അറബിക്കടലിന്റെ
പശ്ചാത്തലത്തിൽ, കടലിലേക്ക് ഇറങ്ങിനില്ക്കുന്ന ഒരു കുന്നിൻ മുകളിൽ
ആകാശംമുട്ടെ ഉയരത്തിൽ ചതുർബാഹുവായ ശിവൻ; വലിപ്പത്തിൽ ലോകത്തിലെ രണ്ടാമത്തെ
ശിവ പ്രതിമ, കടൽക്കാറ്റേറ്റ് നില്ക്കവേ മനസ്സിൽ ആ പരമശിവ സാമീപ്യം
നല്കുന്ന ആനന്ദം അതായിരുന്നു അവധിക്ക് യാത്രപോയപ്പോൾ മുരുടേശ്വരം
തിരഞ്ഞെടുക്കാൻ പ്രധാന കാരണം (മുരടീശ്വരം , മുരുദേശ്വരം എന്നിങ്ങനെ പലപേരിൽ
പറഞ്ഞ് കേൾക്കുന്നു ; ഇംഗ്ലീഷിൽ Murudeswar എന്ന് എഴുതാം) .
![]() |
ഈ ഫോട്ടം മാത്രം അവർടെ സൈറ്റിൽ നിന്നും മോട്ടിച്ചതാ .... ബാക്കിയെല്ലാം കണ്ടാൽ അറിയില്ലേ ഞാൻ എടുത്തതാ :( |
കർണാടകയിൽ ഉത്തര കന്നഡ ജില്ലയിൽ Bhatkal താലൂക്കിലാണ് ഈ പ്രസിദ്ധക്ഷേത്രം.
മംഗലാപുരത്ത് നിന്നും ഏകദേശം 160 കിലോമീറ്റർ വടക്കുമാറി NH-17 ന് സമീപമാണ്
ഈ സ്ഥലം. അടുത്തായി Murudeswar എന്ന പേരിൽത്തന്നെ കൊങ്കണ്റയിൽവേയുടെ
ഭാഗമായ ഒരു റയിൽവേസ്റ്റേഷനും ഉണ്ട്.
മൂകാമ്പികാ ദർശനവും , സൗപർണ്ണികയിലെ കുളിരുംതന്ന ഉത്സാഹത്തിലായിരുന്നു
മുരുടേശ്വരം യാത്ര തുടങ്ങിയത്. ഗൂഗിളിനായിരുന്നു ഇടയ്ക്കെങ്ങും വഴിതെറ്റാതെ
കാക്കേണ്ടുന്ന ചുമതല. വിളറിയ മഞ്ഞനിറത്തിലുള്ള തമിഴ് ഗ്രാമങ്ങളേക്കാൾ
എന്തുകൊണ്ടും ഭംഗിയുള്ളവതന്നെയാണ് കർണാടകഗ്രാമങ്ങൾ. വീടുകൾക്ക് പൊതുവിൽ ഒരു
കേരളടച്ച്, കുറച്ച് പച്ചപ്പും കൂടുതൽ വൃത്തിയുംതോനിക്കുന്ന സുന്ദര
ഗ്രാമങ്ങൾ ; വെയിലുറച്ചിട്ടും വയലുകളിൽ കഠിനമായി ജോലിചെയ്യുന്ന ജനങ്ങൾ,
യാത്രയിലുടനീളം കർണാടക കണ്ണും മനവും കവർന്നെടുത്തു.
ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെനിന്നുപോലും തലയുയർത്തി
നിൽക്കുന്ന ശിവപ്രതിമ കാണാമായിരുന്നു. പിന്നീട് ആവേശമായിരുന്നു , മനസിനും
വാഹനത്തിനും. അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും വഴിയരുകിൽ വാഹനങ്ങളും,
സഞ്ചാരികളുടെ തിരക്കും കാണാൻ തുടങ്ങി. കടൽതീരത്തെ ആ ക്ഷേത്രത്തിൽ
എത്തിയപ്പോഴേക്കും സൂര്യൻ കടലിലേക്കുള്ള യാത്രയുടെ പകുതിദൂരം
പിന്നിട്ടിരുന്നു.
ഗോപുരത്തിന് വലത് ഭാഗത്തായി പ്രധാന ശ്രീ കോവിൽ , LED ലൈറ്റുകളിൽ
അലങ്കരിച്ച ശ്രീകോവിൽ കണ്ടപ്പോഴേ എന്റെ ഭക്തി കേരളാ ബോർഡർ കടന്നു .
