Monday, April 15, 2013

വഞ്ചന


തുടക്കത്തിൽ പേമാരിപോലെതോന്നിച്ച മഴയുടെ ശക്തി മെല്ലെ കുറഞ്ഞുവന്നു. ഇടയ്ക്ക് മരണത്തിലേക്ക് വഴുതിവീണ നിരത്തുകൾ പതിയെ ജീവന്‍റെ തുടിപ്പുകൾ കാണിച്ചുതുടങ്ങി.


അയാൾ തന്‍റെ കയ്യിലിരുന്ന പെർഫ്യൂമിന്‍റ പൊട്ടിയ കുപ്പിക്കഷണം തുറന്നുകിടന്ന ജനാലയിലൂടെ താഴേക്കെറിഞ്ഞു. ആ ബഹുനിലക്കെട്ടിടത്തിന്‍റെ താഴോട്ടുള്ള ഓരോ നിലയുംപിന്നിട്ടുകൊണ്ടത് നിരത്തിലൂടെ വേഗത്തിൽ ഒഴുകുപ്പോകുന്ന അഴുക്കുവെള്ളത്തിൽ അപ്രത്യക്ഷമായി.


“കാപ്രി ഓറഞ്ച്, വിലകൂടിയ പെർഫ്യൂമാണ്, പിന്നെ നീ ഇത് ഭാര്യേടെ മുൻപിലെങ്ങും കൊണ്ടോവേണ്ട" അയാളുടെ സുഗന്ധലേപനങ്ങളോടുള്ള ഇഷ്ടമറിയാവുന്ന സുഹൃത്ത് മാത്യൂസ് സമ്മാനിച്ചതാണത്;
"അതൊരുതരം അസുഖമാണ്, മണങ്ങളോടുള്ള ഭയം.... ഓസ്മോഫോബിയ എന്നോ മറ്റോ പറയും" അയാളുടെ ഭാര്യയുടെ സുഗന്ധവസ്തുക്കളോടുള്ള   ഇഷ്ടക്കേടും അറിയാവുന്ന മാത്യൂസ് ചിലപ്പോൾ അതേക്കുറിച്ച് വാചാലനാകും.


മഴയെ വകവെക്കാതെ യാത്രക്കാരനുമായി ഒരു റിക്ഷ നിരത്തിലൂടെ മണിയുംകിലുക്കി വേഗത്തിൽ പോകുന്നു.   ഉച്ചഭക്ഷണത്തിന് വക ലഭിച്ചതിന്‍റെ സന്തോഷത്തിലാവണം, റിക്ഷാക്കാരൻ തെല്ലുത്സാഹത്തിലായിരുന്നു.


റോഡിൽനിന്നും ആ കെട്ടിടത്തിലേക്കുള്ള നടവഴിയിൽ തന്‍റെ ഭാര്യ വച്ചുപിടിപ്പിച്ച ബോഗൻവില്ലയിലെ വെളുപ്പും, ചുമപ്പും, നീലയും നിറങ്ങളിലുള്ള മണമില്ലാത്ത പൂക്കൾ മഴവെള്ളത്തിൽ ഒലിച്ചുപോകുന്നതയാൾ തെല്ലൊരു സന്തോഷത്തോടെ നോക്കിനിന്നു. ദിവസങ്ങളുടെ ഇടവേളകൾക്കിടയിൽ അപൂർവ്വമായി കിട്ടുന്ന  ചില രാത്രികളിൽ താൻ ആസ്വദിക്കാൻ വിധിക്കപ്പെട്ട വിരസമായ, മണമില്ലാത്ത ശരീരമാണ് ആ പൂക്കളെന്നയാൾക്കുതോന്നി.
"പ്രസാദ് നിന്‍റെ ഈ മണങ്ങൾ, എനിക്ക് വയ്യ , എന്‍റെതല പെരുക്കുന്നു" രാത്രികളിൽ താൻ ഏറ്റവും കൂടുതൽകേട്ട വാക്കുകൾ അതാവും എന്നയാൾ ചിന്തിച്ചു.
   
    ഇടയ്ക്ക് വീശിയടിച്ച തണുത്തകാറ്റിൽ ജനാലയിലൂടെ മുഖത്തേക്ക് തെറിച്ചുവീണ വെള്ളത്തുള്ളികൾ ഇടതുകൈവിരലുകൾകൊണ്ട് തുടച്ചുകൊണ്ടയാൾ  മുറിക്കുള്ളിലേക്ക് തിരികേനടന്നു.


  തണുത്തൊരു ദിവസത്തിന്‍റെ കൊഴിഞ്ഞുപോയ മണിക്കൂറുകളെ ഓർമിപ്പിച്ചുകൊണ്ട് പകുതിയോളം ഒഴിഞ്ഞ മദ്യക്കുപ്പിയും, സിഗരറ്റ്കുറ്റികളും, കുറെയേറെ ഭക്ഷണസാധനങ്ങളും വൃത്തിയും ഭംഗിയുമുള്ള ആ മുറിയിലെ ഊണുമേശമേൽ തെല്ലോരഭംഗിയായ് കിടന്നു.


