Tuesday, June 11, 2013

ദൈവത്തെ വിൽക്കുന്നവർ



അറബിക്കടലിന്‍റെ പശ്ചാത്തലത്തിൽ, കടലിലേക്ക് ഇറങ്ങിനില്ക്കുന്ന ഒരു കുന്നിൻ മുകളിൽ ആകാശംമുട്ടെ ഉയരത്തിൽ  ചതുർബാഹുവായ ശിവൻ; വലിപ്പത്തിൽ ലോകത്തിലെ രണ്ടാമത്തെ ശിവ പ്രതിമ, കടൽക്കാറ്റേറ്റ് നില്ക്കവേ മനസ്സിൽ ആ പരമശിവ സാമീപ്യം നല്കുന്ന ആനന്ദം അതായിരുന്നു അവധിക്ക് യാത്രപോയപ്പോൾ മുരുടേശ്വരം തിരഞ്ഞെടുക്കാൻ പ്രധാന കാരണം (മുരടീശ്വരം , മുരുദേശ്വരം എന്നിങ്ങനെ പലപേരിൽ പറഞ്ഞ് കേൾക്കുന്നു ; ഇംഗ്ലീഷിൽ Murudeswar എന്ന് എഴുതാം) .
ഈ ഫോട്ടം മാത്രം അവർടെ സൈറ്റിൽ നിന്നും മോട്ടിച്ചതാ .... ബാക്കിയെല്ലാം കണ്ടാൽ അറിയില്ലേ ഞാൻ എടുത്തതാ :(

    കർണാടകയിൽ ഉത്തര കന്നഡ ജില്ലയിൽ Bhatkal താലൂക്കിലാണ് ഈ പ്രസിദ്ധക്ഷേത്രം. മംഗലാപുരത്ത് നിന്നും ഏകദേശം 160 കിലോമീറ്റർ വടക്കുമാറി NH-17 ന് സമീപമാണ് ഈ സ്ഥലം. അടുത്തായി Murudeswar എന്ന പേരിൽത്തന്നെ കൊങ്കണ്‍റയിൽവേയുടെ ഭാഗമായ ഒരു റയിൽവേസ്റ്റേഷനും ഉണ്ട്.

    മൂകാമ്പികാ ദർശനവും , സൗപർണ്ണികയിലെ കുളിരുംതന്ന ഉത്സാഹത്തിലായിരുന്നു മുരുടേശ്വരം യാത്ര തുടങ്ങിയത്. ഗൂഗിളിനായിരുന്നു ഇടയ്ക്കെങ്ങും വഴിതെറ്റാതെ കാക്കേണ്ടുന്ന ചുമതല. വിളറിയ മഞ്ഞനിറത്തിലുള്ള തമിഴ് ഗ്രാമങ്ങളേക്കാൾ എന്തുകൊണ്ടും ഭംഗിയുള്ളവതന്നെയാണ് കർണാടകഗ്രാമങ്ങൾ. വീടുകൾക്ക് പൊതുവിൽ ഒരു കേരളടച്ച്, കുറച്ച് പച്ചപ്പും കൂടുതൽ വൃത്തിയുംതോനിക്കുന്ന സുന്ദര ഗ്രാമങ്ങൾ ; വെയിലുറച്ചിട്ടും വയലുകളിൽ കഠിനമായി ജോലിചെയ്യുന്ന ജനങ്ങൾ, യാത്രയിലുടനീളം കർണാടക കണ്ണും മനവും കവർന്നെടുത്തു.

    ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെനിന്നുപോലും തലയുയർത്തി നിൽക്കുന്ന ശിവപ്രതിമ കാണാമായിരുന്നു. പിന്നീട് ആവേശമായിരുന്നു , മനസിനും വാഹനത്തിനും. അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും വഴിയരുകിൽ വാഹനങ്ങളും, സഞ്ചാരികളുടെ തിരക്കും കാണാൻ തുടങ്ങി. കടൽതീരത്തെ ആ ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും സൂര്യൻ കടലിലേക്കുള്ള യാത്രയുടെ പകുതിദൂരം പിന്നിട്ടിരുന്നു.

