Tuesday, June 11, 2013

ദൈവത്തെ വിൽക്കുന്നവർ



അറബിക്കടലിന്‍റെ പശ്ചാത്തലത്തിൽ, കടലിലേക്ക് ഇറങ്ങിനില്ക്കുന്ന ഒരു കുന്നിൻ മുകളിൽ ആകാശംമുട്ടെ ഉയരത്തിൽ  ചതുർബാഹുവായ ശിവൻ; വലിപ്പത്തിൽ ലോകത്തിലെ രണ്ടാമത്തെ ശിവ പ്രതിമ, കടൽക്കാറ്റേറ്റ് നില്ക്കവേ മനസ്സിൽ ആ പരമശിവ സാമീപ്യം നല്കുന്ന ആനന്ദം അതായിരുന്നു അവധിക്ക് യാത്രപോയപ്പോൾ മുരുടേശ്വരം തിരഞ്ഞെടുക്കാൻ പ്രധാന കാരണം (മുരടീശ്വരം , മുരുദേശ്വരം എന്നിങ്ങനെ പലപേരിൽ പറഞ്ഞ് കേൾക്കുന്നു ; ഇംഗ്ലീഷിൽ Murudeswar എന്ന് എഴുതാം) .
ഈ ഫോട്ടം മാത്രം അവർടെ സൈറ്റിൽ നിന്നും മോട്ടിച്ചതാ .... ബാക്കിയെല്ലാം കണ്ടാൽ അറിയില്ലേ ഞാൻ എടുത്തതാ :(

    കർണാടകയിൽ ഉത്തര കന്നഡ ജില്ലയിൽ Bhatkal താലൂക്കിലാണ് ഈ പ്രസിദ്ധക്ഷേത്രം. മംഗലാപുരത്ത് നിന്നും ഏകദേശം 160 കിലോമീറ്റർ വടക്കുമാറി NH-17 ന് സമീപമാണ് ഈ സ്ഥലം. അടുത്തായി Murudeswar എന്ന പേരിൽത്തന്നെ കൊങ്കണ്‍റയിൽവേയുടെ ഭാഗമായ ഒരു റയിൽവേസ്റ്റേഷനും ഉണ്ട്.

    മൂകാമ്പികാ ദർശനവും , സൗപർണ്ണികയിലെ കുളിരുംതന്ന ഉത്സാഹത്തിലായിരുന്നു മുരുടേശ്വരം യാത്ര തുടങ്ങിയത്. ഗൂഗിളിനായിരുന്നു ഇടയ്ക്കെങ്ങും വഴിതെറ്റാതെ കാക്കേണ്ടുന്ന ചുമതല. വിളറിയ മഞ്ഞനിറത്തിലുള്ള തമിഴ് ഗ്രാമങ്ങളേക്കാൾ എന്തുകൊണ്ടും ഭംഗിയുള്ളവതന്നെയാണ് കർണാടകഗ്രാമങ്ങൾ. വീടുകൾക്ക് പൊതുവിൽ ഒരു കേരളടച്ച്, കുറച്ച് പച്ചപ്പും കൂടുതൽ വൃത്തിയുംതോനിക്കുന്ന സുന്ദര ഗ്രാമങ്ങൾ ; വെയിലുറച്ചിട്ടും വയലുകളിൽ കഠിനമായി ജോലിചെയ്യുന്ന ജനങ്ങൾ, യാത്രയിലുടനീളം കർണാടക കണ്ണും മനവും കവർന്നെടുത്തു.

    ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെനിന്നുപോലും തലയുയർത്തി നിൽക്കുന്ന ശിവപ്രതിമ കാണാമായിരുന്നു. പിന്നീട് ആവേശമായിരുന്നു , മനസിനും വാഹനത്തിനും. അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും വഴിയരുകിൽ വാഹനങ്ങളും, സഞ്ചാരികളുടെ തിരക്കും കാണാൻ തുടങ്ങി. കടൽതീരത്തെ ആ ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും സൂര്യൻ കടലിലേക്കുള്ള യാത്രയുടെ പകുതിദൂരം പിന്നിട്ടിരുന്നു.