    കുറേനേരമായ് തുടരുന്ന നിശബ്ദതയ്ക്കും ഏകാന്തതയ്ക്കും വിരാമമിട്ട് വാതില്ക്കൽ ആരുടെയൊക്കെയോ പതിഞ്ഞ ശബ്ദംകേട്ട് അയാൾ കയ്യിലെ ഗ്ലാസ്‌ താഴെവെച്ചു.
    അയാളുടെ മുഖത്ത് അസാധാരണമായ ഒരു ആവേശവും ആകാംഷയും പ്രതിഫലിച്ചു . പുറത്ത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ എന്തിനോ തർക്കിക്കുകയാണെന്ന് അയാൾക്ക് മനസിലായി.


    കോളിംഗ്ബെല്ലിന്‍റ ശബ്ദത്തിന് കാത്തുനില്ക്കാതെ അയാൾ മുൻവാതിൽ മെല്ലെത്തുറന്നു.
പുറത്ത് കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ഒരു മധ്യവയസ്ക്കനും, ഇളംനീല നിറത്തിലുള്ള സൽവാറും കമ്മീസും ധരിച്ച, വശ്യമായ് പുഞ്ചിരിതൂവി കണ്ണിൽ കുസൃതി ഒളിപ്പിച്ച ഒരു ചെറുപ്പക്കാരിയും.
"സാർ ; നീങ്ക താനേ പ്രസാദ് സാർ ?" വന്നയാൾ സംശയത്തോടെ ചോദിച്ചു.
"അതേ", വന്നയാൾ ഒരിക്കലും ഒരു തമിഴൻ ആയിരിക്കില്ലെന്നും, ഒപ്പം താൻ ഏറെ നേരമായി കാത്തിരുന്ന ആളുകളാണെന്നും  അയാൾക്ക് മനസിലായി.


"പ്രസാദ്‌..., നീ അത്ഭുതപ്പെടും, അയാൾ സംസാരിക്കുന്ന ഭാഷകളുടെ എണ്ണമറിഞ്ഞാൽ , എ റിയൽ പോളിഗ്ലോട്ട്" മാത്യൂസ് ഇന്നലെ പറഞ്ഞത് സത്യമാണ് , ഒരു ബംഗാളി ഇത്രത്തോളം നന്നായി തമിഴ് പറയുന്നത് താൻ ആദ്യമായി കേൾക്കുകയാണ്


“നിങ്ങൾ മാത്യൂസ് പറഞ്ഞിട്ട് വരുന്ന....” ചോദ്യം മുഴുവിക്കാൻ മധ്യവയസ്ക്കൻ അയാളെ അനുവദിച്ചില്ല
"ഹാ.. ജി..., ആമാ സാർ " തന്നെ മനസിലാക്കിയ സന്തോഷത്തിൽ മധ്യവയസ്ക്കൻ പുഞ്ചിരിച്ചു.
അയാൾ  ആകെ ലഹരിയിലും ഒപ്പം പരിഭ്രമത്തിലായിരുന്നു.  ഇനി എന്താണ് വേണ്ടത് എന്നറിയാതെ അയാൾ അല്പ്പസമയം വാതിൽക്കൽ നിന്നു.
"വരൂ ", അയാൾ ചുറ്റും നോക്കി, ആരും കാണുന്നില്ല എന്നുറപ്പിച്ച്  അവരെ അകത്തേക്ക് ക്ഷണിച്ചു.
തന്നെ കടന്ന് അകത്തേക്ക് പോയ ചെറുപ്പക്കാരിയിൽ നിന്നും പ്രസരിച്ച ഗന്ധം യാളെ ഉന്മത്തനാക്കി . ‘പാരഡൈസ് , ബ്ലാക്ക്‌ ലിലി , യൂഫോറിയ .... ?, അല്ല അതൊന്നുമല്ല , ഇത് മറ്റേതോ സുഗന്ധമാണ്. ‘
വാതിലിന് കുറ്റിയിട്ട് അയാൾ അർദ്ധബോധത്തിൽ ഉള്ളിലേക്ക് നടന്നു . മകുടിയെയാണോ , പാമ്പാട്ടിയെയാണോ പാമ്പ് പിന്തുടരുന്നത് എന്ന് നിശ്ചയമില്ലാത്തത് പോലെ,   ആ ചെറുപ്പക്കാരിയെയാണോ, സുഗന്ധത്തെയാണോ അയാൾ പിന്തുടരുന്നത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം അയാൾ ലഹരിയിൽ മുങ്ങിയിരുന്നു .
മാത്യൂസ് പറഞ്ഞിരുന്നത് പോലെ കുറേ നോട്ടുകൾ രണ്ടുപേർക്കുമായി കൈമാറുമ്പോഴും അയാൾ അങ്ങ് ദൂരെ പൂക്കൾനിറഞ്ഞ താഴ്വാരത്തിൽ തേനും സുഗന്ധവും തേടി ഒരു വണ്ടിനെപോലെ മൂളി പറക്കുകയായിരുന്നു.


