്ളി ബാത്‌റൂമില്‍ കൊണ്ടാക്കി

തിടുക്കത്തില്‍ കുളിയും , ഭക്ഷണവും കഴിഞ്ഞ് അയാള്‍ ഓഫീസിലേക്ക് പുറപെട്ടു .
അന്ന് പതിവിലേറെ തിരക്കായിരുന്നു ഓഫീസില്‍ . ജോലിയെല്ലാം ഒരുവിധം ഒതുക്കി , സീനിയര്‍ ഓഫീസറെ ചാക്കിട്ട് അര മണിക്കൂര്‍ ഓഫ്‌ വാങ്ങി പന്ത്രണ്ടരയോടെ അയാള്‍ സ്കൂളിലേക്ക് പുറപ്പെട്ടു . പുറത്തെ ചൂടിനേയും , വാഹനങ്ങളുടെ തിരക്കിനെയും മനസ്സില്‍ ശപിച് അയാള്‍ ബൈക്ക് പതുക്കെ ഓടിച്ചു. ദിവസം കഴിയുംതോറും റോഡിനു വീതി കുറഞ്ഞു വരുന്നതായി അയാള്‍ക്ക് തോന്നി . വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടിയും ശബ്ദവും അയാള്‍ക്ക് അരോചകമായി തോന്നിയെങ്കിലും , എതിരെ വാഹനം വരുന്ന  ഓരോ തവണയും അയാളും ഹോണ്‍ മുഴക്കി . ഒടുവില്‍ സ്കൂളിലെ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി വെച്ച് ഹെല്‍മെറ്റ്‌ ഊരി മിററില്‍ തൂക്കി അയാള്‍ മെല്ലെ നടന്നു .
'എന്താ ഒരു ചൂട് , പൊടി .... ഈ കുട്ട്യോള്‍ എങ്ങനെ സഹിക്കുന്നു ഇത് ' സെക്യൂരിറ്റിയോടായി അയാള്‍ പറഞ്ഞു
'അതിനു കുട്ട്യോള്‍ ക്ലാസ്സില്‍  അല്ലേ സാറെ ' സെക്യൂരിറ്റി അയാളെ നോക്കി പുഞ്ചിരിച്ചു
സെക്യൂരിറ്റിയെ നോക്കി പുഞ്ചിരിച്ച് അയാള്‍ ഗൌരിയുടെ ക്ലാസിനു നേര്‍ക്ക്‌ നടന്നു .
സ്കൂളില്‍ ലഞ്ച് ബ്രേക്ക്‌ ആണ് , ഭക്ഷണം കഴിച്ച കുട്ടികള്‍ വരിവരിയായ് പാത്രം കഴുകാന്‍ പോകുന്നു , കഴുകിയ പാത്രവുമായി കുറച്ച് കുട്ടികള്‍ തിരികെ വരുന്നു , എങ്ങനെയെങ്കിലും പാത്രം ബാഗില്‍ വെച്ചിട്ട് കളിക്കാനുള്ള ആവേശത്തില്‍ എങ്ങും പീച്ചും പച്ചയും  നിറങ്ങളില്‍ കുട്ടികള്‍‍ .
'നിഷ്കളങ്കരായ കുഞ്ഞുങ്ങളെ പീച്ചിലും നരച്ച പച്ചയിലും വര്‍ഷങ്ങളായി ഒതുക്കിയ മാനേജ്‌മന്റ്‌ , പി റ്റി എ എന്നിവര്‍ ഇനിയെങ്കിലും ഈ നിറങ്ങള്‍ മാറ്റെണം എന്ന് അപേക്ഷിക്കുന്നു ' കഴിഞ്ഞ പി റ്റി എ യോഗത്തില്‍ അയാള്‍ പറഞ്ഞ എണ്ണമറ്റ പരാതികളില്‍ ഒന്നായിരുന്നു .
'മനോഹരങ്ങളായ ഈ നിറങ്ങളില്‍ നമ്മുടെ കുട്ടികള്‍ കൂടുതല്‍ സുന്ദരന്മാരും , സുന്ദരികളും ആയി തോനുന്നു എന്നാണ് പി റ്റി എ വിലയിരുത്തല്‍ ആയതിനാല്‍ യുണിഫോം നിറങ്ങള്‍ മാറ്റുന്ന കാര്യം തല്ക്കാലം അജണ്ടയില്‍ ഇല്ല ' പി റ്റി എ പ്രസിഡന്റ്‌ അയാളുടെ മുഖത്ത് നോക്കി പുഞ്ചിരിയോടെ പറഞ്ഞതോര്‍ത്ത് അയ്യാള്‍ ചിരിച്ച് കൊണ്ട് ഗൌരിയുടെ ക്ലാസ്സിലേക്കുള്ള ഇടനാഴിയിലൂടെ നടന്നു . ഇടനാഴിയുടെ അങ്ങേ തലക്കല്‍ രണ്ടു കുഞ്ഞു പീച്ചും പച്ചയും നിറങ്ങള്‍ തറയില്‍ ഇരുന്നു എന്തൊക്കെയോ എടുക്കുന്നത് അയാള്‍ ദൂരെന്നെ കണ്ടു . അതില്‍ ഒന്ന് ഗൌരി ആണെന്ന് അയാള്‍ക്ക് മനസിലായി
'ഗൌരിസ്സെ നീ എന്താ ചെയ്യുന്നേ ' അയാള്‍ ഉറക്കെ ചോദിച്ചു
'ഹായ് അച്ഛന്‍ ...., അച്ഛാ ' അവള്‍ അയാളുടെ നേര്‍ക്ക്‌ നടന്നു
'മോളെന്താ ഇവിടെ  ചെയ്യുന്നേ '
'അച്ഛാ ഈ അനുന്റെ ടിഫിന്‍ ബോക്സ്‌ കഴുകാന്‍ പോയപ്പോള്‍ താഴെ വീണു , വേസ്റ്റ് എല്ലാം താഴെയായി ഞാന്‍ അനൂനെ ഹെല്പ് ചെയ്തതാ' അവള്‍ അഴുക്ക് പുരളാത്ത ഇടതു കൈ കൊണ്ട് അച്ഛന്റെ കയ്യില്‍ തൂങ്ങി
'മിടുക്കി ' ചിരിച് കൊണ്ട് അയാള്‍ അനൂന്റെ പാത്രം വാങ്ങി താഴെ വീണു കിടന്ന വേസ്റ്റ് വാരി അതിലേക്കിട്ടു . രണ്ടു കുട്ടികളെയും കൂടി അയാള്‍ പൈപ്പിന് അടുത്തേക്ക് നടന്നു .
രണ്ടു പേരുടെയും കയ്യും വായും കഴുകി പാത്രം കഴുകാന്‍ എല്‍ കെ ജി യുടെ ആന്റിയെ ഏല്‍പ്പിച്ചു അവര്‍ തിരികെ നടക്കുന്നതിനിടയില്‍ അയാള്‍ അനുപമയെ തിരക്കി 'അച്ഛന് അനുപമയെ ഒന്ന് കാണിച്ചു തരണേ മോളെ '
'ഓ ഒരു മണ്ടൂസ് അച്ഛന്‍ .., ഇതല്ലേ അനുപമ ' അയാളുടെ ഇടത് ഭാഗത്തൂടെ നടക്കുവായിരുന്ന അനുവിനെ ചൂണ്ടി ഗൌരി പറഞ്ഞു
അയാള്‍ ഒന്നും മനസിലാവാതെ മോളെ നോക്കി .
'അച്ഛാ ആ അല്‍താഫ് രാവിലെ വഴക്കിനു വന്നു , ബുക്കില്‍ കുത്തിവരച്ചു പിന്നെ  എന്നേം അനുനേം  ചിക്ക് പറഞ്ഞു , അതോണ്ട് ഞങ്ങള്‍ ഫ്രണ്ട് ആയി , ഇപ്പൊ ആ അല്തഫാ ഭീകരന്‍... അച്ഛന് കാണണോ' അവള്‍ നിഷ്കളങ്കമായി പറഞ്ഞു .
അയാള്‍ അടുത്തുനിന്ന അനുവിനെ നോക്കി; വാലിട്ടെഴുതിയ കണ്ണുകളും, ചെറിയ നുണക്കുഴികളും ഉള്ള ഒരു ചെറിയ മാലാഖയെപോലെ അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു . കയ്യില്‍ കരുതിയ  ചോക്ലേറ്റ് രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കി അവരെ ക്ലാസ്സില്‍ കൊണ്ടുചെന്നാക്കി . അവിടെ പാറിപറക്കുന്ന മുടിയും നുണക്കുഴികളും ഉള്ള ഒരു കുട്ടി ഗൌരിയും അനുവിനെയും നോക്കി പുഞ്ചിരിച്ചു . അത് അല്‍താഫ് ആയിരിക്കും എന്ന് ഊഹിച്ച് ഒരു മന്ദഹാസത്തോടെ അയാള്‍ തിരികെ നടന്നു . ചൂടിനേയും വാഹനങ്ങളെയും തോല്‍പ്പിച് ഓഫീസിലെ തിരക്കിലേക്ക് എത്താനായി അയാള്‍ വേഗം നടന്നു .
 (ചിത്രം : ഗൗരി)

