ഓടുകയാണ്...
വേനലുകൊന്ന
കുളങ്ങളിലൂടെ, വെള്ളംവറ്റിയ ഞരമ്പുകളിലൂടെ, കണ്ണുനീര്‍വീണ്
വിണ്ടുകീറിയപാടങ്ങളിലൂടെ കൈകള്‍ ഉയര്‍ത്തി ഭഗവാന്‍.. ഭഗവാന്‍...
എന്നലമുറയിട്ട്
വെള്ളംകിട്ടാതെ
മരിച്ച കാളക്കുപകരം നിലമുഴുന്നവനും, ചെളികിട്ടാതലഞ്ഞ കൊശവനും, പേറെടുപ്പ്
നിര്‍ത്തിയ പതിച്ചിയും, ചാവുകാത്തുകിടന്ന പന്നിയും, പാമ്പും ഓടുകയാണ്;
കലപ്പയും, ഉലക്കയും, മുറത്തിലെ അവസാന ധാന്യമണിയും വലിച്ചെറിഞ്ഞ് ഗ്രാമം
മുഴുവന്‍ ഓടുകയാണ്.

കുടിനീരുതേടി ആഴ്ന്നിറങ്ങി നിരാശബാധിച്ച്, വേരുകള്‍ദ്രവിച്ച മരങ്ങള്‍ ജനങ്ങളുടെ കാലടികളുയര്‍ത്തിയ പ്രകമ്പനങ്ങളില്‍ കടപുഴകിവീണു.
ഉണങ്ങിവരണ്ട ശവശരീരങ്ങള്‍ ഉപേക്ഷിച്ച് കഴുകന്മാര്‍ ഭയപ്പാടില്‍ പാറകൂട്ടങ്ങള്‍ ലക്ഷ്യമാക്കി പറന്നകന്നു.
പുറത്തെ ആരവങ്ങള്‍ കേട്ടാണ് ശ്രീകോവിലില്‍ ഇതിഹാസങ്ങളിലെദൈവം ഉറക്കമുണര്‍ന്നത്.
യുഗങ്ങളായി തുടരുന്ന ദീര്‍ഘമായ നിദ്ര മുടങ്ങിയ ഈര്‍ഷയോടെ കണ്ണുതുറന്ന ദൈവം പുറത്തെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു.
എന്തിനാവും ഈ കോലാഹലങ്ങള്‍?
തന്നെ ഉണര്‍ത്തി സമൃദ്ധമായ തോട്ടത്തിലെ ആദ്യവിളവോ, പൂജയോ സമര്‍പ്പിക്കാന്‍ വരുന്ന കര്‍ഷകരാവുമോ?
ദൈവം സുസ്മേരവദനനായി അല്‍പ്പനേരം കാത്തിരുന്നു.
ഇല്ല, സുഗന്ധം
പരത്തുന്ന അരളിപ്പൂക്കള്‍ ക്ഷേത്രത്തില്‍ ആരും കൊണ്ടുവന്നതായി
തോനുന്നില്ല; തിടപ്പള്ളിയില്‍ പായസത്തില്‍ പശുവിന്‍നെയ്യ് ചേര്‍ക്കുന്ന
നറുംമണവും വരുന്നില്ല.
തന്‍റെ ദീര്‍ഘമായ നിദ്ര, ബോധമണ്ഡലത്തെ ബാധിച്ചോ എന്ന് ദൈവത്തിന് സംശയമായി.
ആകാംക്ഷയോടെ ദൈവം പുറത്തെ ശബ്ദത്തിനായി കാതോര്‍ത്തു.
പുറത്ത് ജനക്കൂട്ടം ആര്‍ത്ത് വിളിക്കുന്നു ' ജയ് ഭഗവാന്‍ ...ജയ് ഭഗവാന്‍'.
വിളയും, കളയും കിളിര്‍ക്കാത്ത വയലുകള്‍ക്കപ്പുറം പാറക്കൂട്ടങ്ങള്‍ അതേറ്റുവിളിച്ചു.
ദൈവം
പുഞ്ചിരിച്ചു. ജനങ്ങള്‍ എത്ര കഠിനഭക്തരാണ്; വെയില്‍ താഴ്ന്ന്
തുടങ്ങിയിട്ടേ ഉണ്ടാവൂ. എന്നിട്ടും ഭക്തിയുടെ കാഠിന്യംമൂലം അവര്‍ എത്ര
ശബ്ദത്തിലാണ് തന്നെ സ്തുതിക്കുന്നത് . ദൈവത്തിനവരോട് അലിവുതോന്നി .
"വറുതികള്‍ തീര്‍ക്കാനായി; വരള്‍ച്ച മാറ്റാനായി നമ്മുടെ
നാടിനേയും, നാട്ടാരേയും അനുഗ്രഹിക്കാനായി സംപൂജ്യ സത്യഭഗവാന്‍ ഏതാനും
നിമിഷങ്ങള്‍ക്കുള്ളില്‍ ഇവിടെ എത്തിച്ചേരുന്നതായിരിക്കും "
ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയ വാക്കുകളില്‍ ശ്രീകോവിലില്‍ ഇരുന്ന് ദൈവം ഞെട്ടിത്തരിച്ചു .