ശ്രീകോവിലിന് പുറത്ത് ദേവീ ദേവന്മാരുടെ കുറച്ച് പ്രതിമകൾ നിർമ്മിച്ച്
വച്ചിരിക്കുന്നു. പുറത്തുകടന്നാൽ കാഴ്ചകൾ തുടങ്ങുകയായി ; കുന്നിൽ
മുകളിലേക്ക് കയറാൻ മനോഹരമായ പടികൾ. അവിടെ 37 മീറ്റർ ഉയരത്തിൽ ചമ്രംപിടഞ്ഞ്
ഇരിക്കുന്ന രൂപത്തിൽ നാല് കൈകൾ ഉള്ള ശിവന്റെ പ്രതിമ. കോണ്ക്രീറ്റിൽ തീർത്ത
മനോഹരമായ ശിവൻ, ഇരിപ്പിടത്തിൽ പുലിത്തോലും നന്നായി പെയിന്റ് ചെയ്ത്
വച്ചിരിക്കുന്നു , എല്ലാം കോണ്ക്രീറ്റ് മയം . ഇത്ര വലിപ്പത്തിൽ കടലിനോട്
ചേർന്ന് ഒരു പ്രതിമ നിർമ്മിക്കുവാൻ മുതൽ മുടക്കിയ ആ വലിയ കച്ചവടക്കാരന്
പ്രണാമം. തൊട്ടടുത്തായി ഗീതോപദേശം, സൂര്യന്റെ രഥം,
ആത്മലിന്ഗം
സ്വീകരിക്കുന്ന ബാലനായ ഗണപതി തുടങ്ങി അനേകം പ്രതിമകൾ വേറെ.
ശിവന്റെ പ്രതിമയ്ക്ക് താഴെ ഒരു ക്ഷേത്രമുണ്ട്; അവിടുത്തെ കൗതുകം
പത്തുരൂപയുടെ ടിക്കറ്റ് എടുത്താൽ ശ്രീ കോവിലിലെ വലിയ ശിവലിംഗത്തിൽ നമുക്ക്
നേരിട്ട് പൂജചെയ്യുകയും , ധാര കഴിക്കുകയും ചെയ്യാം എന്നതാണ്. കൂടെ
ഉണ്ടായിരുന്നവർ എല്ലാവരും പൂജാരിമാർ ആയെങ്കിലും ഞാൻ അതിൽ നിന്നും വിട്ടു
നിന്നു.
ക്ഷേത്രത്തിന്
വലതുഭാഗത്ത് കൂടി ശിവപ്രതിമയ്ക്ക് അടിയിലായി ഒരു ഗുഹയുണ്ട്. പതിനഞ്ചു
രൂപയുടെ ടിക്കറ്റ് എടുത്താൽ പുരാണത്തിലെ ചില സന്ദർഭങ്ങളുടെ പ്രതിമകൾ അവിടെ
കാണാം , ഒപ്പം നല്ല ശബ്ദ പ്രകാശ ക്രമീകരണവും; ചൂടിൽ നിന്നും രക്ഷയായി
ഏസിയും അവിടെ ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി
കുന്നിൻ മുകളിൽത്തന്നെ ഒരു ചെറിയ പാർക്കും തയാറായിരുന്നു. അങ്ങനെ സിമന്റിൽ
തീർത്ത ചില അത്ഭുതങ്ങൾ കണ്ടുമടങ്ങുന്ന നമ്മെ തീരത്തെ RNS ഹോട്ടൽ
കാത്തിരിക്കുന്നുണ്ട് ഒപ്പം കുറെ വഴിവാണിഭക്കാരും. തല്പ്പര്യമുള്ളവർക്കായി
വാട്ടർ ബൈക്കും, ചെറു ബോട്ടും ഉൾപ്പെടെ അല്പ്പം സാഹസികതയുള്ള വിനോദോപാധികൾ
ബീച്ചിൽ ഉണ്ട്.
ഒടുവിൽ
അസ്തമയസൂര്യപ്രഭയിൽ തെളിഞ്ഞ ശിവരൂപം കണ്ട് തിരികെ ഇറങ്ങുമ്പോൾ മനസ്സിൽ
ഭക്തിഒട്ടുംതന്നെ ഉണ്ടായിരുന്നില്ല മറിച്ച് ഏതോ പാർക്കിൽ ഉല്ലാസ
വിനോദങ്ങൾ കണ്ടിറങ്ങിയ പ്രതീതി ആയിരുന്നു. എന്തായാലും കടൽക്കരയിൽ കണ്ട
ശിവരൂപം അത് മറക്കാനാവാത്ത കാഴ്ച്ചതന്നെയാണ്.
Nidheesh Krishann