****************************

Friday, August 10, 2012

കണ്ടുവോ നിങ്ങള്‍ ആ മനസ്സിനെ


നിങ്ങള്‍ കണ്ടുവോ 
കറുത്ത നിറത്തില്‍ ഒന്ന് ?
വക്കുകള്‍  കീറി ,
ക്ലാവ് പിടിച്ച് ,
അഴുക്ക് നിറഞ്ഞ ഒന്ന്..?
കാക്കക്കും കഴുകനും  വേണ്ടാതെ,
നായയും നരിയും നോക്കാതെ ,
നിണം പുരണ്ട് ,
മുള്ളുകള്‍ കൊണ്ട് മുറിവേറ്റ് ,
ശ്വാസം നിലച്ച ഒന്ന് .
അതിനെ കടന്നു പോകുമ്പോള്‍ ഓര്‍ക്കുക ..
അതെന്റെ മനസാണ് .
വേദനയില്‍ ചിരിച്ച് ....
കണ്ണീരില്‍ നനഞ്ഞു ... 
മരിച്ചു ജീവിച്ച എന്റെ മനസ്സ്.
എന്നെ പിന്നോട്ടാക്കിയ ഘടികാര ചലനത്തില്‍ 
ഒരിക്കല്‍ എനിക്കത് നഷ്ടമായി ..
ഇപ്പോള്‍ ഞാനത് തിരയുകയാണ് 
എന്നെ സ്നേഹിച്ചവരെ ,
എന്നെ ക്രൂശിച്ചവരെ ,
എന്നെ നോവിച്ചവരെ ,
എന്നെ മുറിവേല്പ്പിച്ചവരെ,
എന്നെ ശപിച്ചവരെ ,
എനിക്ക് സ്നേഹിക്കണം .
അതിനു എനിക്കെന്റെ മനസ് വേണം 
കണ്ടുവോ നിങ്ങള്‍ ആ മനസ്സിനെ

Monday, August 6, 2012

ഇന്ന് ഞാനൊരു സഖാവാണ്


നാളെ .....
എന്റെ പിന്നില്‍ ഒരു വെളുത്ത വാഹനം വരും 
സ്നേഹത്തോടെ അതെന്നെ തട്ടിയിടും 
വെളുപ്പ്‌ .....
ശാന്തിയുടെ നിറം, സമാധാനത്തിന്റെ നിറം  
അഞ്ചു ദൂതന്മാര്‍ അതില്‍ നിന്നും ഇറങ്ങും 
കയ്യില്‍ വടിയും വടിവാളും 
ശാന്തിയും വടിയും ??
സമാധാനവും വടിവാളും ??
പുതുയുഗത്തിന്റെ പ്രത്യേയശാസ്ത്രം!.
പ്രത്യേയശാസ്ത്രം
അതറിയാത്ത ഞാന്‍ 
അത്ഭുതത്തോടെ റോഡില്‍ കിടക്കും 
മുന്നിലുള്ള ദൂതന്‍ വാളിനാല്‍ ഒന്നു വെട്ടും 
കൂടെ നാലുപേരും 
ഒന്ന്, രണ്ട് , മൂന്ന് .... ഇല്ല
എണ്ണി തിട്ടം പറയാന്‍ എനിക്കാവില്ല 
അന്‍പത്തൊന്നു കാണില്ലെന്ന് തീര്‍ച്ച 
എന്റെ മുഖം ചെറുതല്ലേ ?
ഒടുവില്‍ മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് മുഴക്കും 
ഏയ് ഞാനല്ല .... 
ഞാനപ്പോള്‍ 
എന്റെ വെളുത്ത വസ്ത്രം ചുമപ്പാകുന്നത് നോക്കി 
ചിരിക്കും , ആനന്ദിക്കും 
ഒടുവില്‍  ഞാനും വിളിക്കും 
ഇങ്ക്വിലാബ്.... ഇങ്ക്വിലാബ്....
ഇതെല്ലാം ഇന്നല്ല .... നാളെയാണ്  
ഇന്ന് ഞാനൊരു സഖാവാണ് ...