'സത്യഭഗവാന്‍....! അപ്പോള്‍ താന്‍ ആരാണ്; താന്‍ സത്യമല്ലെന്നോ?' തന്‍റെ അസ്ഥിത്വത്തില്‍ ദൈവത്തിനുതന്നെ സംശയം തോന്നി .
എന്താണ് ഇനി സംഭവിക്കുക; ആരാണ് വരുന്നത്; ദൈവം ആകാംക്ഷയോടെ കാതോര്‍ത്തു.
സൂര്യനെ മൂടുന്ന ധൂളീപടലമുയര്‍ത്തി
ദൂരേദിക്കില്‍നിന്നും വാഹനങ്ങള്‍ അടുത്ത് വരുന്നു.
ജനങ്ങളുടെ ആരവങ്ങള്‍ ഉച്ചത്തിലായി.
ആര്‍പ്പുവിളികള്‍ ഊഷരഭൂമിയിലെ വിള്ളലുകളിലൂടെ പാതാളത്തില്‍ത്തട്ടി
പ്രതിധ്വനിച്ചു.
പ്രതിധ്വനിയില്‍ വിറച്ച ദൈവം എന്താണ് സംഭവിക്കുക എന്നറിയാന്‍ മെല്ലെ എഴുന്നേറ്റു.
നിമിഷങ്ങള്‍ക്കകം ജനങ്ങള്‍ നിശബ്ദമായി. അവരുടെ ഓരോ നിശ്വാസവും ദൈവത്തിന് കേള്‍ക്കുവാന്‍ സാധിക്കുന്നുണ്ട് .
അവര്‍ ആരുടെയോ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണെന്ന് ദൈവത്തിന് തോന്നി.
പുറത്ത് ഉച്ചഭാഷിണിയിലൂടെ ഭഗവാന്‍ സ്വര്‍ഗ്ഗീയഭാഷയില്‍ സംസാരിച്ച് തുടങ്ങി.
അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച :"
അല്‍പ്പസമയത്തിനുശേഷം ഭഗവാന്‍റെ വാക്കുകള്‍ ശിഷ്യന്‍ സാധാരണക്കാരനെ പറഞ്ഞ് മനസിലാക്കി
“ഭക്തരേ
നിങ്ങള്‍ സര്‍വ്വവും ത്യജിക്കുക, നിങ്ങളുടെ ധനവും ധാന്യവും എനിക്കായി
ത്യജിക്കുക. എന്നില്‍ ശരണം പ്രാപിക്കുക, ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട് “
ദൈവം
അത്ഭുതപരതന്ത്രനായി. ‘താന്‍ പറഞ്ഞ വാക്കുകള്‍; എന്നാണെന്ന് കൃത്യമായി
ഓര്‍മ്മവരുന്നില്ല പക്ഷെ അത് ഇങ്ങനെയാണോ ജനം മനസിലാക്കിയത് ?’.
ജനങ്ങളെ രക്ഷിക്കാന്‍ മറ്റൊരാള്‍!, ഇനി ഏതെങ്കിലും അവതാരമായിരിക്കുമോ?
എങ്ങനെയും പുറത്തുകടന്ന് ആ രക്ഷകനെ കാണണം .
ശ്രീകോവിലിന്‍റെ വാതില്‍ മെല്ലെത്തുറന്ന ദൈവം ക്ഷേത്രത്തിന് പുറത്തെ ജനസാഗരം കണ്ട് അത്ഭുതംകൂറി.
ദാരിദ്രം മുറ്റി രേഖകള്‍ മാഞ്ഞ കൈകള്‍ നോക്കി ജനങ്ങള്‍ തമ്മില്‍ ചോദിച്ചു "എന്ത് ത്യജിക്കും?”
അവര്‍ തിരികെ വീടുകളിലേക്ക് ഓടി.
ഭൂതകാലത്തെ ജീവനുള്ളതാക്കിയ പച്ചപ്പായിരുന്നു അവരുടെ മനസ്സുനിറയെ, കണ്ണുകളില്‍ കരിഞ്ഞുണങ്ങിയ, കരിവാളിച്ചഭൂമിയും.
ത്യജിക്കണം, എല്ലാം ത്യജിക്കണം; ഭഗവാനെ പ്രീതിപ്പെടുത്തണം.
അവര്‍ ജീവനോടെശേഷിച്ച
പശുക്കളേയും, കോഴികളേയും, പന്നികളേയും, കുഞ്ഞുവയറുകളുടെ നിലവിളിയകറ്റാന്‍
ഉടുതുണിയില്‍ക്കെട്ടിവെച്ച ധാന്യങ്ങളും മതിവരാതെ തങ്ങളുടെ ഉടുവസ്ത്രങ്ങളും
ഭഗവാനായി ത്യജിച്ചു .
നഗ്നരായഭക്തര്‍ ത്യജിച്ച വസ്തുക്കള്‍ ഭഗവാന്‍റെ ശിഷ്യര്‍ വാഹനങ്ങളില്‍ കയറ്റിവെച്ചു .
ഒരു
അണുവിടപോലും മുന്നോട്ട് പോകുവാനാകാതെ ദൈവം ജനക്കൂട്ടത്തിന് പിന്നിലൂടെ
തലങ്ങും വിലങ്ങും നടന്നു . തിരക്കുമൂലം ദൂരത്തെ ഭഗവാനെ കാണാന്‍
സാധിക്കുന്നില്ല .