    നമ്മെ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കുക രണ്ട് വലിയ കോണ്ക്രീറ്റ് ആനകളാണ്; യഥാർത്ഥ ആനകളുടെ വലിപ്പത്തിൽ നിർമ്മിച്ചവ. തഞ്ചാവൂരിലെ ക്ഷേത്ര ഗോപുരം കാണണമെന്ന് ആഗ്രഹിച്ച എനിക്ക് മുന്നിൽ , ആനകൾക്ക് പിറകിലായി 249 അടി ഉയരത്തിൽ ഒരു ഗോപുരം, കണ്ണഞ്ചിപ്പിക്കുന്ന നിർമ്മാണ വൈദഗ്ധ്യം ; തമിഴ്നാട്ടിൽ നിന്നും പ്രത്യേകം വിദഗ്ദ്ധരെ കൊണ്ടുവന്ന് ചെയ്യിച്ചതാണ് ആ ഗോപുരം.   ഗോപുരത്തിന്‍റെ ഭംഗി നോക്കി മെല്ലെ അകത്തേയ്ക് ചെല്ലുമ്പോൾ ഒരു വലിയ ക്യൂ. കാര്യം തിരക്കിയപ്പോളാണ് ചില അതിശയിപ്പിക്കുന്ന കച്ചവടങ്ങൾ നടക്കുന്നത് മനസിലായത്. 2008 ൽ പണിത ഒരു പുതുതലമുറ ഗോപുരമാണത്രേ അത്, ഗോപുരത്തിൽ ഒരു എലിവേറ്റർ ഉണ്ട്, ടിക്കറ്റ്‌ എടുത്ത് അതിൽ കയറിയാൽ ഗോപുരത്തിന് മുകളിൽ കയറാം , അവിടെ തുടങ്ങുന്നു ഈ ക്ഷേത്രത്തിലെ കച്ചവടങ്ങൾ ; ഗോപുരത്തിൽ ‘പ്രൊപ്രൈറ്റർ  R N ഷെട്ടി’ എന്ന പേരോടുകൂടി ഒരാളുടെ ഫോട്ടോ കണ്ടു. അതായത് അയാളാണ് ആ ഗോപുരത്തിന്‍റെയും , എലിവേറ്ററിന്‍റെയും പ്രൊപ്രൈറ്റർ!!

    കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി അവിടെയെല്ലാം R N ഷെട്ടി എന്ന ഒരു വമ്പൻ കച്ചവടക്കാരന്‍റെ സാമ്രാജ്യം ആണെന്ന്. ഗോപുരം, ക്ഷേത്രം, ശിവ പ്രതിമ , അടുത്തുള്ള RNS സ്റ്റാർ ഹോട്ടൽ, റസ്റ്റൊറന്റ്,  ഹോസ്പിടൽ , ബീച്ച് തുടങ്ങിയവയെല്ലാം ഷെട്ടിയുടേത് ആണ്. മുന്പ് അവിടെയുണ്ടായിരുന്ന ഒരു പഴയ ക്ഷേത്രം നാട്ടുകാരുടെ അഭ്യര്ത്ഥനപ്രകാരം കച്ചവടക്കണ്ണോടെ ഷെട്ടി പുതുക്കി പണിതതാണ്.