Saturday, August 4, 2012

വീണ്ടുമൊരു വസന്തം


              ഇന്നലെ...
ചൊടിയിലൊരു പുഞ്ചിരിയുമായി വസന്തം വീണ്ടും വന്നു,
 തൊടിയിലെ ചെടിയെല്ലാം വീണ്ടും പുഞ്ചിരിച്ചു,
കുരുവി വന്നു , തേന്‍ നുകരാന്‍ നൂറു ശലഭവുമെത്തി,
കാറ്റിന്‍ ചിറകേറി മഴക്കാര്‍ മാഞ്ഞു പോയി ,
ഇടിമിന്നല്‍ കൊതിച്ച  മയില്‍ പിണങ്ങി നിന്നു,
കനലെരിഞ്ഞ വേനല്ക്കാഴ്ച പുഞ്ചിരിയില്‍ മറന്നു പോയി ,
ചൊടിയിലൊരു പുഞ്ചിരിയുമായി വസന്തം വീണ്ടും വന്നു .





Nidheesh Krishnan

Saturday, July 14, 2012

എട്ടാം വാര്‍ഡ്‌

മുന്നറിയിപ്പ് : ഒരു സംഭവ കഥ.  പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ , പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് വായിക്കാനുള്ള കഥ അല്ല ഇത് . ഇത് വായിച് ഓക്കാനം , ചര്‍ദി തുടങ്ങിയ എന്തേലും തോന്നിയാല്‍ മനസാ, വാചാ, കര്‍മ്മണാ  ഞാന്‍ തെറ്റുകാരന്‍ അല്ല എന്ന് ഇതിനാല്‍ ബോധിപ്പിച് കൊള്ളുന്നു .

****************************************************************

 ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗാസ്ട്രോ എന്റെറോളജി വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിലെ പ്രീ - ഓപ്പറേഷന്‍ വാര്‍ഡില്‍ ആണ് . ഒരു കിടിലന്‍ ആശുപത്രി.  ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ലൈഫ് കെയര്‍ യുണിടിന്റെ  പുതിയ പരിപാടിയാണ് ആശുപത്രി നിര്‍മ്മാണം,  അവരാണ് ഈ ആശുപത്രി നിര്‍മ്മിച്ചത് . അതിന്റെ  ഒരു പെര്‍ഫക്ഷന്‍ കാണാനുണ്ട് .
ലാറ്റെക്സ് നെ അറിയില്ലേ ... ബലൂണ്‍ കമ്പനി എന്ന് തമാശയായി പറയാറു
ള്ള , saheli , Ferro Plus , T -care , തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനി.... മാത്രമല്ല MOODS CONDOM , CREZENDO തുടങ്ങിയവയും നിര്‍മ്മിക്കുന്ന ;  നാടൊട്ടുക്ക് കോണ്ടം വൈണ്ടിംഗ് മെഷീന്‍ വെച്ച് കേരള പൌരുഷത്തെ അഞ്ചു രൂപക്ക് ഉറയിലാക്കാന്‍ പുറപ്പെട്ട കമ്പനി.(ഞാന്‍ അവിടെ കുറച്ചു നാളുകള്‍ ജോലി ചെയ്തിരുന്നു അതാ ഇത്തിരി വലിയ വിവരണം ) ബൈ ദ ബൈ പറഞ്ഞു വന്നത് മെഡിക്കല്‍ കോളേജ് ആശുപത്രി ...

സാധാരണ ആശുപത്രികളില്‍ നിന്നും വെത്യസ്തമായ രൂപകല്‍പ്പന , നിറം , എല്ലായിടവും എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കുന്നു എന്ന അത്ഭുതം . ഈ പ്രത്യേകത ജോലിക്കാരിലും ഉണ്ട് . പാമ്പിനെ കണ്ട എലിയെ  പോലെ എങ്ങോട്ടെന്നില്ലാതെ ഓടി നടക്കുന്ന പുരുഷ  ജോലിക്കാര്‍ , പ്രായം അല്‍പ്പം കൂടിയതെങ്കിലും സുന്ദരികളായ സ്ത്രീ ജോലിക്കാര്‍,  ആദ്യമായി വരുമ്പോള്‍ മൂക്കിനെ വിശ്വസിക്കാന്‍ പറ്റീന്നു വരില്ല , ഒന്ന് രണ്ടു തവണ നന്നായി മണത്തു നോക്കിയാലും  നമ്മുടെ ആശുപത്രികളുടെ ട്രേഡ് മാര്‍ക്ക്‌ സുഗന്ധങ്ങളായ ഡെറ്റോള്‍ പരിമണം, മൂത്ര ഗന്ധം എന്നിവ പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍. എങ്കിലും മാറാത്ത ഒന്നുണ്ട് ; പച്ച നിറം . കട്ടിലില്‍ വിരിച്ച തുണിയുടെയും, ജനലിലെ കര്ട്ടന്റെയും , കക്കൂസിലെ മഗ്ഗിന്റെയും നിറം പച്ച തന്നെ . ആശുപത്രികള്‍ ഉണ്ടായ കാലം മുതല്‍ക്കേ മുസ്ലിം ലീഗ് ആരോഗ്യ വകുപ്പ് ഭരിക്കുന്നത് പോലെ തോന്നും കണ്ടാല്‍ ... ഈ പച്ച നിറം ഒഴിച്ചാല്‍ ആകപ്പാട് ഒരു അവധി ആഘോഷിക്കാന്‍ ആശുപത്രിയില്‍ മുറിയെടുത്ത സുഖം തോനുന്നു.
പ്രീ - ഓപ്പറേഷന്‍ എട്ടാം വാര്‍ഡില്‍ ആകെയുള്ള മൂന്ന് കട്ടിലില്‍ ഒഴിവുള്ള ഒന്നില്‍ ഞാന്‍ സ്ഥാനം പിടിച്ചു . എന്റെ വലത് വശത്ത് ഒരു നാല്‍പതു വയസ് തോനുന്ന ഒരാള്‍ കണ്ണ് മിഴിച് മുകളിലേക്ക് നോക്കി സ്വപ്നം കണ്ടു കിടക്കുന്നു . സ്വപ്നത്തില്‍ ഒരു ചെമ്പ്  ബിരിയാണി കഴിച്ചത് പോലെ അങ്ങേരുടെ വയര്‍ വീര്‍ത്ത് നില്‍ക്കുന്നു.
"എന്നാ ഉണ്ട് ചേട്ടാ ... സുഖമാണോ ? " അങ്ങനിപ്പോ ഒറ്റക്ക് ബിരിയാണി കഴിക്കണ്ടാടാ മോനെ എന്ന് കരുതി ഞാന്‍ ഉറക്കെ വിളിച്ചു .
പണി ഏറ്റു...  അങ്ങേരു ഞെട്ടിയതിനോപ്പം ആ വലിയ വയറും കുലുങ്ങി .
"അല്ല ... ഞാന്‍ കരുതി വല്ല സ്വപ്നവും കാണുവായിരുന്നു എന്ന് ...., ചേട്ടന്‍ ഉറങ്ങുവായിരുന്നോ" ഞാന്‍ എന്റെ മുപ്പത്തി രണ്ട് + ഒരു കോമ്പല്ല് ആകെ  മുപ്പത്തി മൂന്ന് പല്ലും കാട്ടി ചോദിച്ചു
 എന്റെ ഇടത് വശത്ത് നിന്ന്  കള്‍ച്ചര്‍ ലെസ്സ് നാട്ടിന്‍ പുറത്തെ ഒരു വയസ്സായ ശബ്ദം പതുക്കെ പറയുന്നു  " ചാകാന്‍ കെടക്കുന്നവനോടാ സോഖം തെരക്കുന്നെ "
ഞാന്‍ തിരിഞ്ഞു നോക്കി . ഏതോ ഒരു കുഗ്രാമത്തില്‍ നിന്നും വന്ന ഒരു അമ്മച്ചി അടുത്ത കട്ടിലില്‍ ഇരിക്കുന്നു . ഒരു വലിയപ്പച്ചന്‍ ഭിത്തിയില്‍ തലയിണ ചാരി അതില്‍ കിടന്നു എന്തോ കഴിക്കുന്നു . ഞാന്‍ ഒന്നൂടെ നോക്കി; 