പെട്ടെന്ന് ദൈവത്തിന് ഒരുപായം തോന്നി; ക്ഷേത്രമുറ്റത്തെ ആല്‍മരത്തിലെ മുകളിലെ ശാഖയില്‍ ദൈവം കയറിപറ്റി .
പണ്ടൊരിക്കല്‍
ദൈവം കുളിക്കാന്‍പോയ പെണ്ണുങ്ങളുടെ തുണിമോഷ്ടിച്ചു ആല്‍മരത്തില്‍
കയറിയകഥകേട്ട ഓര്‍മ്മയില്‍ ആല്‍മരം നാണംകൊണ്ട് ചില്ലകള്‍ വളച്ചു.
ഭഗവാന്‍റെ
അപദാനങ്ങള്‍ വാഴ്ത്താനായി ഒരു ശിഷ്യന്‍ ഉയര്‍ന്ന പീഠത്തില്‍ കയറി
ക്ഷേത്രത്തിലേക്ക് നോക്കി പറഞ്ഞു, "ഇവിടെ ഒരു ഭഗവാനേ സത്യമായുള്ളൂ ; അത് ഈ
സത്യഭഗവാന്‍ ആകുന്നു . സംശയമുള്ളവര്‍ തിരിഞ്ഞു നോക്കൂ "
ജനക്കൂട്ടത്തിന് പിറകില്‍ നിന്നവന്‍ വിളിച്ചു പറഞ്ഞു 'ശ്രീകോവിലില്‍ ദൈവം ഇല്ല … ദൈവത്തെ കാണുന്നില്ല...'
ജനങ്ങള്‍ തിരിഞ്ഞുനോക്കി; ഭക്തി ഒരു ഭ്രമമായി വസൂരിപോലെ പടര്‍ന്നു. അവര്‍ അലറിവിളിച്ചു "ജയ് ഭഗവാന്‍"
"അല്ല...
അതല്ല ദൈവം ഞാനാണ് ദൈവം. എന്നെ സൃഷ്ടിച്ച പുണ്യഗ്രന്ഥങ്ങള്‍ പറയുന്നു
ഞാനാണ് ദൈവം. നിങ്ങള്‍ എന്നെയാണ് പൂജിക്കേണ്ടത്. " ആലിന്‍റെ
മുകളിലിരുന്ന്‍ ഇരുന്ന് ദൈവം വിളിച്ചു പറഞ്ഞു.
നിലനില്‍പ്പിനുവേണ്ടിയുള്ള ദൈവത്തിന്‍റെ
വാക്കുകള്‍ ഏറ്റുപറയാന്‍ വിളറിവെളുത്ത പാറക്കൂട്ടങ്ങള്‍പോലും മടിച്ചു.
കരിഞ്ഞുണങ്ങിയ കരിമ്പനകള്‍ക്ക് മുകളിലിരുന്ന് മറുതയും, മാടനും ആ നിസഹായ
ശബ്ദംകേട്ട് പൊട്ടിച്ചിരിച്ചു.
ഭഗവാന്‍ കൈകള്‍ ഉയര്‍ത്തി ജനങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചു.
കോപം പൂണ്ട ദൈവം താന്‍ ഇരുന്ന ആല്‍മരത്തിന്‍റെ ഒരു ചെറുശാഖ ഒടിച്ചെടുത്ത് ഭഗവാനെ എറിഞ്ഞു .
തന്‍റെ
കൈകളില്‍ വീണ ആല്‍മരത്തിന്‍റെ ശാഖ ഉയര്‍ത്തി ഭഗവാന്‍ പറഞ്ഞു "ഭക്തരേ...
നിങ്ങള്‍ കാണുന്നില്ലേ, ത്രിമൂര്‍ത്തികളുടെ പ്രതീകമായ ആല്‍മരം പോലും
ചില്ലകള്‍ കൊഴിച്ച് എന്നോട് ആശീര്‍വാദം ചോദിക്കുന്നു." തുടര്‍ന്ന് ഭഗവാന്‍ കൈകളുയര്‍ത്തി
ആല്‍മരത്തേയും അനുഗ്രഹിച്ചു.
അന്ധാളിപ്പില്‍ പിടിവിട്ട ദൈവം ശാഖകളും ഇലകളും കൊഴിച്ച് ആല്‍മരത്തില്‍നിന്നും താഴെ വീണു .
ജനങ്ങള്‍
ഭഗവാന് സ്തുതിഗാനങ്ങള്‍ പാടി ദൈവത്തിന്‍റെ പുറത്ത് നൃത്തം ചവിട്ടി.
അവരുടെ കാലടികള്‍ക്കടിയില്‍പ്പെട്ട് വേദങ്ങള്‍ കീറിമുറിഞ്ഞു .
അത്യധികം ഹൃദയവേദനയോടെ ദൈവം ശ്രീകോവിലില്‍ കയറി വിഷാദത്തോടെ കതകുകള്‍ മേല്ലെയടച്ചു.
അപ്പോഴേക്കും ഭഗവാന്‍ വാഹനത്തില്‍ പുറപ്പെട്ടിരുന്നു .
