Monday, December 10, 2012

പൊങ്കാല കഴിഞ്ഞു ഇനി സപ്താഹംസഖാക്കളെ കഴിഞ്ഞ ആഴ്ച നമ്മള്‍ സംഘടിപ്പിച്ച ഓള്‍ കേരളാ പൊങ്കാല മഹോത്സവത്തെ സംബന്ധിച്ച് ചില അധമ ചിന്താഗതിയുള്ള മാധ്യമ സിന്റിക്കേറ്റ് പടച്ചുവിടുന്ന വലതുപക്ഷ മണുകൊണാഞ്ചന്‍ ആരോപണങ്ങളെ തള്ളിക്കളയാന്‍ കേരളത്തിലെ മുതിര്‍ന്ന സഖാവ് നല്‍കുന്ന രാഷ്ട്രീയ വിശദീകരണമാണ് ചുവടെ ചേര്‍ക്കുന്നത് . സഖാക്കളെല്ലാം ഇത് വായിച്ച് ആരോപണശരങ്ങളുടെ മുനയോടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

സഖാക്കളെ

നമ്മള്‍ എത്രത്തോളം മുന്നോക്കപരമായ് ചിന്തിക്കുന്നു എന്നതിന് തെളിവാണ് തെറ്റ്ചെയ്താല്‍ തിരുത്തുന്നു എന്നത്; അത്  സൈദ്ധാന്തികപരമായാലും, ആശയപരമായാലും , രാഷ്ട്രീയപരമായാലും തെറ്റ് ചെയ്തോ, നമ്മള്‍ തിരുത്തും . ചെയ്ത  തെറ്റ് തിരുത്താന്‍      പത്ത് ഇരുപത് വര്‍ഷം ചിലപ്പോള്‍ എടുത്തെന്ന് വരും , അത്  ബൂര്‍ഷ്വാ , വലത്പക്ഷ  പിന്തിരിപ്പന്‍ കൂട്ടായ്മക്കാര്‍ പറയുന്നത്പോലെ നമ്മള്‍ക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടൊന്നുമല്ല മറിച്ച്  ചില തീരുമാനങ്ങള്‍ , ആശയങ്ങള്‍ ഈ വലിയ അല്ല ചെറിയ കാലയളവില്‍ ഏത്രത്തോളം സമൂഹത്തിന്  ആവശ്യമായിരുന്നു എന്ന് നിരന്തരമായി പഠിക്കുകയായിരുന്നു ; നമ്മുടെ  പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചില തീരുമാനങ്ങള്‍ മാറ്റണമെന്ന് തീരുമാനിക്കുകയും , തെറ്റ് സംഭവിച്ചൂ എന്ന് നമ്മള്‍ പറയുകയും ചെയ്യും . ആ തെറ്റ് തികച്ചും ബൗദ്ധികപരമാണ് , ഈ ബൗദ്ധികപരമായ തെറ്റിനെ ബുദ്ധിയില്ലായ്മയായ് കാണരുത്  .
കാളവണ്ടി ചെറുതും തീവണ്ടിക്ക് വലിപ്പം കൂടുതലും ഉള്ളത് കൊണ്ട് കാളവണ്ടി തീവണ്ടിക്ക് പകരമാവില്ല എന്ന് നാം മനസിലാക്കി . കമ്പ്യൂട്ടര്‍ കുറെയേറെ സാദാരണ മനുഷ്യരുടെ ജോലി അപഹരിചെങ്കിലും കമ്പ്യൂട്ടര്‍ നമുക്ക് പണിയും വോട്ടും തരുന്നത്കൊണ്ട് അതിനെ നാം അംഗീകരിച്ചു . കൊക്കകോള - കരിക്കിന്‍ വെള്ളം , വാറ്റ് ചാരായം - വിദേശന്‍ , അംബാനി - തൂമ്പ , ആണവം - വിറക് , ലുട്ടാപ്പി - മായാവി .... അങ്ങനെ നമ്മുടെ ചിന്തകന്മാരുടെ ഉറക്കംകെടുത്തുന്ന ഒരുപിടി ചോദ്യങ്ങള്‍ തീരുമാനമാകാതെ ഇന്നിയും ഉണ്ട് . പാര്‍ട്ടി ബുദ്ധിജീവികളെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന പാര്‍ട്ടി ഭരണഘടനാതത്വം നമ്മള്‍ അംഗീകരിച്ചേ മതിയാവൂ , അതിനാല്‍ നമുക്ക് ഈ തീരുമാനങ്ങള്‍ക്കായ്‌ കാത്തിരിക്കാം  .
ബൂര്‍ഷ്വാ പാര്‍ട്ടികളും , വിഭാഗീയ ചിന്താഗതിക്കാരും , വിഘടനവാദികളും , കൊളോണിയലിസ്റ്റ് അടിയാളന്മാരും ജാതിയുടെയും , വിശ്വാസത്തിന്റെയും , ദൈവത്തിന്‍റെയും പിറകെ ആണെന്നുള്ള തിരിച്ചറിവ് നമ്മുടെ ചിന്തകന്മാരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നു . അതിന്‍റെ ഫലമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ വിശ്വാസരീതിയും , ആചാരങ്ങളും പിന്തുടരാന്‍ അവൈലബ്ള്‍ സഖാക്കള്‍ തീരുമാനിച്ചിരിക്കുന്നു . ചൈനയിലെ ഭീമന്‍ പാണ്ട , ഇന്ത്യയിലെ നമ്മുടെ പാര്‍ട്ടി ബുദ്ധിജീവി എന്നിങ്ങനെയാണത്രെ വംശനാശം നേരിടുന്ന ക്രമം എന്ന വലതുപക്ഷ ആക്രമണ ആക്ഷേപം ഈ ഒരു തീരുമാനത്തിലൂടെ നമ്മള്‍ പരിഹരിച്ചുകഴിഞ്ഞു എന്ന് ഞാന്‍ പറയട്ടെ .
പുതിയ വിശ്വാസം എന്നാല്‍ പുതിയ ആള്‍ദൈവങ്ങള്‍ , പുതിയ പൂജകള്‍ , പുതിയ മന്ത്രങ്ങള്‍ പുതിയ ഭാഷ അങ്ങനെ , അതായത് നമ്മള്‍ ഇനി സംസാര ഭാഷയില്‍ നോം , ശുംഭന്‍ , ഹെയ് , ല്ലേ , എന്താത് എന്നിങ്ങനെയുള്ള പദങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം .
നമുക്കിനി പാര്‍ട്ടി ഓഫീസില്ല പകരം ക്ഷേത്രങ്ങള്‍ ആണ് ; ബ്ലോക്ക്‌ ക്ഷേത്രം , ജില്ലാ ക്ഷേത്രം , സംസ്ഥാന ക്ഷേത്രം പിന്നെ ആസ്ഥാന കേന്ദ്ര ക്ഷേത്രം . (അച്ചായന്മാര്‍ക്ക്‌ കേരളാ കോണ്‍ഗ്രസ്സും , മറ്റേവര്‍ക്ക്  ലീഗും ഉള്ലോണ്ടാണ് പള്ളി വേണ്ടന്ന് വെച്ചത് )