വായില്‍ ബണ്‍ കടിച് പിടിച്ച് എന്നെ നോക്കുന്ന ആ രൂപത്തെ ഓര്‍മയില്ലേ .....ല്ലേ...... ഉണ്ട്...ണ്ട്

ഉദ്ദേശം ഒരു പത്ത് പതിനൊന്നു വര്ഷം മുന്‍പാണ്‌ . എന്റെ പത്താം ക്ലാസ്സ്‌  ഓണം വെക്കേഷന്‍

മാനവും മണ്ണും ചെറു മഴയില്‍ നനഞ്ഞു നിന്ന പൂരാടം ..., ഇനി രണ്ടാം നാള്‍ ഓണമാണ്
രാവിലെ തിണ്ണയില്‍ തിണ്ണമിടുക്ക് കൊണ്ട്  അയല്‍വക്കത്തെ കൂട്ടുകാരെ പഞ്ച് പിടിച്ചു തോല്‍പ്പിച് കൊണ്ടിരിക്കുവായിരുന്നു ഞാന്‍
വീട്ടില്‍ എല്ലാവരും ഓണത്തിന്റെ തിരക്കില്‍ .... എന്തിലും ഏതിലും ഓണം എന്നൂടെ ചേര്‍ത്ത് സംസാരിക്കുന്ന സമയം
" ഡാ പോയി കുളിയെടാ... നാളെ കഴിഞ്ഞാല്‍  ഓണമാണ്  "
" രാവിലെ തന്നെ തുടങ്ങിയോ കളി .. ഓടി നടന്നു കയ്യും കളും ഓടിക്കരുത്   ഓണമാണ്"
" മോനെ ഇത്തിരി വിറക് ഒന്ന് കീറിയെ... ഓണമല്ലേ "
ഇത് കേള്‍ക്കുന്ന നാട്ടുകാര് കരുതും ഞാന്‍ ഓണത്തിനെ കുളിക്കു, വിറക് കീറു .. എന്നൊക്കെ; സത്യത്തില്‍ ഞാന്‍ അലാവുദീന്റെ കയ്യീന്ന് കളഞ്ഞു പോയ ഭൂതമാണെന്ന് എനിക്കല്ലേ അറിയൂ.
ടണി.... കിണി.... എന്നുള്ള സൈക്കിള്‍ ബെല്ലിന്റെ ശബ്ദം  എന്റെ ശ്രെദ്ധ തെറ്റിച്ചു
"ഡാ അനിയന്‍ കുട്ടാ ...., ഒന്ന് പെട്ടെന്ന് വന്നേ... " അടുത്ത വീട്ടില്‍ മുന്പ് താമസിച്ചിരുന്ന രാജീവന്‍ ചേട്ടായി എന്നെ വിളിക്കുന്നു
കണ്ടം ക്രിക്കറ്റ്‌ ക്ലബ്ബിന്റെ പഴയ ക്യാപ്ടന്‍ ആയിരുന്നു;  നാലഞ്ച് മാസം മുന്പ് മറ്റെങ്ങോട്ടോ താമസം മാറി പോയതില്‍ പിന്നെ ഇന്നാ ചേട്ടായിയെ കാണുന്നത്