പുറകില്‍ നിന്നവന്‍ വീണ്ടും വിളിച്ചു പറഞ്ഞു "ശ്രീ കോവില്‍ തനിയേ അടഞ്ഞു "
“ഭഗവാന്‍..... ഭഗവാന്‍......”
മതിഭ്രമം ബാധിച്ച ജനങ്ങള്‍ ഭഗവാന്‍റെ വാഹനം പോയഭാഗത്തേക്ക് നഗ്നരായി ഓടി .
കോരിച്ചൊരിയുന്ന ഒരു മഴയുടെ ഇരമ്പലിനായി കാതോര്‍ത്ത് ദൈവം ശ്രീകോവിലിലെ ഇരുട്ടില്‍ മിഴിപൂട്ടിയിരുന്നു.
**********************************
Nidheesh Krishnan
ദൈവം , ഭഗവാന്‍ എന്ന വാക്കുകള്‍ ആരുടെയും മത / ജാതി വികാരങ്ങളെ വൃണപ്പെടുത്തില്ല എന്ന് കരുതുന്നു.
ReplyDeleteജിജ്ഞാസയുടെ , സ്വയം ബോധ്യപ്പെടലിന്‍റെ , തിരിച്ചറിവിന്‍റെ കാഴ്ച്ചയില്‍ കാണാന്‍ സാധിച്ച കാര്യങ്ങള്‍ കഥയായി എഴുതിയതാണ്. (ദൈവം ഉറക്കത്തിലാണെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങള്‍, യഥാര്‍ത്ഥ ദൈവത്തെ മറന്ന മനുഷ്യര്‍ അങ്ങനെ)
ദൈവം എന്നത് ഒരുമഹാ ശക്തിയാണെന്ന് ഞാനും കരുതുന്നു.
വേറിട്ടൊരു രചന. ഭാവുകങ്ങള്‍.
ReplyDelete.
ഭക്ഷണം വേണം, വസ്ത്രം വേണം, പാര്‍പ്പിടം വേണം, പ്രാര്ത്ഥിക്കണം / വേണ്ട. വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ നാം വിഭിന്നര്‍! ഒരാള്‍ വേറൊരാളെ എന്തിനു കുറ്റം പറയണം? എന്ത് അധികാരം? എന്തോ ആകട്ടെ, ആ ദൈവശക്തിയെ/പ്രപഞ്ചശക്തിയെ അനുസരിക്കുക. അത്രതന്നെ. ഇല്ലെങ്കില്‍? ''വിവരം'' അറിയും - ഇന്നല്ലെങ്കില്‍ നാളെ / ഉടനെ അല്ലെങ്കില്‍ പിന്നീട്.
ഇതെന്തൊരു രചനയാണ്?!ശക്തവും അതിപ്രധാനവുമായ ഇതിവൃത്തം.ഒരു പ്രത്യേക ജിജ്ഞാസയോടെ ഇത് വായിച്ചു തീരത്ത് എന്നതാണ് ശരി.ആദ്യഭാഗം വൈശാലി സിനിമയുടെ തുടക്കത്തിന്റെ ഒരു പുനര്‍ ചിത്രീകരണം പോലെ തോന്നി. നഗനരായവരെ പറ്റി ഉറക്കെ പറയാനുള്ള ചങ്കൂറ്റത്തിനു എന്റെ അഭിനന്ദനങ്ങള്‍!സമൂഹത്തിനു നേരെ തൊടുത്ത ഈ അമ്പ് കൊല്ലേണ്ട ഇടത്ത് തന്നെ കൊള്ളട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteകഥ, ഒരു പാട് വസ്തുതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്....എല്ലാം ചേര്‍ത്തു ചോര്‍ത്തുമ്പോള്‍ മനസ്സില്‍ വന്നതു ആ പഴയ സിനിമാ ഗാനമാണ് ."കണ്ണു തുറക്കാത്ത ദൈവങ്ങളെ ......"!ആശംസകള്‍ പ്രിയ സുഹൃത്തെ.
ReplyDeleteമനസ്സില്‍ത്തട്ടുന്ന അവതരണം.പേടിപ്പെടുത്തുന്ന സത്യങ്ങള്‍
ReplyDeleteദൈവത്തെ പോലും നിസ്സഹായരാക്കുന്ന 'ഭഗവാന്മാര്‍ ' കൊള്ളാം ..
ReplyDeleteഅതിഭാവുകത്വം വല്ലാതായോ എന്നൊരു സംശയം...!
ReplyDeleteഎഴുത്തിന്റെ മറ്റൊരു തലം ഇവിടെ കണ്ടു അത് ചിന്തയുടെയും കാലികമായ ചുറ്റുപാടുകളെ മനസിലാക്കാനും അവ എങ്ങിനെയെന്ന് വിലയിരുത്താനും കഴിവുള്ള ഒരു എഴുത്ത് ഇതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നു,
ReplyDeleteഅവതരണ മികവ് സ്വാഭാവികത നിലനിർത്തി തന്നെ ഇനിയും എഴുത്ത് തുടരുക ..........
എല്ലാ ആശംസകളും
മനുഷ്യരില്‍ പലരും ഇന്ന് നഗ്നരാണ്..