    നമ്മെ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കുക രണ്ട് വലിയ കോണ്ക്രീറ്റ് ആനകളാണ്; യഥാർത്ഥ ആനകളുടെ വലിപ്പത്തിൽ നിർമ്മിച്ചവ. തഞ്ചാവൂരിലെ ക്ഷേത്ര ഗോപുരം കാണണമെന്ന് ആഗ്രഹിച്ച എനിക്ക് മുന്നിൽ , ആനകൾക്ക് പിറകിലായി 249 അടി ഉയരത്തിൽ ഒരു ഗോപുരം, കണ്ണഞ്ചിപ്പിക്കുന്ന നിർമ്മാണ വൈദഗ്ധ്യം ; തമിഴ്നാട്ടിൽ നിന്നും പ്രത്യേകം വിദഗ്ദ്ധരെ കൊണ്ടുവന്ന് ചെയ്യിച്ചതാണ് ആ ഗോപുരം.   ഗോപുരത്തിന്‍റെ ഭംഗി നോക്കി മെല്ലെ അകത്തേയ്ക് ചെല്ലുമ്പോൾ ഒരു വലിയ ക്യൂ. കാര്യം തിരക്കിയപ്പോളാണ് ചില അതിശയിപ്പിക്കുന്ന കച്ചവടങ്ങൾ നടക്കുന്നത് മനസിലായത്. 2008 ൽ പണിത ഒരു പുതുതലമുറ ഗോപുരമാണത്രേ അത്, ഗോപുരത്തിൽ ഒരു എലിവേറ്റർ ഉണ്ട്, ടിക്കറ്റ്‌ എടുത്ത് അതിൽ കയറിയാൽ ഗോപുരത്തിന് മുകളിൽ കയറാം , അവിടെ തുടങ്ങുന്നു ഈ ക്ഷേത്രത്തിലെ കച്ചവടങ്ങൾ ; ഗോപുരത്തിൽ ‘പ്രൊപ്രൈറ്റർ  R N ഷെട്ടി’ എന്ന പേരോടുകൂടി ഒരാളുടെ ഫോട്ടോ കണ്ടു. അതായത് അയാളാണ് ആ ഗോപുരത്തിന്‍റെയും , എലിവേറ്ററിന്‍റെയും പ്രൊപ്രൈറ്റർ!!

    കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി അവിടെയെല്ലാം R N ഷെട്ടി എന്ന ഒരു വമ്പൻ കച്ചവടക്കാരന്‍റെ സാമ്രാജ്യം ആണെന്ന്. ഗോപുരം, ക്ഷേത്രം, ശിവ പ്രതിമ , അടുത്തുള്ള RNS സ്റ്റാർ ഹോട്ടൽ, റസ്റ്റൊറന്റ്,  ഹോസ്പിടൽ , ബീച്ച് തുടങ്ങിയവയെല്ലാം ഷെട്ടിയുടേത് ആണ്. മുന്പ് അവിടെയുണ്ടായിരുന്ന ഒരു പഴയ ക്ഷേത്രം നാട്ടുകാരുടെ അഭ്യര്ത്ഥനപ്രകാരം കച്ചവടക്കണ്ണോടെ ഷെട്ടി പുതുക്കി പണിതതാണ്.

    ഗോപുരത്തിന് വലത് ഭാഗത്തായി പ്രധാന ശ്രീ കോവിൽ , LED ലൈറ്റുകളിൽ അലങ്കരിച്ച ശ്രീകോവിൽ കണ്ടപ്പോഴേ എന്‍റെ ഭക്തി കേരളാ ബോർഡർ കടന്നു . ശ്രീകോവിലിന് പുറത്ത് ദേവീ ദേവന്മാരുടെ കുറച്ച് പ്രതിമകൾ നിർമ്മിച്ച്‌ വച്ചിരിക്കുന്നു. പുറത്തുകടന്നാൽ കാഴ്ചകൾ തുടങ്ങുകയായി ; കുന്നിൽ മുകളിലേക്ക് കയറാൻ മനോഹരമായ പടികൾ. അവിടെ 37 മീറ്റർ ഉയരത്തിൽ ചമ്രംപിടഞ്ഞ് ഇരിക്കുന്ന രൂപത്തിൽ നാല് കൈകൾ ഉള്ള ശിവന്‍റെ പ്രതിമ. കോണ്ക്രീറ്റിൽ തീർത്ത മനോഹരമായ  ശിവൻ, ഇരിപ്പിടത്തിൽ പുലിത്തോലും നന്നായി പെയിന്റ് ചെയ്ത് വച്ചിരിക്കുന്നു , എല്ലാം കോണ്ക്രീറ്റ് മയം . ഇത്ര വലിപ്പത്തിൽ കടലിനോട് ചേർന്ന് ഒരു പ്രതിമ നിർമ്മിക്കുവാൻ മുതൽ മുടക്കിയ ആ വലിയ കച്ചവടക്കാരന് പ്രണാമം. തൊട്ടടുത്തായി ഗീതോപദേശം, സൂര്യന്‍റെ രഥം,
ആത്മലിന്ഗം സ്വീകരിക്കുന്ന ബാലനായ ഗണപതി തുടങ്ങി അനേകം പ്രതിമകൾ വേറെ.