"ഇതെന്നാ ചേട്ടായി ഈ രാവിലെ ഇതെവിടുന്നു വരുന്നു " ഞാന്‍ റോഡിലോട്ട് നടന്നുകൊണ്ട് ചോദിച്ചു .
"അതേടാ.., ഇന്നലെ മുതല്‍ അച്ഛനൊരു പൂതി,  ഓണം ഇവിടുത്തെ പഴയ വീട്ടില്‍ ആഘോഷിക്കണമെന്ന് "
" ഓ ഹോ അപ്പോള്‍ തിരിച്ചു വരുവാല്ലേ" ഞാന്‍ ചോദിച്ചു
" വയസ്സ് കാലത്തെ ആഗ്രഹമല്ലേ , ഇന്നിയിപ്പോ ഇവിടെ വരാത്തത് കൊണ്ടാ ഇങ്ങനെ കിടക്കുന്നതെങ്കിലോ ? ആ... അതിനും ഒരു യോഗം വേണം " സ്വന്തം അച്ഛന്‍ മരിക്കാത്ത നിരാശയില്‍ ചേട്ടായി പറഞ്ഞു
" അതിനിപ്പോ ഞാനെന്നാ വേണം ? " ഞാന്‍ സംശയിച്ചു
" വീടും  , കക്കൂസും ഒന്ന് വൃത്തിയാക്കണം അതിനു പറ്റിയ രണ്ടാളെ തപ്പണം "
"വീട് തൂക്കാനും കഴുകാനും അപ്പ്രത്തെ കാര്‍ത്യായനി തള്ളെ വിളിക്കാം , പിന്നെ വല്ലോ പാണ്ടികളെ കിട്ടിയാല്‍ കക്കൂസും " ഞാന്‍ പറഞ്ഞു
"  ഈ മഴയത്ത് ഏത് പാണ്ടി " ചേട്ടായി കുണ്ടി(ഠ)തപ്പെട്ടു
" ഒരാളുണ്ട് ..... ഇത്തിരി ചാരായം , ബീഡി പിന്നെ നൂറ്റമ്പത് രൂപ കാര്യം നടക്കും " 
" അതാരാടെ "
" നമ്മുടെ ബാലന്‍ .... ചൊക്ലി ബാലന്‍ "
ഞങ്ങള്‍ കുട്ട്യോള്‍ക്ക് ഒരു തമാശ കഥാപാത്രം;
നാലരയടി പൊക്കം , ജന്മനാ കുടിയന്‍, കാലിനു ചെറിയ മുടന്ത് അതായിരുന്നു ചൊക്ലി ബാലന്‍.
"  ... ബാലന്‍ വരുമോടെ ..." ചേട്ടായി ഡൌട്ടായി
" ചേട്ടായി ധൈര്യമായി ചെല്ലെന്നെ , ആ ഷാപ്പിലെങ്ങാനും ആളുണ്ടാവും ...., ഒരു ഇത്തിരി കള്ളും വാങ്ങി കൊടുത്ത് വിളി; ഞാനപ്പോഴേക്കും വീട് വൃത്തിയാക്കാനുള്ള ഏര്‍പ്പാട് ചെയ്യാം "


ലോക്കഷന്‍ ഷിഫ്റ്റെഡ്


ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു . ..
ഇപ്പോള്‍ സീനില്‍ അടുത്ത വീട്ടിലെ വിശാലമായ പറമ്പിലെ ഒരറ്റം. അവിടെ ഒരു കക്കൂസ് , അതിനു വെളിയിലായി അതിന്റെ ഒരു ടാങ്ക്
ടാങ്കിനു സമീപം നനഞ്ഞ മണ്ണില്‍ ഒരു വലിയ കുഴി കുഴിച്ചിട്ട് ബാലന്‍ വിത്ത്‌ ബക്കറ്റ്‌ , ഒരു കുപ്പി മണ്ണെണ്ണ പ്ലസ്‌ അക്സസ്സരീസ്
ഇത്തിരി അകലെ ചേട്ടായിയും, തൊട്ടടുത്ത മാവിന്റെ താഴത്തെ ശിഖിരത്തില്‍ കാഴ്ച കണ്ട് ഞാനും.
ചൊക്ലി ചുറ്റികയുമായി ടാങ്കിന്റെ വശത്തെ സിമന്റ്‌ പതുക്കെ ഇളക്കാന്‍ തുടങ്ങി .
ടാങ്കിനുള്ളില്‍ പൂര്‍വികര്‍ കുഴിച്ചിട്ട നിധിയല്ല , കുറച്ചു നാളുകള്‍ക്ക് മുന്പ് വീട്ടുകാരിട്ട ഇച്ചി ആണെന്ന് അറിയാമെങ്കിലും എനിക്ക്  ഭീകരമായ
ഒരു ആകാംഷയായിരുന്നു.
' ഇത് എങ്ങനെ ഇരിക്കും ? '
എനിക്ക് പണ്ടേ ഇതില്‍ ഇത്തിരി സംശയം ഉണ്ടായിരുന്നു . നല്ല വെളുവെളാന്നുള്ള പാല് കുടിച്ചാലും അപ്പിയിട്ടാല്‍ അത് മഞ്ഞിച്ചുണ്ടാവും
ഇന്നിയിപ്പോ ടാങ്കിനുള്ളില്‍ ഇതിനെന്തേലും മാറ്റം വരുമോ ?
ഈ സമയം കൊണ്ട് ചൊക്ലി ടാങ്കിന്റെ അടപ്പ് മെല്ലെ മാറ്റുന്നുണ്ടായിരുന്നു
ഞാന്‍ കണ്ണ് തള്ളി,  മരത്തിലള്ളി , ഉള്ളില്‍ ഒരു തള്ളലുമായി ഇരുന്നു
മെല്ലെ മെല്ലെ എനിക്ക് സംശയ നിവാരണം ഉണ്ടായി തുടങ്ങി ,
കാല്കുലേഷന്‍ എല്ലാം പൊളിഞ്ഞു .
" അയ്യേ ഇതൊരുമാതിരി കറുത്ത് ...." ഞാന്‍ ഗദ്ഗധിച്ചു
" ഇതിനു എത്ര തൊടി ആഴം ഉണ്ടാവും " ചൊക്ലി ടാങ്കിനുള്ളില്‍ മണ്ണെണ്ണ തളിക്കുന്നതിനിടയില്‍ ചോദിച്ചു .
" ഒന്നോ മറ്റോ ഉണ്ടാവൂളെന്നെ " ചേട്ടായി
നിസാരമായി  പറയുന്നു
"അത്രേ ഉള്ളോ, ഇതിപ്പോ ശരിയാക്കാം"
 