    ഗോപുരത്തിന് വലത് ഭാഗത്തായി പ്രധാന ശ്രീ കോവിൽ , LED ലൈറ്റുകളിൽ അലങ്കരിച്ച ശ്രീകോവിൽ കണ്ടപ്പോഴേ എന്‍റെ ഭക്തി കേരളാ ബോർഡർ കടന്നു . ശ്രീകോവിലിന് പുറത്ത് ദേവീ ദേവന്മാരുടെ കുറച്ച് പ്രതിമകൾ നിർമ്മിച്ച്‌ വച്ചിരിക്കുന്നു. പുറത്തുകടന്നാൽ കാഴ്ചകൾ തുടങ്ങുകയായി ; കുന്നിൽ മുകളിലേക്ക് കയറാൻ മനോഹരമായ പടികൾ. അവിടെ 37 മീറ്റർ ഉയരത്തിൽ ചമ്രംപിടഞ്ഞ് ഇരിക്കുന്ന രൂപത്തിൽ നാല് കൈകൾ ഉള്ള ശിവന്‍റെ പ്രതിമ. കോണ്ക്രീറ്റിൽ തീർത്ത മനോഹരമായ  ശിവൻ, ഇരിപ്പിടത്തിൽ പുലിത്തോലും നന്നായി പെയിന്റ് ചെയ്ത് വച്ചിരിക്കുന്നു , എല്ലാം കോണ്ക്രീറ്റ് മയം . ഇത്ര വലിപ്പത്തിൽ കടലിനോട് ചേർന്ന് ഒരു പ്രതിമ നിർമ്മിക്കുവാൻ മുതൽ മുടക്കിയ ആ വലിയ കച്ചവടക്കാരന് പ്രണാമം. തൊട്ടടുത്തായി ഗീതോപദേശം, സൂര്യന്‍റെ രഥം,
ആത്മലിന്ഗം സ്വീകരിക്കുന്ന ബാലനായ ഗണപതി തുടങ്ങി അനേകം പ്രതിമകൾ വേറെ.

    ശിവന്‍റെ പ്രതിമയ്ക്ക് താഴെ ഒരു ക്ഷേത്രമുണ്ട്; അവിടുത്തെ കൗതുകം പത്തുരൂപയുടെ ടിക്കറ്റ്‌ എടുത്താൽ ശ്രീ കോവിലിലെ വലിയ ശിവലിംഗത്തിൽ നമുക്ക് നേരിട്ട് പൂജചെയ്യുകയും , ധാര കഴിക്കുകയും ചെയ്യാം എന്നതാണ്. കൂടെ ഉണ്ടായിരുന്നവർ എല്ലാവരും പൂജാരിമാർ ആയെങ്കിലും ഞാൻ അതിൽ നിന്നും വിട്ടു നിന്നു.
ക്ഷേത്രത്തിന് വലതുഭാഗത്ത്‌ കൂടി ശിവപ്രതിമയ്ക്ക് അടിയിലായി ഒരു ഗുഹയുണ്ട്. പതിനഞ്ചു രൂപയുടെ ടിക്കറ്റ്‌ എടുത്താൽ പുരാണത്തിലെ ചില സന്ദർഭങ്ങളുടെ പ്രതിമകൾ അവിടെ കാണാം , ഒപ്പം നല്ല ശബ്ദ പ്രകാശ ക്രമീകരണവും; ചൂടിൽ നിന്നും രക്ഷയായി ഏസിയും അവിടെ ക്രമീകരിച്ചിട്ടുണ്ട്.



കുട്ടികൾക്കായി കുന്നിൻ മുകളിൽത്തന്നെ ഒരു ചെറിയ പാർക്കും തയാറായിരുന്നു. അങ്ങനെ സിമന്റിൽ തീർത്ത ചില അത്ഭുതങ്ങൾ കണ്ടുമടങ്ങുന്ന നമ്മെ തീരത്തെ RNS ഹോട്ടൽ കാത്തിരിക്കുന്നുണ്ട് ഒപ്പം കുറെ വഴിവാണിഭക്കാരും. തല്പ്പര്യമുള്ളവർക്കായി വാട്ടർ ബൈക്കും, ചെറു ബോട്ടും ഉൾപ്പെടെ അല്പ്പം സാഹസികതയുള്ള വിനോദോപാധികൾ ബീച്ചിൽ ഉണ്ട്.
ഒടുവിൽ അസ്തമയസൂര്യപ്രഭയിൽ തെളിഞ്ഞ ശിവരൂപം കണ്ട് തിരികെ ഇറങ്ങുമ്പോൾ മനസ്സിൽ   ഭക്തിഒട്ടുംതന്നെ ഉണ്ടായിരുന്നില്ല മറിച്ച് ഏതോ പാർക്കിൽ ഉല്ലാസ വിനോദങ്ങൾ കണ്ടിറങ്ങിയ പ്രതീതി ആയിരുന്നു. എന്തായാലും കടൽക്കരയിൽ കണ്ട ശിവരൂപം അത് മറക്കാനാവാത്ത കാഴ്ച്ചതന്നെയാണ്.