    ശിവന്‍റെ പ്രതിമയ്ക്ക് താഴെ ഒരു ക്ഷേത്രമുണ്ട്; അവിടുത്തെ കൗതുകം പത്തുരൂപയുടെ ടിക്കറ്റ്‌ എടുത്താൽ ശ്രീ കോവിലിലെ വലിയ ശിവലിംഗത്തിൽ നമുക്ക് നേരിട്ട് പൂജചെയ്യുകയും , ധാര കഴിക്കുകയും ചെയ്യാം എന്നതാണ്. കൂടെ ഉണ്ടായിരുന്നവർ എല്ലാവരും പൂജാരിമാർ ആയെങ്കിലും ഞാൻ അതിൽ നിന്നും വിട്ടു നിന്നു.
ക്ഷേത്രത്തിന് വലതുഭാഗത്ത്‌ കൂടി ശിവപ്രതിമയ്ക്ക് അടിയിലായി ഒരു ഗുഹയുണ്ട്. പതിനഞ്ചു രൂപയുടെ ടിക്കറ്റ്‌ എടുത്താൽ പുരാണത്തിലെ ചില സന്ദർഭങ്ങളുടെ പ്രതിമകൾ അവിടെ കാണാം , ഒപ്പം നല്ല ശബ്ദ പ്രകാശ ക്രമീകരണവും; ചൂടിൽ നിന്നും രക്ഷയായി ഏസിയും അവിടെ ക്രമീകരിച്ചിട്ടുണ്ട്.



കുട്ടികൾക്കായി കുന്നിൻ മുകളിൽത്തന്നെ ഒരു ചെറിയ പാർക്കും തയാറായിരുന്നു. അങ്ങനെ സിമന്റിൽ തീർത്ത ചില അത്ഭുതങ്ങൾ കണ്ടുമടങ്ങുന്ന നമ്മെ തീരത്തെ RNS ഹോട്ടൽ കാത്തിരിക്കുന്നുണ്ട് ഒപ്പം കുറെ വഴിവാണിഭക്കാരും. തല്പ്പര്യമുള്ളവർക്കായി വാട്ടർ ബൈക്കും, ചെറു ബോട്ടും ഉൾപ്പെടെ അല്പ്പം സാഹസികതയുള്ള വിനോദോപാധികൾ ബീച്ചിൽ ഉണ്ട്.
ഒടുവിൽ അസ്തമയസൂര്യപ്രഭയിൽ തെളിഞ്ഞ ശിവരൂപം കണ്ട് തിരികെ ഇറങ്ങുമ്പോൾ മനസ്സിൽ   ഭക്തിഒട്ടുംതന്നെ ഉണ്ടായിരുന്നില്ല മറിച്ച് ഏതോ പാർക്കിൽ ഉല്ലാസ വിനോദങ്ങൾ കണ്ടിറങ്ങിയ പ്രതീതി ആയിരുന്നു. എന്തായാലും കടൽക്കരയിൽ കണ്ട ശിവരൂപം അത് മറക്കാനാവാത്ത കാഴ്ച്ചതന്നെയാണ്.