പെട്ടെന്ന് തന്നെ ചൊക്ലി ഉടുത്തിരുന്ന തോര്‍ത്ത് ഊരി, നീളന്‍ അണ്ടര്‍വെയര്‍ന്റെ വള്ളി വലിച് മുറുക്കി,  കാലില്‍ മണ്ണെണ്ണ തടവി ടാങ്കിന്റെ വശത്തിരുന്ന് ടാങ്കിനുള്ളിലെക്ക് കാലുകള്‍ വെച്ചു..
പ്ലക്.... ശ്ര്ര്ര്‍ , പ്ലും ... കുറെ ശബ്ദങ്ങള്‍ മാത്രം , ചൊക്ലി ടാങ്കിലേക്ക് താന്നുപോയി .
ഞാനും ചേട്ടായിയും പരസ്പരം നോക്കി ... ഓടണോ ... ചാടണോ.... അതോ ചോക്ളിയെ തപ്പണോ..?
അവിടെല്ലാം പെട്ടെന്ന് തന്നെ വല്ലാത്ത ദുര്‍ഗന്ധം പടര്‍ന്നു ....
ഒന്ന് രണ്ടു മൂന്ന് .... മിന്നിട്ടുകള്‍ കടന്നു പോകുന്നു
ഞാന്‍ ടാങ്കിലേക്ക് സൂക്ഷിച് നോക്കി ... അത് മെല്ലെ നിശ്ചലമാകുന്നു . ഒരു മുടിനാരു പോലുമില്ല മുകളില്‍
" ഡാ ... നിന്റെയൊരു  ചൊക്ലി... ഇന്നി എന്ത് ചെയ്യും   നമുക്ക് ടാങ്ക് മൂടിയിട്ട് ... ഓടിയാലോ ..?" ചേട്ടായി നിന്ന് വിറക്കുന്നു
അത് തന്നെ രക്ഷ .... ഞാന്‍ മരത്തില്‍ നിന്നും ഇറങ്ങി . രണ്ടുപേരും മെല്ലെ ടാങ്കിനടുത് എത്തി .
ഭും .... മുകളിലുള്ള അവശിഷ്ടങ്ങള്‍ തള്ളി മാറ്റി ഒരു കൈ പെട്ടെന്ന് മുകളിലേക്ക് വന്നു .
ഞങ്ങള്‍ ഞെട്ടി പിന്തിരിഞ്ഞു . ആ കയ്യുടെ പിന്നാലെ ഒരു തലയും കൂടെ ആ തലയുടെ  ഉടമസ്ഥന്റെ ശരീരവും . ഈ ജീവിതത്തില്‍ കണ്ട ഏറ്റവും വൃത്തികെട്ട കാഴ്ച. ചളി പോലെ ഒരു രൂപം , ഏതോ ഇംഗ്ലീഷ് സിനിമയില്‍ അഴുകിയ ശരീരവുമായി സെമിത്തേരിയില്‍ നിന്നും വരുന്ന പോലെ; എന്തൊക്കെയോ ഇറ്റി ഇറ്റി വീഴുന്നു
മുകളില്‍ കയറിയ ഉടനെ അയാള്‍ വായ തുറന്നു , കടുത്തമഞ്ഞയും കറുപ്പും നിറമുള്ള ചെറിയ ചെറിയ കഷണങ്ങള്‍ എന്തൊക്കെയോ പുറത്തേക്ക് കക്കി കളയുന്നു .... കൈ കൊണ്ട് ശരീരത്തില്‍ നിന്നും എന്തൊക്കെയോ വടിച് മാറ്റിട്ട് ഒരു ഡൈലോഗ്
" ഒന്നൊന്നര തൊടി ആഴമേ ഉള്ളു ഇല്ലെടാ നായിന്റെ മക്കളെ , @#$%% " 
പിന്നെയൊന്നും എനിക്കും ഓര്‍മ്മയില്ല , അല്ല ഓര്‍ക്കാന്‍ തോനുന്നില്ല . അതിനു ശേഷം എല്ലാ ഓണത്തിനും എന്റെ ഓര്‍മയില്‍ ആ സംഭവം വരും . നല്ല കഷണങ്ങള്‍ ഉള്ള സാമ്പാര്‍ കാണുമ്പോള്‍, മഞ്ഞ കളര്‍ ഉള്ള പരിപ്പുകറി കാണുമ്പോള്‍ , അവിയല്‍ കാണുമ്പോള്‍... എല്ലാം 
അതിനു ശേഷം ചോക്ളിയെ ഞാന്‍ കണ്ടിട്ടില്ല.
ആ ചോക്ലിയാണ് ഇപ്പോള്‍  ഈ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എന്റെ അടുത്ത് , തൊട്ടടുത് വായില്‍ ബണ്‍ കടിച് പിടിച്ച് എന്നെ നോക്കുന്ന ആ വൃദ്ധന്‍
എന്ത് ചെയ്യണം പഴയത് ഓര്‍ത്ത് ചിരിക്കണോ; അതോ പരിപ്പുകറി കൂട്ടി ചോറ് ഉണ്ണണോ !!!!



Nidheesh Krishnan

Tuesday, June 26, 2012

ഇടവമഴയും നീയും

ഇടവമഴ ഒരു ചെറു കുളിരായ്  പൊഴിയുന്നു
ഇടക്കൊരു ദു:ഖമായി നിന്‍ ഓര്‍മ്മകള്‍
ഇടക്കിടക്കൊരു; മിന്നല്‍ വെളിച്ചമായ് വീശുന്നു
ഇടനെഞ്ചിലൊരു ഇടി നാഥമായ് നിന്‍ മൊഴികളും 

മഴയില്‍, മയങ്ങി മരമെല്ലാം നില്‍ക്കവേ
മനമുരുകി ഇലപോലെ നിണമിറ്റി ഞാനും
മഴക്കാര്‍ മുഴുവനായ് പെയ്തോഴിഞ്ഞിട്ടും
മറവി തഴുകാതെ മായാതെ ഓര്‍മ്മകള്‍

സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തിയ നീ ഓര്‍മയില്‍
സന്ധ്യക്ക് ഒരായിരം പൊന്‍ദീപമായ് തെളിയുന്നു ....
സന്ധ്യാംബരം  സിന്ദൂര തിലകമായ് മാറുന്നു .....
സീമകള്‍, നിന്‍ ശരികള്‍ എന്നെ ബന്ധനസ്ഥനാക്കുന്നു ......