Nidheesh Krishann

64 comments:

  1. നിധീഷ് എഴുത്ത് നന്നായി ടിക്കറ്റ്‌ എടുക്കാതെ കണ്ടതിന്റെ ഒരു സുഖം ഉണ്ട് ക്യാമറക്ക്‌ കഴിയാതിരുന്നത് തൂലിക നന്നാക്കിയിട്ടുണ്ട്

    ReplyDelete
  2. കുറെ നാളായി ഈ ക്ഷേത്രത്തെപ്പറ്റി അന്വേഷിക്കുന്നു.ഇതു കണ്ടപ്പോള്‍ ഏകദേശം ധാരണയായി,നന്ദി ഈ വിവരണത്തിന് .ഇനിയും യാത്രകള്‍ ആവാട്ടോ ഇത്തരം പരിചയപെടുത്തലും.

    ReplyDelete
  3. നിധീഷ്

    നന്നായി എഴുതിയിട്ടുണ്ട് ചിത്രങ്ങളും അത്ര മോശം ആയിട്ട് എനിക്ക് തോന്നിയില്ല .കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു യാത്രികൻ ആയി ഞാൻ ഇവിടെ പോയിരുന്നു ,അന്ന് ഞാൻ ഇതിലെ കച്ചവട താല്പര്യം ശ്രദ്ധിച്ചിരുന്നില്ല .എന്തായാലും നന്നായി എഴുതി വീണ്ടും അവിടെ പോയ ഒരു അനുഭൂതി ലഭിച്ചു ........

    ReplyDelete
    Replies
    1. ഒരു പത്ത് വർഷം കഴിയുമ്പോൾ അവിടം ഒരു നല്ല ബിസിനസ്‌ ഏരിയ ആയിരിക്കും ചാക്കോച്ചാ

      Delete
  4. നല്ല വിവരണം
    നന്നായി എഴുതി , നല്ല ചിത്രങ്ങൾ

    ReplyDelete
  5. നല്ല എഴുത്ത് .
    വില്പനക്കല്ലേ എല്ലാം സൃഷ്ടിക്കപ്പെടുന്നത് ..!
    ചിത്രങ്ങൾ പ്രശംസനീയം ..
    അഭിനന്ദനങ്ങൾ ...

    ReplyDelete
  6. ഞാൻ ഇതിനടുത്ത സ്ഥലത്താണ് നാല് വർഷം പഠിച്ചത്.. ഒരുപാട് ഒഴിവു ദിവസങ്ങളിൽ വൈകുന്നേരം ചിലവഴിക്കാൻ അവിടെയുള്ള പാർക്കിലും ബീച്ചിലും പോയിട്ടുണ്ട്. ഒരു കൊല്ലത്തെ ഇടിമിന്നലിൽ ശിവന്റെ പ്രതിമക്കു കേട്പാടു പറ്റുകയുണ്ടായി.. ഒരു കൈ പൊട്ടിത്തെറിച്ചു.. അപ്പോഴാണ് അറിഞ്ഞത് ആ കൈ വാട്ടർ ടാങ്ക് ആയി ഉപയോഗിക്കുന്നുണ്ട് എന്ന്..

    ReplyDelete
    Replies
    1. അത് പുതിയ അറിവാണ് ട്ടോ ; നല്ല ബീച്ചാണ് ല്ലേ

      Delete
  7. നന്ദി വിവരങ്ങള്‍ക്ക് നിധേഷ്. നല്ല വിവരണം.....ഇഷ്ട്ടായി.