ReplyDeleteദൈവത്തെക്കാള്‍ വലിയ പ്രവാചകന്മാര്‍ ജനിക്കുന്ന ഈ കാലത്തിനു യോജിച്ച രചന..
ചിന്താര്‍ഹവും,അര്‍ത്ഥഗര്‍ഭവുമായ രചന.
ReplyDeleteഈ കാലഘട്ടത്തിന്‍റെ മുഖമുദ്രയായി സത്യധര്‍മ്മാദികള്‍ വെടിഞ്ഞ് സ്വാര്‍ത്ഥതാല്പര്യങ്ങളുടെ
മൂര്‍ത്തീമത്ത്ഭാവങ്ങളായ സുഖലോലുപന്മാരുടെയും,അഹങ്കാരികളുടെയും സര്‍വ്വാധിപത്യവും പാവങ്ങളുടെ ദൈന്യതകളും കരളില്‍തറക്കും വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഡോക്ടര്‍ എഴുതിയപോലെ ഈ ചെയ്തികള്‍ക്കൊക്കെ വിവരം അറിയും,ഇന്നല്ലെങ്കില്‍ നാളെ!
ആശംസകളോടെ
നിധീഷ്,
ReplyDeleteനല്ല കാമ്പുള്ള കഥ . കാലോചിതം ... ഇഷ്ടായി . ആശംസകള്‍
പ്രവൃത്തിയാണ് ദൈവം...
ReplyDeleteനന്മയും സ്നേഹവും ആണ് ദൈവം..
കല്‍പ്രതിമയോ മനുഷ്യ ജന്മങ്ങളോ അല്ലെന്ന സത്യം ഇന്നും ഇരുട്ടില്‍...
ചിന്തകളും , ഇന്നിന്റെ മനസ്സും കൂട്ടിമുട്ടുന്ന വ്യത്യസ്ഥമായ വരികള്‍ ..!
ReplyDeleteഉറക്കം നടിക്കുന്നതോ , ഉറങ്ങുന്നതോ ആയ ദൈവം .......
കൈകൂപ്പി തഴമ്പിച്ച ജനത , പ്രാരാബ്ദങ്ങളില്‍ , ചെയ്തു കൂട്ടിയ പാപങ്ങളില്‍
പ്രകൃതി തീര്‍ക്കുന്ന വിപത്തുകളില്‍ വിറങ്ങലിക്കുമ്പൊള്‍ ..
പലയിടത്തും , മനസ്സുകളിലേക്ക് പ്രവേശിക്കുന്ന ജീവനുള്ള ഭഗവാന്‍ ..!
കണ്ണുമടച്ച് വിശ്വസ്സിക്കുന്ന ജനത , അല്ലെങ്കില്‍ അവസ്സാന വട്ട
പരിഹാരമായ മനസ്സിനേ സമ്മതിപ്പിക്കുന്ന ജനത ...
" ദൈവമെന്നത് , സ്നേഹമാണെന്നും , അതു ഹൃദയത്തിലിരിക്കുന്നുവെന്നും
അവനായി ഒന്നും പ്രത്യക്ഷമായി ചെയ്യുവാനാകില്ലെന്നും " ബൊധ്യമില്ലാത്ത
സമൂഹം ചെയ്തു കൂട്ടുന്ന കോപ്രായങ്ങളുടെ നേര്‍ ചിത്രമാണീ വരികള്‍ ..
ആലിംഗനം ചെയ്യുന്ന ഭഗവാനേക്കാള്‍ , മിഴിപൂട്ടിയിരിക്കുന്ന ദൈവം എന്തു ചെയ്യാന്‍
മനസ്സു തന്നെ പ്രധാനം , ഒഴുക്ക് അങ്ങൊട്ടേക്ക് തന്നെ തിരിയും എപ്പൊഴും ...
എന്നിട്ടും ദൈവത്തിനും ഭഗവാനും കോടികള്‍ ഒഴുകുന്നു .......
പട്ടിണിക്കാരനേ ആരു കാണുന്നു ,
ഒരു നഗ്നമായ ജനതയുടെ ആരവം കേള്‍ക്കുന്നു.. ആകുലതകളുടെ ആകെ തുക..!
മനസ്സിന്റെ ചിന്തകളില്‍ നിന്നും പെയ്തു തൊരുന്ന വരണ്ട മഴ ..
അഭിനന്ദനങ്ങള്‍ സഖേ ..!
പ്രിയപ്പെട്ട നിധീഷ്,
ReplyDeleteഞാനാദ്യമായിട്ടല്ല ഇവിടെ..!! ഹ...ഹ...ഹ.. വോൾഗക്കുട്ടിയെക്കാണാൻ ഒരിയ്ക്കൽ
വന്നിരുന്നു.ഒത്തിരി ഇഷ്ടമായി.കഥകൾ ഇഷ്ടമാകാഞ്ഞിട്ടല്ല.കഥകൾ വായിച്ച് ആത്മാർത്ഥമായി അഭിപ്രായമെഴുതണമെങ്കിൽ കുറച്ചു സമയമെടുക്കും.എന്റെ ചില സാഹചര്യങ്ങൾ....
ക്ഷമ ചോദിക്കുന്നു..
