Friday, August 10, 2012

കണ്ടുവോ നിങ്ങള്‍ ആ മനസ്സിനെ


നിങ്ങള്‍ കണ്ടുവോ 
കറുത്ത നിറത്തില്‍ ഒന്ന് ?
വക്കുകള്‍  കീറി ,
ക്ലാവ് പിടിച്ച് ,
അഴുക്ക് നിറഞ്ഞ ഒന്ന്..?
കാക്കക്കും കഴുകനും  വേണ്ടാതെ,
നായയും നരിയും നോക്കാതെ ,
നിണം പുരണ്ട് ,
മുള്ളുകള്‍ കൊണ്ട് മുറിവേറ്റ് ,
ശ്വാസം നിലച്ച ഒന്ന് .
അതിനെ കടന്നു പോകുമ്പോള്‍ ഓര്‍ക്കുക ..
അതെന്റെ മനസാണ് .
വേദനയില്‍ ചിരിച്ച് ....
കണ്ണീരില്‍ നനഞ്ഞു ... 
മരിച്ചു ജീവിച്ച എന്റെ മനസ്സ്.
എന്നെ പിന്നോട്ടാക്കിയ ഘടികാര ചലനത്തില്‍ 
ഒരിക്കല്‍ എനിക്കത് നഷ്ടമായി ..
ഇപ്പോള്‍ ഞാനത് തിരയുകയാണ് 
എന്നെ സ്നേഹിച്ചവരെ ,
എന്നെ ക്രൂശിച്ചവരെ ,
എന്നെ നോവിച്ചവരെ ,
എന്നെ മുറിവേല്പ്പിച്ചവരെ,
എന്നെ ശപിച്ചവരെ ,
എനിക്ക് സ്നേഹിക്കണം .
അതിനു എനിക്കെന്റെ മനസ് വേണം 
കണ്ടുവോ നിങ്ങള്‍ ആ മനസ്സിനെ

Monday, August 6, 2012

ഇന്ന് ഞാനൊരു സഖാവാണ്


നാളെ .....
എന്റെ പിന്നില്‍ ഒരു വെളുത്ത വാഹനം വരും 
സ്നേഹത്തോടെ അതെന്നെ തട്ടിയിടും 
വെളുപ്പ്‌ .....
ശാന്തിയുടെ നിറം, സമാധാനത്തിന്റെ നിറം  
അഞ്ചു ദൂതന്മാര്‍ അതില്‍ നിന്നും ഇറങ്ങും 
കയ്യില്‍ വടിയും വടിവാളും 
ശാന്തിയും വടിയും ??
സമാധാനവും വടിവാളും ??
പുതുയുഗത്തിന്റെ പ്രത്യേയശാസ്ത്രം!.
പ്രത്യേയശാസ്ത്രം
അതറിയാത്ത ഞാന്‍ 
അത്ഭുതത്തോടെ റോഡില്‍ കിടക്കും 
മുന്നിലുള്ള ദൂതന്‍ വാളിനാല്‍ ഒന്നു വെട്ടും 
കൂടെ നാലുപേരും 
ഒന്ന്, രണ്ട് , മൂന്ന് .... ഇല്ല
എണ്ണി തിട്ടം പറയാന്‍ എനിക്കാവില്ല 
അന്‍പത്തൊന്നു കാണില്ലെന്ന് തീര്‍ച്ച 
എന്റെ മുഖം ചെറുതല്ലേ ?
ഒടുവില്‍ മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് മുഴക്കും 
ഏയ് ഞാനല്ല .... 
ഞാനപ്പോള്‍ 
എന്റെ വെളുത്ത വസ്ത്രം ചുമപ്പാകുന്നത് നോക്കി 
ചിരിക്കും , ആനന്ദിക്കും 
ഒടുവില്‍  ഞാനും വിളിക്കും 
ഇങ്ക്വിലാബ്.... ഇങ്ക്വിലാബ്....
ഇതെല്ലാം ഇന്നല്ല .... നാളെയാണ്  
ഇന്ന് ഞാനൊരു സഖാവാണ് ...

Saturday, August 4, 2012

വീണ്ടുമൊരു വസന്തം


              ഇന്നലെ...
ചൊടിയിലൊരു പുഞ്ചിരിയുമായി വസന്തം വീണ്ടും വന്നു,
 തൊടിയിലെ ചെടിയെല്ലാം വീണ്ടും പുഞ്ചിരിച്ചു,
കുരുവി വന്നു , തേന്‍ നുകരാന്‍ നൂറു ശലഭവുമെത്തി,
കാറ്റിന്‍ ചിറകേറി മഴക്കാര്‍ മാഞ്ഞു പോയി ,
ഇടിമിന്നല്‍ കൊതിച്ച  മയില്‍ പിണങ്ങി നിന്നു,
കനലെരിഞ്ഞ വേനല്ക്കാഴ്ച പുഞ്ചിരിയില്‍ മറന്നു പോയി ,
ചൊടിയിലൊരു പുഞ്ചിരിയുമായി വസന്തം വീണ്ടും വന്നു .





Nidheesh Krishnan