    ReplyDelete
  8. നന്നായി എഴുതിയിട്ടുണ്ട് നിധീഷേട്ടാ.. ഒരിക്കല്‍ അവിടെ പോവണം എന്നുണ്ട്. വീഗാലാന്‍ഡ് യാത്ര മാറ്റി വെച്ച് ഇനിയൊന്നങ്ങോട്ടു വെച്ച് പിടിപ്പിക്കണം. സാധാരണ കപടഭക്തി വെളിവാക്കുന്ന യാത്രാവിവരണങ്ങളെക്കാള്‍ നന്നായി സത്യസന്ധമായ വിവരണം. ചിത്രങ്ങള്‍ കുറച്ചുകൂടെ ആവാമായിരുന്നു. പോയിട്ടില്ലെങ്കില്‍ തഞ്ചാവൂര്‍ ഒന്ന് പോവണം, അതുപോലെ തിരുച്ചിറപള്ളിയിലെ മലൈക്കോട്ടയും. മലൈക്കോട്ടയില്‍ പോയാല്‍ ദൈവത്തെ (ദൈവങ്ങളെ) കാണാം.. ഞാന്‍ കണ്ടിട്ടുണ്ട്. മൂന്ന് വട്ടം പോയതില്‍ രണ്ട് വട്ടവും കണ്ടിട്ടുണ്ട്.

    ReplyDelete
    Replies
    1. അതേ സംഗീത് .. തഞ്ചാവൂർ ഏറെ കാലമായി എന്നെ മോഹിപ്പിക്കുന്നു; ഒരിക്കൽ അവിടെ പോകണം

      Delete
  9. കൊള്ളാം - വായിച്ചു .. എന്നെ സംബന്ധിച്ച് ഒരു കാര്യം അറിയുമ്പോൾ സൂക്ഷ്മമായി അറിയണം എന്നാ ഒരു ആഗ്രഹമാണ് .. എങ്കിലും ഒന്നോടിച്ചു പോയെങ്കിലും ഒരു പുതിയ അറിവിന്‌ നന്ദി ..
    ശില്പങ്ങളോട് ഇത്തിരി ഇഷ്ടംമ്ണ്ട് :) :) :) , എങ്ങനെ നിർമ്മിച്ച്‌ , എന്തിൽ നിർമ്മിച്ച്‌ , അനാട്ടമി , വ്യൂ , നിറം അങ്ങനെ അങ്ങനെ ....
    മറ്റു മതക്കാര്ക്ക് പ്രവേശനം ഉണ്ടോ ?

    ReplyDelete
    Replies
    1. വലിച്ചു നീട്ടി ബോറടിപ്പിക്കേണ്ട എന്ന് കരുതി ചുരുക്കിയതാ....
      ശിഹാബ് വളരെ ചുരുക്കം ചില മണ്ടന്മാർ ഭരിക്കുന്ന ക്ഷേത്രങ്ങളിൽ മാത്രമേ ഈ അന്യമതക്കാർക്ക് പ്രവേശനം ഇല്ലാതുള്ളൂ, ഇവിടെ അങ്ങനെ ഇല്ല; (പക്ഷെ കയ്യിൽ കാശ് ഉണ്ടാവണം ഹി ഹി )
      ദൈവത്തിനെന്ത് മതം .... !!!

      Delete
  10. ഞാന്‍ പോയിട്ടുണ്ട് അവിടെ. അമ്പലത്തിന്‍റെ ഉള്ളിലെ കളികള്‍ അറിയാമായിരുന്നത് കൊണ്ട് പുറത്ത് നിന്ന് കാഴ്ച്ചകള്‍ കണ്ട് മടങ്ങി...
    അത് പോലെയുള്ള ഒരു അമ്പലദര്‍ശനത്തെക്കുറിച്ച് ഞാന്‍ എഴുതിയത് ഇവിടെയുണ്ട് - http://www.randomthoughts.co.in/2012/04/temples-of-today.html

    ReplyDelete
    Replies
    1. കാണാൻ കാഴ്ചകൾ ഏറെ ഉണ്ടവിടെ ല്ലേ ...
      ഞാൻ വായിച്ചു നിഷാ

      Delete

  11. നന്നായി എഴുതി. ചിത്രങ്ങള്‍ മോശമൊന്നും അല്ലാട്ടോ..