ഭക്തിവ്യവസായത്തിന്റെ വൈകൃതങ്ങൾ കണ്ട് മനം മടുത്തെഴുതിയതാണീ കഥയെന്നു മനസ്സിലായി.
മനോഹരമായിത്തന്നെ അതവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.അഭിനന്ദനങ്ങൾ..വായിച്ചു വന്നപ്പോൾ നിധീഷ് ദൈവത്തെ ഒരല്പം 'വിഷമിപ്പിക്കുന്നോ'യെന്ന് എനിക്കു സംശയം തോന്നി.സത്യം..
പക്ഷേ, നിധീഷിന്റെ തന്നെ കമന്റ് വായിച്ചവസാനിച്ചപ്പോൾ അതൊക്കെ മാറി.വളരെ സന്തോഷം തോന്നി കേട്ടോ..? ദൈവം ഉറക്കത്തിലാണെന്ന് നമ്മെ തോന്നിപ്പിക്കുന്നതേയുള്ളൂ..വളരെ ശരി..!!!
എന്റെ ബ്ലോഗിൽ മിക്കപ്പോഴും ഒരു സ്നേഹ സുഗന്ധമായി കടന്നു വരാറുണ്ട് നിധീഷ്.പകരം എന്റെ സ്നേഹവും,നന്ദിയും ഒരിയ്ക്കൽ കൂടി തിരികെ നൽകുന്നു.
ഇനിയും വരാൻ ഞാൻ പരമാവധി ശ്രമിക്കും. കേട്ടോ..? ഈ പരമാവധി ശ്രമിക്കാമെന്നു പറഞ്ഞത് അഹങ്കാരമായി കരുതരുതേ.. ചില സാഹചര്യങ്ങൾ..
ഏറെ സ്നേഹത്തോടെ,
ശുഭാശംസകൾ.....
ആദ്യമായിട്ടാണ് ഇവിടെ വരുന്നത് ...മനുഷ്യ ദൈവങ്ങള്‍ക്ക് നേരെ ഒരു ചൂണ്ടു വിരല്‍ ..ഓരോ ദിവസവും ഓരോ മനുഷ്യന്‍ ആയി ദൈവ വേഷം അണിയുന്നു..ഭാവിയില്‍ ഭൂമിയില്‍ മനുഷ്യര്‍ ഇല്ലാതെ ദൈവങ്ങള്‍ മാത്രം ആയി പോകുമോ എന്തോ? ആശംസകള്‍ ..എഴുത്ത് ഇഷ്ടമായി
ReplyDeleteദൃഡമായ ഭാഷ, വലിയ ചിന്തകള്‍.
ReplyDeleteഎങ്കിലും വായനാവസാനം മെലഡിയുടെ അംശം കുറഞ്ഞുപോയ സംഗീതം പോലെ തോന്നി.
ഇത് ഭയങ്കര സംഭവമാണല്ലോടോ...അക്ഷരങ്ങള്‍ക്ക് നല്ല തീക്ഷ്ണത.
ReplyDeleteഎല്ലാ മനുഷ്യദൈവങ്ങളും ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ തന്നെ.., നാണയക്കിലുക്കത്തിനായി മാത്രം വേഷം കെട്ടുന്നവർ..
ReplyDeleteജനങ്ങള്‍ ഭഗവാന് സ്തുതിഗാനങ്ങള്‍ പാടി ദൈവത്തിന്‍റെ പുറത്ത് നൃത്തം ചവിട്ടി. അവരുടെ കാലടികള്‍ക്കടിയില്‍പ്പെട്ട് വേദങ്ങള്‍ കീറിമുറിഞ്ഞു .
ReplyDeleteഇന്ന് മനുഷ്യ ദൈവങ്ങള്‍ക്കാണ് വില..
വളരെ ശക്തമായ രചന.. കലക്കി ഭായ്.. :)
ReplyDeleteഅവനവന്റെ ഉള്ളില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന , തിരിച്ചറിയപ്പെടാതെ പോകുന്ന ദൈവീകതയായുമിതിനെ വ്യഖ്യാനിക്കാം...
ആശംസകള്‍..
ReplyDeleteനിധീഷെ, നന്നായിട്ടുണ്ട്.
ഇതുവയിച്ചപോള്‍ ഭാരതീയ ആത്മീയ ദര്‍ശനം എങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു വ്യകതം..
ദൈവമെ.. എല്ലാവരും അതു തിരിച്ചറിയണെ..
ആശംസകള്‍..
എല്ലാ സംവിധാനങ്ങളും പ്രകൃതിയിൽ ഒരുക്കിയിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചു വിട്ടത്. അതിനു ശേഷമുള്ള കാര്യങ്ങൾക്കൊന്നും മൂപ്പിലാൻ ഉത്തരവാദിയല്ല...!
ReplyDeleteകുറച്ചു നാളു കൂടി വായിച്ച അര്‍ത്ഥവത്തായ ഒരു കഥ. അഭിനന്ദനം സുഹൃത്തേ.