Nidheesh Krishann

Saturday, June 1, 2013

ജന്മദിനം



ഇന്ന് (ജൂണ്‍-1- 2013) എന്‍റെ ജന്മദിനമാണ് . സന്തോഷവും ദു:ഖവും സ്നേഹവും ഇഷ്ടവും പിണക്കവും വഴക്കും അങ്ങനെ ഒരുപാട് അനുഭവങ്ങൾ ജീവനേകിയ 30 വർഷങ്ങൾ. 1983 ജൂണ്‍ മാസം ഒന്നാം തീയതി പിറന്ന ഞാൻ ഈ ഭൂമിയിൽ 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .

പഴമക്കാർ പറയുന്നപോലെ 30 വർഷങ്ങളുടെ കുതിര ജന്മം കഴിഞ്ഞു ; ഇനി വരാനിരിക്കുന്നത് കഴുത ജന്മം ; ജീവിത പ്രാരാബ്ധങ്ങളുടെ , വൈഷമ്യതകളുടെ വർഷങ്ങൾ ; ഒരു കഴുതയെപോലെ ജീവിത ഭാരം വലിക്കേണ്ടുന്ന വർഷങ്ങൾ .

തിരിഞ്ഞ് നോക്കുമ്പോൾ കുറെ നഷ്ടങ്ങളും നേട്ടങ്ങളും ഈ വർഷങ്ങളിൽ ഉണ്ടായിരുന്നു . 22 -ം വയസിൽ നടത്തിയ വിപ്ലവം (കല്യാണം) നേട്ടങ്ങളിൽ മുന്നിൽ , പിന്നെ രണ്ട് മക്കൾ , അവരുടെ കളികൾ , ചിരികൾ എല്ലാം ദൈവത്തിന്‍റെ സ്നേഹം . ചെറുപ്പത്തിൽ ഹോസ്റ്റലിൽ കൊഴിഞ്ഞ മൂന്ന് വർഷങ്ങൾ നഷ്ടക്കണക്കിൽ മുന്നിൽ നില്ക്കുന്നു.
ആ നഷ്ടദിവസങ്ങൾ ഓർമയിൽ നിന്നും മായാതെ കിടക്കുന്നു, അതിനാലാവും 'താരേ സമീൻ പർ' എന്ന സിനിമ കണ്ട് ഫീലായി പണ്ടാരമടങ്ങിയതും , എന്‍റെ മകന് ആ സിനിമയിലെ കുട്ടിയുടെ പേര് നല്കിയതും (ഇഷാൻ എന്നായിരുന്നു സിനിമയിൽ ആ കുട്ടിയുടെ പേര് ).

പുകവലി
ജന്മദിനത്തിൽ പുതിയ തീരുമാനങ്ങളെടുക്കുന്ന രീതി പോയിട്ട് ജന്മദിനം ആഘോഷിക്കുന്ന സ്വഭാവംപോലും എനിക്കില്ല; ചിലപ്പോൾ സാഹചര്യങ്ങൾ മൂലമാകാം. പക്ഷെ ഇത്തവണ ഞാൻ ഒരു ചെറിയ കാര്യം തീരുമാനിച്ചു; പുകവലി നിർത്തുക . 8 - ം ക്ലാസ്സിൽ ഹോസ്റ്റൽ ജീവിതം തുടങ്ങിയപ്പോൾ കൂടെക്കൂടിയ കുറെ ദുശീലങ്ങളിൽ ഒന്നാണത്. നീണ്ട 16 വർഷങ്ങൾ !!. ഇടയ്ക്ക് ജീവിതത്തിൽ വിരുന്നെത്തിയ പ്രവാസം, പുകവലി എന്ന (ദു)ശീലത്തെ കൂടുതൽ പ്രത്സാഹിപ്പിച്ചു. എന്‍റെ ഇനിയുള്ള ദിവസങ്ങൾ പുകമണം ഇല്ലാത്തതാവട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

കവിത - ശ്രേഷ്ഠം മലയാളം

മറ്റൊന്ന് മലയാളം ശ്രേഷ്ഠഭാഷയായ ഈ അവസരത്തിൽ ഭാഷയ്ക്ക് വേണ്ടിയും ഒരു തീരുമാനം , ഇനി ഞാൻ കവിത എഴുതില്ല എന്നതാണ് ആ കടുത്ത തീരുമാനം :).
(ഞാൻ എഴുതിയിരുന്നത് കവിത ആയിരുന്നു എന്നൊരു അവകാശവാദവും ഇപ്പോഴും എനിക്കില്ല  - നമ്മുടെ ഭാഷയെ ഉദ്ധരിക്കേണ്ടത് നമ്മുടെ കടമയല്ലേ, ആളുകൾ ഭാഷയെ വെറുക്കാതെ നോക്കേണ്ടതും).