    ReplyDelete
  12. കഴിഞ്ഞ വർഷം ഞങ്ങൾ മുരുഡേശ്വരത്ത്‌ പോയിരുന്നു. ഒന്നുകൂടി അവിടെ പോയ അനുഭവം ഈ യാത്രാവിവരണം പ്രദാനം ചെയ്തു. അഭിനന്ദനങ്ങൾ

    ReplyDelete
  13. മനുഷ്യന് ദൈവത്തെയും പണത്തെയും ഒരേ സമയം സ്നേഹിക്ക സാദ്ധ്യമല്ല
    ഒന്നിനെ തള്ളി മറ്റൊന്നിനെ സ്വീകരിയ്ക്കാനേ സാദ്ധ്യമാകൂ എന്നൊരു ഗുരു

    ReplyDelete
    Replies
    1. ആ ഗുരൂന്റെ പേര് അജിത്ത് എന്നാണോ !!! :)

      Delete
  14. നന്നായി നിധീഷ്.... ദൈവം സ്പൊൺസേർട് ബൈ ആർ എൻ ഷെട്ടി

    ReplyDelete
  15. നല്ല വിവരണം
    ആകര്‍ഷകമായ ഫോട്ടോകള്‍
    ആശംസകള്‍

    ReplyDelete
  16. ഭക്തിയുടെ ഈ ഉല്ലാസകേന്ദ്രം പരിചപ്പെടുത്തി
    തന്നതിൽ സന്തോഷം കേട്ടൊ നിദീഷ് ഭായ്

    ReplyDelete
  17. നന്നായി എഴുതിയിട്ടുണ്ട്. കേരളത്തിനു പുറത്ത് മിക്കവാറും ഇതാണ് അവസ്ഥ എന്ന് തോന്നുന്നു. പഴനിയും മധുരയിലും എല്ലാം ഇങ്ങനെ പൈസകൊടുത്താൽ എളുപ്പത്തിൽ ദൈവത്തെ കാണാനുള്ള സൗകര്യം ഉണ്ട്.

    ReplyDelete
    Replies
    1. അതെ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്

      Delete
  18. വിവരണം നന്നായി

    ഒന്നര വര്‍ഷം മുന്‍പാണ് ഞാന്‍ ഇവിടെ പോയത്.


    ReplyDelete
  19. ആത്മീയ കച്ചവടം. ഏതായാലും അയാളൊരു കള്ളുഷാപ്പ് പണിയുന്നതിനേക്കാള്‍ നല്ലൊരു കാര്യം ചെയ്തല്ലോ?

    ReplyDelete
  20. നല്ല ഒരു യാത്ര വിവരണം . പോകണം എന്ന ആഗ്രഹം മാറ്റി വച്ച്..ഹ ഹ

    ReplyDelete
  21. നല്ല വിവരണം കൂട്ടുകാരാ
    നന്നായി പഠിച്ചു എഴുതിയത് ആണല്ലേ ..
    നന്ദി .അറിവിന്‌ ,.....

    പേര് ഈ പോസ്റ്റിനു യോജിക്കുന്നതല്ല

    ReplyDelete
  22. നല്ല വിവരണം. ചുരുങ്ങിയ വരികളിലൂടെ വ്യക്തമായൊരു ചിത്രം ലഭിച്ചു.

    ReplyDelete
  23. ഭക്തിയല്ലേ ഇപ്പഴത്തെ വലിയ മാര്‍ക്കറ്റ്...........
    നടക്കട്ടെ

    ReplyDelete
  24. ഒടുവിൽ അസ്തമയസൂര്യപ്രഭയിൽ തെളിഞ്ഞ ശിവരൂപം കണ്ട് തിരികെ ഇറങ്ങുമ്പോൾ മനസ്സിൽ ഭക്തിഒട്ടുംതന്നെ ഉണ്ടായിരുന്നില്ല മറിച്ച് ഏതോ പാർക്കിൽ ഉല്ലാസ വിനോദങ്ങൾ കണ്ടിറങ്ങിയ പ്രതീതി ആയിരുന്നു...................കലികാലം...!