Tuesday, June 12, 2012

പ്രാ൪ത്ഥിക്കുവാ൯ എല്ലാവ൪ക്കും ഓരോരോ കാരണങ്ങള്‍


മഹാ ജോത്സ്യനായ ശ്രീ. വെട്ടുകുഴി രായനവറുകള്‍ മോണിറ്ററില്‍ തെളിഞ്ഞ ബ്ലോഗില്‍ തന്‍റെ തവളക്കണ്ണുകള്‍ പുറത്തോട്ട് തള്ളി നോക്കി.....
ഹും...: അപ്പോ അതാണുപ്രശ്നം……” അറുപത് രൂപാ കടയിലെ ചൈനീസ് ബൊമ്മകണക്കെ ജോത്സ്യശിരോമണി തലയാട്ടാന്‍  തുടങ്ങി.....
ഹുമ്മോ....... തെളിച്ചുപറ ജോത്സ്യരേ.. ഏത് ഹുമ്മാ... ഹിന്ദിയിലെയാണേ ഹും മാത്രമല്ല ഹമ്മും, ഹോയും, ഹേയും എല്ലാം എനിക്ക് പ്രശ്നംതന്നാ...
എന്തോന്നടേ ഇത്....ങേ..!!’ എന്ന ഭാവത്തില്‍ ജോത്സ്യ൯ എന്നെ തുറിച്ചുനോക്കി
നിന്‍റെ ഈ ഒണക്ക, ലൊഡുക്ക് പേര്..... അതാണ് പ്രശ്നം.....ബ്ലോഗില്‍ ആളുകേറണമെങ്കി നിന്‍റെ പേര് മാറ്റി ഒന്നു ശ്രമിക്കണം....
ഇത്രയും നാള്‍ അഭിമാനമായി കൊണ്ടുനടന്ന എന്‍റെ പേരിനെ ദോണ്ടേ ഒരു ഡൂക്കിളി ജോത്സ്യ൯ കോഴികൂവുന്നതിന് മുമ്പേ രണ്ട് വട്ടം തള്ളിപ്പറയുന്നു..
ഡോ... രായണ്ണാ... ദോസ്യരേ..... ബഹുമാനം രണ്ട് ഇഞ്ച് കുറച്ച് ഞാ൯  കുറുക്കി വിളിച്ചു
അണ്ണ൯....; ചുമ്മാ...; കേന്തി....; തമാശ പറയാതെ.....; കാര്യം പറ..... ഞാ വാക്കുകള്‍ക്കിടയില്‍ പരമാവധി ഗ്യാപ്പിട്ട് കലിപ്പില്‍ പറഞ്ഞു
ഡേയ്... അനിയാ..... ജോത്സ്യന്‍റെ സൗണ്ടും ഇമ്മിണി മോശമായത് പോലെ
ബ്ലോഗില്‍ തോറ്റതിന് ജോത്സ്യന്‍റെ നെഞ്ചത്ത് കേറിയാലുണ്ടല്ലോ... വൃത്തികെട്ട കമന്‍റിട്ട് നാറ്റിച്ചു കളയും ങ്ഹാ...ഹ...ങ്... ജോത്സ്യ൯ എക്കോയിട്ട് ബ്രേക്കില്ലാതെ തുട൪ന്നു
ബ്ലോഗില്‍ ആളുകേറണമെങ്കി ആദ്യം വായികൊള്ളാത്ത ഒരു പേരിട്.... കുക്കുടാനന്ദ൯, ആലുംമൂട൯, വേലിചാടി, വാഴക്കൊലക്കള്ള൯ അങ്ങനെ...  മലയാളം ബ്ലോഗന്‍റെ അടിസ്ഥാന തൂലികാനാമ ഘടനയറിയാതെ ബ്ലോഗാ൯ നടക്കുന്നു....
ഹോ... അപാര ജ്ഞാനം..... അങ്ങൊരു ദിവ്യ൯ തന്നെ....
ഒരുപാട് തള്ളല്ലേനിയാ.... കായ് കൊടുത്തിട്ട് ഏര്യ വിട്.... ജോത്സ്യര് പിണക്കത്തില് തന്നെ
ജോത്സ്യരേ... ഈ പേര് മാറ്റ്വാന്നൊക്കെ വെച്ചാ.... വീട്ടില്‍ അപ്പച്ച൯ സമ്മതിക്കോന്നാ.... പിന്നെ എസ്.എസ്.എല്‍.സി. ബുക്കിലും........
എന്ത്.....!!!! ഡേയ്.... ചുമ്മാ പുളു തട്ടിവിടാതടേ.... എസ്.എല്‍.സി. ബുക്കേ.... നിനക്കേ... വടിവേലൂന്‍റെ കോമഡികണ്ട ഉത്തരേന്‍റ്യക്കാരനെപൊലെ എന്നെ നോക്കി ജോത്സ്യര് പുശ്ചിച്ച് ചിരിക്കുന്നു.
രായണ്ണാ... ദേ...; അമ്മച്ചിയാണേ.... ഒണ്ടണ്ണാ... നല്ല പുത്ത൯മണംമാറാത്ത ഇരുന്നൂറ്റിപ്പത്ത് മാ൪ക്കിന്‍റെ ഒരെണ്ണം.....
എവിടുന്നൊപ്പിച്ചെടേ.... ങേ..... കുന്നകുളമോ, ചിന്നക്കടയോ...
ജോത്സ്യരേന്നു വിളിച്ച വായ് വെറുതെ വളുപ്പിക്കല്ലേ…..”
ഇപ്പോപറഞ്ഞയിരിക്കട്ടെ.... നീയിനി പുറത്ത് വേറാരൊടും ബുക്കിന്‍റെ കാര്യം  പറയാ൯ നിക്കണ്ട... വ്യാജന്മാരെപ്പൊക്കാ൯ മന്ത്രീടെ ഓഡറുണ്ട് പറഞ്ഞേക്കാം..
ലങ്ങേര് വിടുന്ന ലക്ഷണമില്ല.... ഞാ ദയക്കായി നീട്ടി വിളിച്ചു...
ജോത്സ്യരു മാമാ..... മഞ്ഞിച്ച മുഖം കണ്ടാവണം ജോത്സ്യരു സബ്ജക്ട് മാറ്റി..
പേരുമാറ്റുന്നത് നിന്‍റെ ഇഷ്ടം... അപ്പനോട് ആലോചിച്ച്ചെയ്യ്... പൊ....
ഇത്ര്യേം പറഞ്ഞതല്ലേ... ഒന്നുരണ്ട് നല്ല പേരൂടെ.... ഞാ൯ തലചൊറിഞ്ഞു
ഈ സംഖ്യാശാസ്ത്രമൊക്കെ ജോത്സ്യര് വെള്ളക്കാപോലെ അമ്മാനമാടുമെന്ന് പുറത്തൊക്കെ ശുത്രിയുണ്ട്.... അതാ..... ഞാ൯ ഒരു കള്ളനെ പോലെ പാളിനോക്കി
ശല്യം.... ജോത്സ്യര് കണ്ണടച്ച് പിറുപിറുക്കുന്നു....