ജാമ്യം

കവിത എഴുതില്ല എന്നവാക്ക് മനസ്സിന്‍റെ പിരിമുറുക്കത്തിൽ എപ്പോഴെങ്കിലും തെറ്റിയാലും പുകമണം ഇനി എന്‍റെ ശ്വാസകോശങ്ങൾ ഏൽക്കേണ്ടിവരുത്തില്ല.

ഭൂമിയെന്ന ഈ ഗോളത്തിൽ ദൈവം എനിക്ക് അനുവദിച്ച സമയത്തിൽ ബാക്കിയുള്ള സമയം നല്ലൊരു മകനായി, ഭർത്താവായി , അച്ഛനായി, സഹോദരനായി, കൂട്ടുകാരനായി ജീവിക്കാൻ പരമ കാരുണ്യവാനായ ഭഗവാൻ കൂടെയുണ്ടാവും എന്ന് വിശ്വസിക്കുന്നു.
-------------------------------------------------------

തിരക്കുകൾ കുറഞ്ഞു ; കഥകളുമായി വീണ്ടും ഞാൻ ബ്ലോഗിൽ സജീവമാകും

ആരും തിരക്ക് കൂട്ടേണ്ട , ജന്മദിനാശംസകൾ നല്കാൻ  എല്ലാവർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.


Nidheesh Krishnan

Monday, April 15, 2013

വഞ്ചന


തുടക്കത്തിൽ പേമാരിപോലെതോന്നിച്ച മഴയുടെ ശക്തി മെല്ലെ കുറഞ്ഞുവന്നു. ഇടയ്ക്ക് മരണത്തിലേക്ക് വഴുതിവീണ നിരത്തുകൾ പതിയെ ജീവന്‍റെ തുടിപ്പുകൾ കാണിച്ചുതുടങ്ങി.


അയാൾ തന്‍റെ കയ്യിലിരുന്ന പെർഫ്യൂമിന്‍റ പൊട്ടിയ കുപ്പിക്കഷണം തുറന്നുകിടന്ന ജനാലയിലൂടെ താഴേക്കെറിഞ്ഞു. ആ ബഹുനിലക്കെട്ടിടത്തിന്‍റെ താഴോട്ടുള്ള ഓരോ നിലയുംപിന്നിട്ടുകൊണ്ടത് നിരത്തിലൂടെ വേഗത്തിൽ ഒഴുകുപ്പോകുന്ന അഴുക്കുവെള്ളത്തിൽ അപ്രത്യക്ഷമായി.


“കാപ്രി ഓറഞ്ച്, വിലകൂടിയ പെർഫ്യൂമാണ്, പിന്നെ നീ ഇത് ഭാര്യേടെ മുൻപിലെങ്ങും കൊണ്ടോവേണ്ട" അയാളുടെ സുഗന്ധലേപനങ്ങളോടുള്ള ഇഷ്ടമറിയാവുന്ന സുഹൃത്ത് മാത്യൂസ് സമ്മാനിച്ചതാണത്;
"അതൊരുതരം അസുഖമാണ്, മണങ്ങളോടുള്ള ഭയം.... ഓസ്മോഫോബിയ എന്നോ മറ്റോ പറയും" അയാളുടെ ഭാര്യയുടെ സുഗന്ധവസ്തുക്കളോടുള്ള   ഇഷ്ടക്കേടും അറിയാവുന്ന മാത്യൂസ് ചിലപ്പോൾ അതേക്കുറിച്ച് വാചാലനാകും.


മഴയെ വകവെക്കാതെ യാത്രക്കാരനുമായി ഒരു റിക്ഷ നിരത്തിലൂടെ മണിയുംകിലുക്കി വേഗത്തിൽ പോകുന്നു.   ഉച്ചഭക്ഷണത്തിന് വക ലഭിച്ചതിന്‍റെ സന്തോഷത്തിലാവണം, റിക്ഷാക്കാരൻ തെല്ലുത്സാഹത്തിലായിരുന്നു.