    ReplyDelete
  25. ഹോഗനക്കലിനെ കുറിച്ചുള്ള വിവരണം ഒരു പാതി നോവലില്‍ എത്തി നില്‍ക്കുന്നു.അത് മുഴുവനാക്കാന്‍ വായനക്കാരില്ലല്ലോ..ഹി..ഹി..ഇത് വലിയൊരു നോവലിനുള്ള ബീജം തന്നെയാണ്.നിന്റെ യാത്രാവിവരണങ്ങള്‍ മികച്ചവ തന്നെ.നീ ഇനിയും യാത്ര പോയാല്‍ എന്നെ പോലുള്ളവര്‍ക്ക് അവിടെ പോകുകയും വേണ്ട ചുളുവിനു അവിടം കണ്ട പോലെ ഇരിക്കുകയും ചെയ്യും! അമ്പലങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ രാജാക്കന്മാരും ഇതൊക്കെ തന്നെയാണ് കണ്ടത്!ഖജനാവിലേക്ക് പണം വസൂലാക്കുക ആ ബുദ്ധിമാന്‍ ഷെട്ടിക്ക് ഒരു നമോവാകം!പിന്നെ ഇതെഴുതിയ നിനക്കും.

    ReplyDelete
  26. നല്ലൊരു വിവരണം ...ചുളുവിലൊരു സന്ദര്‍ശനം തരപ്പെട്ടു ..നന്ദി

    ReplyDelete
  27. നല്ല വിവരണം. ദൈവത്തെ വിൽക്കുന്നവർ എന്നുള്ള തലക്കെട്ട്‌ യോജിക്കുന്നില്ല എന്ന് പറയട്ടെ !

    ReplyDelete
  28. മുന്‍പ് പലയിടത്തും വായിച്ചിട്ടുണ്ട്. കാണാന്‍ ആഗ്രഹം ജനിപ്പിക്കുന്ന എഴുത്ത്

    ReplyDelete
  29. haha ellam vilkatte. go to keralarachana.blogspot.com

    ReplyDelete
  30. ഇപ്പോൾ എല്ലാ ആരാധനാലയങ്ങളും ഇങ്ങനെതന്നെയാണ് സുഹൃത്തേ... അവിടെ ഭക്തിയും, കാഴ്ചകളും വില്പനച്ചരക്കാക്കി മാറ്റിക്കഴിഞ്ഞിരിയ്ക്കുന്നു.... ദൈവാനുഗ്രഹം പൈസകൊടുത്തുവാങ്ങാമെന്ന് വിശ്വസിയ്ക്കുന്നവരുടെ ലോകത്ത്, ആരാധനാലയങ്ങൾ മൃഗശാലകളേക്കാളും തരംതാന്നുപോയാലും അത്ഭുതപ്പെടേണ്ട കാര്യമില്ല....

    മുൻപ് പല യാത്രികരുടെ വിവരണങ്ങളിൽനിന്നും മുരുദേശ്വറിനേക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഈ വിവരണം വേറിട്ടു നില്ക്കുന്നു...ചെറുതെങ്കിലും നന്നായി എഴുതിയിരിയ്ക്കുന്നു,,,, ചിത്രങ്ങൾക്ക് അല്പം കൂടി വലിപ്പം ആകാമെന്ന് തോന്നുന്നു... :)

    ReplyDelete
  31. ചിത്രങ്ങള്‍ പറഞ്ഞു... പാതി കഥ....ബാക്കി തൂലികയും...
    അറിവിന്റെ പുതിയ തീരങ്ങളിലൂടെ മാഷിനോപ്പം ചേരുന്നു....