ReplyDeleteയഥാര്‍ത്ഥ ദൈവത്തിനപ്പുറമുള്ള കാഴ്ചദൈവങ്ങള്‍ക്കാണു ഇന്ന് മാര്‍ക്കറ്റും വിശ്വാസവും! കാഴ്ച്ചദൈവങ്ങളില്‍ നിന്ന്‍ നിവേദ്യം പ്രതീക്ഷിക്കുന്ന ജനങ്ങളും, ജനങ്ങളില്‍ മാസ്മരികത സൃഷ്ടിക്കാനുള്ള കാഴ്ച്ചദൈവങ്ങളുടെ തരികിടയും ഒരു നാണയത്തിന്റെ രണ്ടു വശം പോലെ ചേര്‍ന്നിരിക്കുന്നു. ഇത് തിരിച്ചറിയുമ്പോള്‍ മാത്രമേ മാനുഷര്‍ രക്ഷപ്പെടാന്‍ പോകുന്നുള്ളൂ.
ReplyDeleteനന്നായിരിക്കുന്നു.
നന്നായിട്ടുണ്ട് ...അഭിനന്ദനങ്ങള്‍ :)
ReplyDeleteമനുഷ്യര്‍ ദൈവങ്ങള്‍ ആകുന്ന ഈ കാലത്ത് ..... ഭൂമി ദൈവങ്ങളെ കൊണ്ട് നിറയുന്നു ..... എധാര്‍ത്ത ദൈവം മരക്കൊമ്പിലും
ReplyDeleteദൈവം അത്ഭുതപരതന്ത്രനായി. ‘താന്‍ പറഞ്ഞ വാക്കുകള്‍; എന്താണെന്ന് കൃത്യമായി ഓര്‍മ്മവരുന്നില്ല പക്ഷെ അത് ഇങ്ങനെയാണോ ജനം മനസിലാക്കിയത് ?’.
ReplyDeleteപരമമായ സത്യം..വെള്ളവും ഭക്ഷണവും ഇല്ലാതെ ജനങ്ങള്‍ ചത്തൊടുങ്ങുന്ന നാട്ടില്‍ ദൈവ വചനങ്ങളെ കൂട്ടുപിടിച്ച്, ഭക്ഷിക്കാത്ത ദൈവത്തിനു കോടികള്‍ ചെലവിട്ട് ഭക്ഷണഅഭിഷേകം ചെയ്യുന്ന ഭക്തന്മാര്‍..
വളരെ മികച്ച കഥ. ഈ രചനയ്ക്കു പിന്നില് ധ്യാനനിരതനായ ഒരു എഴുത്തുകാരനെ കാണാം. വീണ്ടുമെഴുതുക
ReplyDeleteദൈവവും ക്യൂ നില്‍ക്കേണ്ടിവരും തന്റെ ഭക്തരെ വഴി തെറ്റിക്കുന്നവരെ ദൈവങ്ങളെ കാണാന്‍.....
ReplyDeleteകേള്‍ക്കുന്നില്ലാരും ദൈവത്തിന്‍ വാക്കുകള്‍
കേള്‍ക്കുന്നു ഉച്ചഭാഷിണി ഘോരം ഘോരംഎന്റെ ഒരു കവിതയാണ് ഈ വിഷയത്തില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടും
അന്നു ദൈവം ഇന്ന് ഭഗവാന്‍ .....എന്നാലും ഭക്തര്‍ മാറുന്നില്ല......ഹ ഹ
ReplyDeleteഭഗവാനെ കാണാനായി ദൈവത്തെ ചവിട്ടിമെതിച്ച ഭക്തര്‍....,..
ReplyDeleteനിസ്സഹായനായ് വാതിലടച്ച ദൈവം...!
നമ്മള്‍ തന്നെ നമ്മുടെ കണ്ണുകളെ അടച്ചു അറിയാത്ത വഴികളിലൂടെയുള്ള സഞ്ചാരം..
നന്നായിട്ടുണ്ട് നിധീഷേ.. മനുഷ്യദൈവങ്ങളെ ആരാധിക്കുന്നവരോടുള്ള പുച്ഛം... ആശംസകള്‍..
വേറിട്ടൊരു രചന. നന്നായിട്ടുണ്ട് ...അഭിനന്ദനങ്ങള്‍
ReplyDeleteതികച്ചും വ്യത്യസ്തമായ എഴുത്ത്...
ReplyDeleteഅഭിനന്ദനങ്ങള്‍ സുഹൃത്തേ
സ്വന്തം ഉള്ളിലുള്ള ദൈവാംശത്തെ അറിയാതെ മായാ ദൈവത്തെ അന്വേഷിച്ചു നടക്കുന്നു ലോകം .
ReplyDeleteനല്ല എഴുത്തിന് ആശംസകള്‍ .
അതിമനോഹരം കഥപറഞ്ഞ രീതിയും ആശയവും
ReplyDeleteവേറിട്ട ഈ രചനക്ക് എന്റെ നല്ല നമസക്കാരം
വ്യത്യസ്തമായ ഒരു വീക്ഷണം. ഭക്തിയും ഭൗതികതയും അന്ധമായ വിശ്വാസങ്ങളും മനുഷ്യരെ മൃഗങ്ങളാക്കുകയാണോ?