റോഡിൽനിന്നും ആ കെട്ടിടത്തിലേക്കുള്ള നടവഴിയിൽ തന്‍റെ ഭാര്യ വച്ചുപിടിപ്പിച്ച ബോഗൻവില്ലയിലെ വെളുപ്പും, ചുമപ്പും, നീലയും നിറങ്ങളിലുള്ള മണമില്ലാത്ത പൂക്കൾ മഴവെള്ളത്തിൽ ഒലിച്ചുപോകുന്നതയാൾ തെല്ലൊരു സന്തോഷത്തോടെ നോക്കിനിന്നു. ദിവസങ്ങളുടെ ഇടവേളകൾക്കിടയിൽ അപൂർവ്വമായി കിട്ടുന്ന  ചില രാത്രികളിൽ താൻ ആസ്വദിക്കാൻ വിധിക്കപ്പെട്ട വിരസമായ, മണമില്ലാത്ത ശരീരമാണ് ആ പൂക്കളെന്നയാൾക്കുതോന്നി.
"പ്രസാദ് നിന്‍റെ ഈ മണങ്ങൾ, എനിക്ക് വയ്യ , എന്‍റെതല പെരുക്കുന്നു" രാത്രികളിൽ താൻ ഏറ്റവും കൂടുതൽകേട്ട വാക്കുകൾ അതാവും എന്നയാൾ ചിന്തിച്ചു.
   
    ഇടയ്ക്ക് വീശിയടിച്ച തണുത്തകാറ്റിൽ ജനാലയിലൂടെ മുഖത്തേക്ക് തെറിച്ചുവീണ വെള്ളത്തുള്ളികൾ ഇടതുകൈവിരലുകൾകൊണ്ട് തുടച്ചുകൊണ്ടയാൾ  മുറിക്കുള്ളിലേക്ക് തിരികേനടന്നു.


  തണുത്തൊരു ദിവസത്തിന്‍റെ കൊഴിഞ്ഞുപോയ മണിക്കൂറുകളെ ഓർമിപ്പിച്ചുകൊണ്ട് പകുതിയോളം ഒഴിഞ്ഞ മദ്യക്കുപ്പിയും, സിഗരറ്റ്കുറ്റികളും, കുറെയേറെ ഭക്ഷണസാധനങ്ങളും വൃത്തിയും ഭംഗിയുമുള്ള ആ മുറിയിലെ ഊണുമേശമേൽ തെല്ലോരഭംഗിയായ് കിടന്നു.


    കുറേനേരമായ് തുടരുന്ന നിശബ്ദതയ്ക്കും ഏകാന്തതയ്ക്കും വിരാമമിട്ട് വാതില്ക്കൽ ആരുടെയൊക്കെയോ പതിഞ്ഞ ശബ്ദംകേട്ട് അയാൾ കയ്യിലെ ഗ്ലാസ്‌ താഴെവെച്ചു.
    അയാളുടെ മുഖത്ത് അസാധാരണമായ ഒരു ആവേശവും ആകാംഷയും പ്രതിഫലിച്ചു . പുറത്ത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ എന്തിനോ തർക്കിക്കുകയാണെന്ന് അയാൾക്ക് മനസിലായി.


    കോളിംഗ്ബെല്ലിന്‍റ ശബ്ദത്തിന് കാത്തുനില്ക്കാതെ അയാൾ മുൻവാതിൽ മെല്ലെത്തുറന്നു.
പുറത്ത് കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ഒരു മധ്യവയസ്ക്കനും, ഇളംനീല നിറത്തിലുള്ള സൽവാറും കമ്മീസും ധരിച്ച, വശ്യമായ് പുഞ്ചിരിതൂവി കണ്ണിൽ കുസൃതി ഒളിപ്പിച്ച ഒരു ചെറുപ്പക്കാരിയും.
"സാർ ; നീങ്ക താനേ പ്രസാദ് സാർ ?" വന്നയാൾ സംശയത്തോടെ ചോദിച്ചു.
"അതേ", വന്നയാൾ ഒരിക്കലും ഒരു തമിഴൻ ആയിരിക്കില്ലെന്നും, ഒപ്പം താൻ ഏറെ നേരമായി കാത്തിരുന്ന ആളുകളാണെന്നും  അയാൾക്ക് മനസിലായി.