    ReplyDelete
  32. വായിക്കുന്നവരേയും ഒപ്പം കൂട്ടിയുള്ള ഈ എഴുത്ത് ആകര്‍ഷകമാണ്.
    ചിത്രങ്ങള്‍ക്കും പറയാനുണ്ട് കഥകള്‍
    ഇനിയും വരും!

    ReplyDelete
  33. ചിത്രങ്ങൾ നന്നായിരിക്കുന്നു.
    ദൈവങ്ങളെ ഇന്ന് വയറ്റുപ്പിഴപ്പിനല്ലെ അധികവും ഉപയോഗിക്കുന്നത്.
    ആശംസകൾ...

    ReplyDelete
  34. Good post. Chithrangalum samsaarikkunnu.

    ReplyDelete
  35. ഉദരനിമിത്തം ബഹു...വേഷം എന്നല്ലേ ! ഉദരപൂരണത്തിനായി മനുഷ്യന്‍ ദൈവത്തെ ഉപയോഗിക്കുന്നു .നിധീഷ്‌ നല്ല പോസ്റ്റ്‌ .

    ReplyDelete
  36. ആ കോയിന്സിഡെൻസ് ഇവിടെ എത്തിച്ചു. ശരിയാണ് പറഞ്ഞത് അവിടെ നിൽക്കുമ്പോൾ അതൊരു അമ്പലം ആണെന്ന് തോന്നിയതേയില്ല. അത്രയും മുകളിൽ നിന്നും കടൽ കാണുന്ന സുഖം തന്നെയാണ് അനുഭവിച്ചത് ഒപ്പം സാക്ഷാൽ പരമശിവന്റെ വിസ്മയരൂപദർശനവും !

    ReplyDelete
  37. നന്നായിട്ടുണ്ട്, നിതീഷ്. നല്ല അവതരണം. ആശംസകള്‍.

    ReplyDelete
  38. ദൈവം തന്നെയാണ് ഏറ്റവും മാർക്കറ്റ്‌ ഉള്ള വില്പന ചരക്കു !

    അത് തന്നെയാണ് ഏറ്റവും വലിയ വ്യവസായവും !!

    ReplyDelete
  39. ചിത്രങ്ങളിലൂടെ ഒരു യാത്ര ... മനോഹരമായി. ഇതിനെ കുറിച്ച് പണ്ടെപ്പോഴോ ഒരു മാഗസിനില്‍ വായിച്ചത് ഓര്‍മ്മ വന്നു.... ആശംസകള്‍..

    ReplyDelete
  40. ഈ അമ്പലത്തെ കുറിച്ച് കേട്ടിടുണ്ട്. പോയിട്ടില്ല.
    പൈസ് കൊടുത്താല്‍ ദേവനെ/ദേവിയെ അടുത്ത് നിന്ന് കാണാന്‍ ഉള്ള സെറ്റപ്പ് കേരളം വിട്ടാല്‍ സാധാരണമാണ്.
    കുറച്ചു കൂടെ വലിയ പടങ്ങള്‍ ആകാമാരുന്നു.

    ReplyDelete
  41. പറയപ്പെട്ട സ്ഥലത്ത് കൂടി ഞാനും അറിയാതെ സഞ്ചരിച്ചു ,യാത്രകള്‍ തുടരെട്ടെ യാത്രാവിവരണവും: നല്ല പോസ്റ്റ്‌

    ReplyDelete
  42. യാത്രകൾ തുടരട്ടെ .. ഇഷ്ട്ടമായി മുരുടേശ്വരം ഒത്തിരി
    വീണ്ടും വരാം
    സസ്നേഹം,
    ആഷിക് തിരൂർ

    ReplyDelete
  43. നല്ല വിവരണം... :)
    നല്ല എഴുത്ത് .... :)

    ReplyDelete
  44. പിന്നെ ഒന്നും എഴുതീല്ലേ?

    ReplyDelete
  45. വായനക്കാര്‍ അനുയാത്രികരായിപ്പോവുന്നുവല്ലോ യാത്രികാ ,,,,, :)
    തുടരുക.................തുടരുക

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....