മുളക്കുവാൻ സാഹചര്യങ്ങൾ തേടി വർഷങ്ങളോളം ഭൂമിയിൽ കിടന്ന ഒരു വിത്തിന്‍റെ പുതുമഴയോടുള്ള ആവേശമായിരുന്നു, മധ്യവയസ്ക്കൻ കാശുമായി പോയിക്കഴിഞ്ഞ നിമിഷംമുതൽ അയാൾക്ക് ആ ചെറുപ്പക്കാരിയോട്.
സുഗന്ധമറിയാതിരുന്ന കിടക്കയുടെ പാതി അന്ന് ആവോളം സുഗന്ധം ആസ്വദിച്ചു. ഗന്ധങ്ങളുടെ അറിയാതീരത്ത് അയാൾ ആ ചെറുപ്പക്കാരിയുമായി  പാറിനടന്നു .
വർഷങ്ങളായ് തോന്നിപ്പിച്ച് കൊഴിഞ്ഞുപോയ മണിക്കൂറുകൾക്കുശേഷം, ആ സർവ്വസുഗന്ധിയെ യാത്രയാക്കി, തെറ്റുകൾ സമർത്ഥമായി  ഒളിപ്പിക്കുന്ന പരിചയസമ്പന്നനായ ഒരു കള്ളനെപോലെ അയാൾ അവിടമാകെ  വൃത്തിയാക്കി. മുറികളിൽ കൃത്രിമ സുഗന്ധങ്ങൾ തളിക്കാതെ വാതിലുകളും , ജാലകങ്ങളും തുറന്നിട്ടു.


പുറത്തുനിന്ന് വീശിയടിച്ച തണുത്തകാറ്റ്; മുറിയിലാകെ മഴയുടെ ഗന്ധം നിറച്ചു.
കുളിച്ച് ഭാര്യക്കിഷ്ടപെട്ട വെളുത്ത വസ്ത്രങ്ങളിട്ട് , സുഗന്ധങ്ങളെല്ലാം ഒഴിവാക്കി അയാൾ ചെറുതായി പെയ്യുന്ന മഴയെനോക്കി ജാലകത്തിനടുത്ത് നിന്നു.
മഴവെള്ളത്തിൽ ഒലിച്ചുപോകുന്ന മണമില്ലാത്ത കടലാസുപൂക്കൾക്ക് തനിക്ക് മനസിലാക്കാൻ പറ്റാത്ത ഏതോ മനോഹാരിത അയാൾ വെറുതെ കല്പ്പിച്ചു നൽകാൻ ശ്രമിച്ചു.  
മഴയ്യോടൊപ്പം കൊഴിഞ്ഞുപോയ ഏറെ സമയത്തിന് ശേഷം കോളിംഗ്ബെൽ അലസമായി രണ്ടുവെട്ടം ശബ്ദിച്ചു.
വാതിൽ തുറന്ന്, നനഞ്ഞ കാലടികളോടെ, ഓഫീസ് ജോലിയുടെ ക്ഷീണം നിഴലിക്കുന്ന കണ്ണുകളുമായി നിന്ന തന്‍റെ ഭാര്യയെ അയാൾ അൽപ്പനേരം നോക്കിനിന്നു.
തന്‍റെ സിരകളെ വേദനിപ്പിക്കുന്ന ഗന്ധമൊഴുകുന്ന മുറികളുടെ മാറ്റം അവളെ അത്ഭുതപെടുത്തി .
അയാൾ അവളെ തന്‍റെ ശരീരത്തോട് ചേർത്തുപിടിച്ചു .
മടുപ്പിക്കുന്ന ഗന്ധമില്ലാത്ത തന്‍റെ ഭർത്താവിന്‍റെ ശരീരം അവൾക്ക്  ആദ്യത്തെ അനുഭവമായിരുന്നു.
അവൾ അയാളോട് കൂടുതൽ ചേർന്ന് നിന്ന് മിഴികൾ മെല്ലെയടച്ചു.
"മീരാ..., ഈ പകൽ ... , ഞാൻ ഒറ്റക്ക് ... എന്ത് പ്രയാസമായിരുനെന്നോ . " അയാൾ അവളുടെ കാതിൽ മധുരതരമായി പറഞ്ഞു .
"വേണ്ട .. ഇനി എനിക്ക് അവധിയുള്ള ദിവസം മീരയും പോവേണ്ട ... " അവളുടെ മുടിയിഴകളിൽ കയ്യോടിച്ചുകൊണ്ടയാൾ പറഞ്ഞു .
അവൾ ഒന്നും മിണ്ടാതെ അയാളുടെ തോളിൽ തലചായ്ച്ചു നിന്നു .
ഒരു യുദ്ധം ജയിച്ച പോരാളിയുടെ വീർപ്പുമുട്ടലിലായിരുന്നു അയാളുടെ മനസ്.
മഴയോടൊപ്പം ചെറുതായി വീശിയടിക്കുന്ന കാറ്റിൽ അയാൾ അപ്പോഴും ആ സുഗന്ധംതേടുകയായിരുന്നു .


************************************************
Nidheesh Krishnan