"പ്രസാദ്‌..., നീ അത്ഭുതപ്പെടും, അയാൾ സംസാരിക്കുന്ന ഭാഷകളുടെ എണ്ണമറിഞ്ഞാൽ , എ റിയൽ പോളിഗ്ലോട്ട്" മാത്യൂസ് ഇന്നലെ പറഞ്ഞത് സത്യമാണ് , ഒരു ബംഗാളി ഇത്രത്തോളം നന്നായി തമിഴ് പറയുന്നത് താൻ ആദ്യമായി കേൾക്കുകയാണ്


“നിങ്ങൾ മാത്യൂസ് പറഞ്ഞിട്ട് വരുന്ന....” ചോദ്യം മുഴുവിക്കാൻ മധ്യവയസ്ക്കൻ അയാളെ അനുവദിച്ചില്ല
"ഹാ.. ജി..., ആമാ സാർ " തന്നെ മനസിലാക്കിയ സന്തോഷത്തിൽ മധ്യവയസ്ക്കൻ പുഞ്ചിരിച്ചു.
അയാൾ  ആകെ ലഹരിയിലും ഒപ്പം പരിഭ്രമത്തിലായിരുന്നു.  ഇനി എന്താണ് വേണ്ടത് എന്നറിയാതെ അയാൾ അല്പ്പസമയം വാതിൽക്കൽ നിന്നു.
"വരൂ ", അയാൾ ചുറ്റും നോക്കി, ആരും കാണുന്നില്ല എന്നുറപ്പിച്ച്  അവരെ അകത്തേക്ക് ക്ഷണിച്ചു.
തന്നെ കടന്ന് അകത്തേക്ക് പോയ ചെറുപ്പക്കാരിയിൽ നിന്നും പ്രസരിച്ച ഗന്ധം യാളെ ഉന്മത്തനാക്കി . ‘പാരഡൈസ് , ബ്ലാക്ക്‌ ലിലി , യൂഫോറിയ .... ?, അല്ല അതൊന്നുമല്ല , ഇത് മറ്റേതോ സുഗന്ധമാണ്. ‘
വാതിലിന് കുറ്റിയിട്ട് അയാൾ അർദ്ധബോധത്തിൽ ഉള്ളിലേക്ക് നടന്നു . മകുടിയെയാണോ , പാമ്പാട്ടിയെയാണോ പാമ്പ് പിന്തുടരുന്നത് എന്ന് നിശ്ചയമില്ലാത്തത് പോലെ,   ആ ചെറുപ്പക്കാരിയെയാണോ, സുഗന്ധത്തെയാണോ അയാൾ പിന്തുടരുന്നത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം അയാൾ ലഹരിയിൽ മുങ്ങിയിരുന്നു .
മാത്യൂസ് പറഞ്ഞിരുന്നത് പോലെ കുറേ നോട്ടുകൾ രണ്ടുപേർക്കുമായി കൈമാറുമ്പോഴും അയാൾ അങ്ങ് ദൂരെ പൂക്കൾനിറഞ്ഞ താഴ്വാരത്തിൽ തേനും സുഗന്ധവും തേടി ഒരു വണ്ടിനെപോലെ മൂളി പറക്കുകയായിരുന്നു.


മുളക്കുവാൻ സാഹചര്യങ്ങൾ തേടി വർഷങ്ങളോളം ഭൂമിയിൽ കിടന്ന ഒരു വിത്തിന്‍റെ പുതുമഴയോടുള്ള ആവേശമായിരുന്നു, മധ്യവയസ്ക്കൻ കാശുമായി പോയിക്കഴിഞ്ഞ നിമിഷംമുതൽ അയാൾക്ക് ആ ചെറുപ്പക്കാരിയോട്.
സുഗന്ധമറിയാതിരുന്ന കിടക്കയുടെ പാതി അന്ന് ആവോളം സുഗന്ധം ആസ്വദിച്ചു. ഗന്ധങ്ങളുടെ അറിയാതീരത്ത് അയാൾ ആ ചെറുപ്പക്കാരിയുമായി  പാറിനടന്നു .
വർഷങ്ങളായ് തോന്നിപ്പിച്ച് കൊഴിഞ്ഞുപോയ മണിക്കൂറുകൾക്കുശേഷം, ആ സർവ്വസുഗന്ധിയെ യാത്രയാക്കി, തെറ്റുകൾ സമർത്ഥമായി  ഒളിപ്പിക്കുന്ന പരിചയസമ്പന്നനായ ഒരു കള്ളനെപോലെ അയാൾ അവിടമാകെ  വൃത്തിയാക്കി. മുറികളിൽ കൃത്രിമ സുഗന്ധങ്ങൾ തളിക്കാതെ വാതിലുകളും , ജാലകങ്ങളും തുറന്നിട്ടു.