മനസില്‍ വെള്ളം വെച്ച് പിരാകുകയാകുമോ.... ഞാ൯ ശങ്കിച്ചു..
കണ്ണുതുറന്ന ജോത്സ്യര് ഒരു പേപ്പറില് എന്തോ കുത്തിക്കുറിച്ച് എന്‍റെ നേരേ നീട്ടി....
ഇതങ്ങ്ട് വാങ്വാ..., നോം... ഗണിച്ചെടുത്ത കുറച്ച് പേരുകളാണ്... നേരെയങ്ങ്ട് പോയി അഛന്‍റെ കൈകളിലേക്ക് കൊടുത്തിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് തരാ൯ പറയ്യ്കാ... ദക്ഷിണ സമ൪പ്പിച്ച് നമിച്ച് പോയ്ക്കൊള്ളൂ.. എല്ലാം നന്നായി വരും... നമ്മുടെ പ്രാ൪ത്ഥനയുണ്ടാവും..
ഒരു നിമിഷത്തേക്ക് രായ൯ജോത്സ്യര് രായ൯നമ്പൂരിയായിമാറി....
ഇതിനെയല്ലേ മോഹ൯ലാല് ഡ്യുവ
ല്‍ പേഴ്സണാലിറ്റിന്നോ, സ്യൂഡോ പേഴ്സണാലിറ്റി (പി സൈലന്‍റ്) എന്നോ പറഞ്ഞത്.. ആവോ...
മനസ്സ് നിറയേ പഴയപേരിനോടുള്ള വെറുപ്പും, പുതിയപേരിടാനുള്ള വെമ്പലുമായ് ഞാ൯ ഓടി.....
പറമ്പില്‍ കാച്ചില്‍ വള്ളിക്ക് താങ്ങ് കൊടുക്കുകയായിരുന്ന അഛന്‍റെ കൈകളിലേക്ക് പേപ്പറ് കൊടുത്തു...
ഫാാാാ.....ഒരാട്ടും... പിറകേ പിടലിക്കൊരു താങ്ങും
ഒരു വണ്ട് ചെവിയില്‍ നി൪ത്താതെ മൂളുന്നു.....
അടുത്ത വീട്ടിലെ തെങ്ങല്‍ നിന്ന് തേങ്ങ വീണെന്ന് കരുതി കൂടപ്പിറപ്പായ അടുപ്പിനേയും, അതിലെ തീയേയും കളഞ്ഞ് ഓടി വന്ന അമ്മ കണ്ടത് ചക്കപോലെ കിടക്കുന്ന സ്വന്തം മകനേയാണ്....
ദേ... മനുഷ്യാ... അയ്യോ.... നമ്മുടെ മോനിതെന്ത് പറ്റി....
കാശു മുടക്കി നാലക്ഷരം പടിപ്പിക്കാ൯ വിട്ടതിന്‍റെ ക്ഷീണമാ... അവനവിടെ കിടക്കട്ടെ നീ ഇതൊന്നു വായിച്ച് നോക്ക്...
അച്ഛ൯ കയ്യിലെ കടലാസ് അമ്മയ്ക്ക് കൊടുക്കുന്നത് ഗന്ധ൪വ്വ൯മാ൪ താലം കൈമാറുന്നപോലെ....; ഒരു മിന്നായം പോലെ ഞാ൯ കണ്ടു....
--ഗന്ധ൪വ്വമാ൪ താലം കൈമാറുന്ന സമയത്തെങ്ങാനും കണ്ടാല്‍ നീ ചോരതുപ്പി മരിക്കും--
പ്രശസ്തമായ ആ സിനിമാവാക്യം സത്യമാണെന്ന് തോനുന്നു... വായി
ല്‍ ചോര കിനിയുന്നു...
ദുഷ്ടാ സ്വന്തം അച്ഛനെയാണോടാ ഇങ്ങനെയൊക്കെ വിളിച്ചത്..... അമ്മ സീരിയലിലെ ഏഴുമണി യക്ഷിയെപ്പോലെ അലറി...
രംഗം വഷളാകുന്നത് മനസിലാക്കിയ ഞാ൯ ഞൊടിയിടയില്‍ പേപ്പ൪ കൈക്കലാക്കി ഒരു വള്ളപ്പാടകലെ നിന്ന് തുറന്നു നോക്കി...
ആസ്ഫുജിത്ത്, അപസ൪പ്പക൯, കൃച്ഛ്രകൃത്ത്, ഛേമണ്ഡ൯.....!!!!!!!!!!!!!’
ഞാ൯ കരഞ്ഞു പോയി... അരുത്... ജോത്സ്യരുമാമാ...അരുത്..... ഇമ്മാതിരി പേരുകള്‍ ശത്രുക്കള്‍ക്ക് പോലും  ഇട്ട് ദ്രോഹിക്കരുത്....
ഒടുവില് വളരെപണിപ്പെട്ട് മെമ്പ൪ രാധേച്ചിയുടെ മധ്യസ്ഥതയില് അച്ഛനേം അമ്മേം കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിച്ചു...
ഇവ൯ അപ്പനെ മാറ്റണമെന്ന് പറയും എന്നാ ഞാ൯ ധരിച്ചിരുന്നത്.. ഭാഗ്യം... അപ്പനിട്ട പേര് മാറ്റണമെന്നല്ലേ പറഞ്ഞോള്ളൂ... മു൯ജന്മസുകൃതം....
കുരുത്തംകെട്ടവ൯.... അങ്ങനെ മതിയെടാ അപ്പോപ്പിന്നെ എല്ലാ൪ക്കും നീയാണെന്ന് മനസിലായിക്കൊള്ളും....
എന്നാപിന്നെ അങ്ങനെ ആയാലോ ....
വേണ്ട ഇത്തിരി കഷ്ടപെട്ടയാലും ഒരു പേര് കണ്ടു പിടിക്കാം ...
അങ്ങനെ ഒരുപാട് തപ്പി നടന്നു കിട്ടിയ പേരാണ് ഇത് " അമൃതം ഗമയ "
ഇത് ഒരു പ്രാര്ത്ഥനയാണ് 'അമരത്വം ലഭിക്കുമാറാകണമേ' 'അനശ്വരം ആയിരിക്കേണമേ '   എന്ന്
' വാക്കുകള്‍ അനശ്വരമാണ് ......'
അപ്പോ ഇതാണ് ഈ പേരിന്‍റെ ഉല്‍പ്പത്തിരഹസ്യം....
പഴയ ബ്ലോഗില്‍ ഒരു തള്ളിക്കയറ്റം ഇല്ലാത്തതിനാല്‍ പഴയതിനെ പുതിയ കുപ്പിയിലാക്കിയൊരു പരീക്ഷണം,  
വിശ്വാസമല്ലേ എല്ലാം......
Nidheesh krishnan