ReplyDeleteആദ്യമായി ആണ് ഈ വഴിയെ
ReplyDeleteപരിചയമില്ലാത്ത വഴി ആണ് എങ്കിലും നല്ല കാഴ്ചകൾ കാണാൻ കഴിഞ്ഞു -
ഇത് പോലെ കാണാത്ത കാഴ്ചകൾ ആണ് കണ്ടതിനേക്കാൾ !
സമയം കിട്ടുന്നത് പോലെ ഇനിയും വരാം -
വിട്ടു പോയ കാഴ്ചകൾക്കായി -
ആശംസകൾ
ദൈവം അങ്ങ മാറിനിന്നാട്ടെ
ReplyDeleteഞങ്ങള്‍ക്കിവിടെ ആള്‍ദൈവങ്ങളുണ്ട്
അതുമതി
കഥ ശക്തം
കഥയ്ക്ക് അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി ....സ്നേഹത്തോടെ ..... നിധീഷ്
ReplyDeleteഹ ഹ ഹ അവിടെങ്ങാണ്ട് ഒരമ്പലത്തിൽ ദൈവം ഉണ്ടായിരുന്നു അല്ലെ?
ReplyDeleteഅങ്ങോർക്ക് മര്യാദയ്ക്കു കിടന്നുറങ്ങിയാൽ പോരായിരുന്നൊ
വെറുതെ ആലിന്റെ മുകളിൽ നിന്നു വീഴാനുള്ള വല്ല ആവശ്യവും ഉണ്ടായിരുന്നൊ?
കാലികം,,,,,
ReplyDeleteആള്‍ ദൈവങ്ങളുടെ കണ്ണ് കേട്ടിക്കളിയില്‍ ദൈവം പോലും നിസ്സഹായനാവുന്ന അവസ്ഥയോ..
യഥാര്‍ത്ഥ ദൈവത്തെ കാണാനാവാത്ത വിധം അന്ധരായിപ്പോയ സമൂഹത്തിന്റെ ദയനീയതയോ...
രണ്ടു ദിശയിലേക്കും വിരല്‍ ചൂണ്ടുന്ന മനോഹരവും ലളിതവുമായ എഴുത്ത്...
മനോഹരം മാഷേ.. അഭിനന്ദനങ്ങളും...
:)
ReplyDeleteപ്രിയ നിധീഷ് ആദ്യമായ് ആണ് താങ്കളുടെ ബ്ലോഗ് വായിക്കുന്നത് .
കഥാബീജം ഇഷ്ടമായ് :)
ആള്‍ദൈവങ്ങള്‍ അരങ്ങു വാഴുന്ന ഇന്നിന്‍റെ ലോകത്ത് ,അന്ധ വിശ്വാസങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ ആണ് നില്‍ക്കുന്നത് .
ഇന്നലെ വരെ അതിനു മറവുണ്ടായിരുന്നു ,ഇന്നവര്‍ ദൈവത്തിനെ വരെ തുണി പൊക്കിക്കാണിക്കുന്നു :(
എന്തായാലും ദൈവം എങ്കിലും രക്ഷപെടും എന്ന് നമുക്ക് പ്രത്യാശിക്കാം :)
എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ :)
കാലികം. ആശയം നല്ലത്.
ReplyDeleteഇന്ന് വിപണിയില്‍ ഏറ്റവും സുഖകരവും ലാഭാകരവുമായി നടത്താന്‍ പറ്റുന്ന നല്ല ബിസിനെസ്സ് ആണ് ആത്മീയത
ReplyDeleteഅതിനെ ഇഷ്ടം പ്പോലെ ഇന്ന് വില്‍ക്കുന്നവര്‍ എല്ലാം നാട്ടിലും ഉണ്ട് ഇതേതായാലും നല്ലൊരു പരിഹാസമായി ആശംഷകള്‍
നല്ല ആക്ഷേപഹാസ്യം! ജാതി മത ഭേദമെന്യെ പടച്ചവനെ തന്നെ വിറ്റു കാശാക്കുന്ന ലോകമാണിത് .
ReplyDeleteദൈവത്തെ വിട്ടു ആൾ ദൈവത്തിനു പിറകെ പോകുന്ന വിഡ്ഢികളുടെ കാലം.
ReplyDeleteനല്ല ഭാഷയും നല്ല അവതരണവും.
ഭക്തി ഭ്രമമാകുമ്പോള്‍ ....
ReplyDeleteഇതാണ് ഇന്നിന്റെ ചിത്രം
പ്രസക്തമായ, സത്യം തുടിക്കുന്ന പ്രമേയം.
ReplyDeleteശക്തമായ അവതരണവും.
നിധീഷ്,
കഥ വളരെ ഇഷ്ട്ടമായി
.അഭിനന്ദനങ്ങള്‍
കഥ വളരെ ഇഷ്ടമായെന്ന് അറിയിക്കട്ടെ. അഭിനന്ദനങ്ങള്‍
ReplyDeleteനല്ല ഒഴുക്കുള്ള ഒരു വായന.....നന്നായി...ആശംസകള്‍....
ReplyDeleteആൾ ദൈവങ്ങളേ ഇതിലേ .... ശക്തമാണ് കഥ . നല്ല രചനയാണ് . ഇങ്ങള് ഞമ്മളെ കളിയാക്കീതാല്ലേ ? :) :)
ReplyDeleteits a nice and variety read ... keep it up ..
ReplyDelete