പുറത്തുനിന്ന് വീശിയടിച്ച തണുത്തകാറ്റ്; മുറിയിലാകെ മഴയുടെ ഗന്ധം നിറച്ചു.
കുളിച്ച് ഭാര്യക്കിഷ്ടപെട്ട വെളുത്ത വസ്ത്രങ്ങളിട്ട് , സുഗന്ധങ്ങളെല്ലാം ഒഴിവാക്കി അയാൾ ചെറുതായി പെയ്യുന്ന മഴയെനോക്കി ജാലകത്തിനടുത്ത് നിന്നു.
മഴവെള്ളത്തിൽ ഒലിച്ചുപോകുന്ന മണമില്ലാത്ത കടലാസുപൂക്കൾക്ക് തനിക്ക് മനസിലാക്കാൻ പറ്റാത്ത ഏതോ മനോഹാരിത അയാൾ വെറുതെ കല്പ്പിച്ചു നൽകാൻ ശ്രമിച്ചു.  
മഴയ്യോടൊപ്പം കൊഴിഞ്ഞുപോയ ഏറെ സമയത്തിന് ശേഷം കോളിംഗ്ബെൽ അലസമായി രണ്ടുവെട്ടം ശബ്ദിച്ചു.
വാതിൽ തുറന്ന്, നനഞ്ഞ കാലടികളോടെ, ഓഫീസ് ജോലിയുടെ ക്ഷീണം നിഴലിക്കുന്ന കണ്ണുകളുമായി നിന്ന തന്‍റെ ഭാര്യയെ അയാൾ അൽപ്പനേരം നോക്കിനിന്നു.
തന്‍റെ സിരകളെ വേദനിപ്പിക്കുന്ന ഗന്ധമൊഴുകുന്ന മുറികളുടെ മാറ്റം അവളെ അത്ഭുതപെടുത്തി .
അയാൾ അവളെ തന്‍റെ ശരീരത്തോട് ചേർത്തുപിടിച്ചു .
മടുപ്പിക്കുന്ന ഗന്ധമില്ലാത്ത തന്‍റെ ഭർത്താവിന്‍റെ ശരീരം അവൾക്ക്  ആദ്യത്തെ അനുഭവമായിരുന്നു.
അവൾ അയാളോട് കൂടുതൽ ചേർന്ന് നിന്ന് മിഴികൾ മെല്ലെയടച്ചു.
"മീരാ..., ഈ പകൽ ... , ഞാൻ ഒറ്റക്ക് ... എന്ത് പ്രയാസമായിരുനെന്നോ . " അയാൾ അവളുടെ കാതിൽ മധുരതരമായി പറഞ്ഞു .
"വേണ്ട .. ഇനി എനിക്ക് അവധിയുള്ള ദിവസം മീരയും പോവേണ്ട ... " അവളുടെ മുടിയിഴകളിൽ കയ്യോടിച്ചുകൊണ്ടയാൾ പറഞ്ഞു .
അവൾ ഒന്നും മിണ്ടാതെ അയാളുടെ തോളിൽ തലചായ്ച്ചു നിന്നു .
ഒരു യുദ്ധം ജയിച്ച പോരാളിയുടെ വീർപ്പുമുട്ടലിലായിരുന്നു അയാളുടെ മനസ്.
മഴയോടൊപ്പം ചെറുതായി വീശിയടിക്കുന്ന കാറ്റിൽ അയാൾ അപ്പോഴും ആ സുഗന്ധംതേടുകയായിരുന്നു .


************************************************
Nidheesh Krishnan