ഓം അച്ചുതാനന്ദ ഗോപാല നയനാരായ നമ:

അപ്പോള്‍ നോം ഇനി വിവരിക്കാന്‍ പോകുന്നത് വരാനിരിക്കുന്ന ചടങ്ങുകളെ കുറിച്ചാണ് . നമ്മുടെ പൊങ്കാല അതിഗംഭീരം ആയിരുന്നല്ലോ ല്ലേ ..., അതോണ്ട് നാം ഇനി ഒരു സപ്താഹം നടത്താന്‍ പോകുന്നു , മൂലധനസപ്താഹയജ്ഞം .
സപ്തം ന്നാല്‍ എന്താ ന്ഗെ .... ഏഴ് ല്ലേ , ശുംഭന്മാര്‍ അതും മറന്നിരിക്കുന്നു , പാര്‍ട്ടി ക്ലാസിനു വരാറില്ല ല്ലേ . നമ്മുടെ ഏഴ് സഖാക്കള്‍  ഏഴ് ദിവസം കൊണ്ടു നടത്തുന്ന ഒരു ഹം അതാണ് സപ്താഹം .
ആചാര്യന്‍ ശ്രീ അച്യുതാനന്ദജി  , മുഖ്യ പ്രഭാഷണം ശ്രീ ശ്രീ പ്രകാശ് ജി , ഖജാന്‍ജി ബ്രഹ്മശ്രീ ശ്രീ വിജയജി  , ക്രൌഡ് കണ്ട്രോള്‍ ബ്രഹ്മശ്രീ ജയരാജ ജി ജി  ആന്‍ഡ്‌ കൊ.ബാലകൃഷ്ണജി  , മൂലധന പാരായണം ശ്രീ ബേബിജി ആന്‍ഡ്‌ തോമസ്ജി തുടങ്ങിയ ജ്ഞാനികള്‍ മൂലധനം അപഗ്രഥനം ചെയ്ത് നിങ്ങളുടെ സംശയ നിരൂപണം നടത്തുന്നു . ചടങ്ങുകള്‍ നമ്മുടെ സംസ്ഥാന ക്ഷേത്രമായ യു കെ ജി ഭവനില്‍ ആയിരിക്കും. സപ്താഹതോട് അനുബന്ധിച്ച് പൂമൂടല്‍ , പൊങ്കാല , ഗ്രൂപിസം , വിഭാഗീയ കുത്ത് എന്നീ ചടങ്ങുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സന്നിധിയില്‍ എത്തിച്ചേരേണ്ടതാണ് .ഈ വിശേഷാല്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്ക്  കപ്പ , മീന്‍ , കാപ്പി , ദോശ തുടങ്ങിയ വിശിഷ്ട വിഭവങ്ങള്‍ സന്നിധിയില്‍ പൊങ്കാലയായി സമര്‍പ്പിക്കാവുന്നതാണ്. വരുമ്പോള്‍ ഒരു അടുപ്പുംകൂടെ കരുതുക .... ഗ്യാസ് പാടില്ല്യ ട്ടോ.  
NB: പാര്‍ട്ടിയുടെ  രൂപം മാറിയെങ്കിലും പിരിവു ബക്കറ്റില്‍ തന്നെ നിക്ഷേപിക്കണം ന്നു മാര്‍ക്സിന്‍റെ നാമധേയത്തില്‍ അറിയിക്കുന്നു.15 comments:

 1. വളരെ അവസരോചിതമായ ഒരു ലേഖനം
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി ഗോപാ ....

   Delete
 2. അരിക്കും മറ്റും വിലകൂടുമ്പോള്‍.. അരിയിട്ടു ഗോഡൗണില്‍ കത്തിച്ചു നശിപ്പിക്കുന്നു..
  ഇതിനെക്കുറിച്ചുക്കുടി പറയൂ സഖാവെ.. പൊങ്കല നടത്തിയൊ..എങെനെങ്കിലും ആട്ടെ..
  നാലാളെ ബോധവാന്‍മാരക്കിലല്ലൊ..!!! അവനവനു പ്രതികരിക്കന്‍ പറ്റിയില്ലെങ്കില്‍
  മറ്റുള്ളവര്‍ പ്രതികരിക്കുന്നതില്‍ സത്യം ഉണ്ടെങ്കില്‍ അംഗീകരിക്കുക

  ReplyDelete
  Replies
  1. എനിക്ക് അങ്ങനെ ശക്തമായ കമ്മ്യൂണിസ്റ്റ്‌ വിരോധം ഇല്ല രാജീവേ .... , പിന്നെ ഈ പാര്‍ട്ടി പൊങ്കാല കാണുമ്പൊള്‍ ആര്‍ക്കാ ചിരി വരാത്തത് :)

   Delete
  2. കമ്മ്യുണിസ്റ്റിനെ വിരോധിക്കണൊ വേണ്ടയൊ എന്നല്ല ഞാന്‍ പറഞ്ഞതു..
   വിലക്കയറ്റം ഏറ്റവും അധികം മനസിലാക്കുന്നതു വീട്ടമ്മമ്മാര്‍ ആണു..
   ഞാന്‍ അതിശയിച്ചിരുന്നു.. എന്റെ നാട്ടില്‍ ലിംഗവ്യത്യാസമില്ലാതെ പ്രായവ്യത്യാസമില്ലതെ..
   മതവ്യത്യാസമില്ലാതെ..എങ്ങനെ തെരുവില്‍ അടുപ്പുക്കൂട്ടി.. അപ്പൊള്‍ മനസില്ലാക്കമല്ലോ
   സഖാവെ രോഷം..
   പൊങ്കാല എന്നു പറഞ്ഞു അപഹസിക്കുന്നതിനു മുന്‍പ് എന്താണു അതിനു കാരണമാക്കിയതു
   എന്നുകൂടി എഴുതണം എന്നാലെ അതുപൂര്‍ണമാകുകയുള്ളു.

   Delete
  3. രാജീവെ , വിലക്കയറ്റം ഒരു വലിയ ഭൂതം തന്നെ . ഭരിക്കുന്നത് ഇടതുപക്ഷം ആയാലും വലതുപക്ഷം ആയാലും കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്ന ആളുകളും അതിനുള്ള ശ്രെമങ്ങളും ഇല്ലാതെയാക്കാന്‍ കാരണതിന്റെയും , കാരണക്കാരുടെയും താഴ് വേര് മുറിക്കണം . അധികാരമുള്ളവര്‍ക്ക് (ഇച്ചാശക്തിയും ) വളരെ എളുപ്പത്തില്‍ സാധിക്കും. അത് ചെയ്യാതെ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ബംഗാളില്‍ നിന്നും ട്രെയിനില്‍ 10000 ടണ്‍ അരികൊണ്ടുവന്നു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോ എടുത്ത് താല്‍ക്കാലിക ആശ്വാസം നേടുന്നവര്‍ ഭരണം പോകുമ്പോള്‍ വഴിനീളെ അടുപ്പുകൂട്ടി കാപ്പിയിടുന്ന രാഷ്ട്രീയത്തെ ഞാന്‍ ഇഷ്ടപെടുന്നില്ല . ഇത് എഴുതുമ്പോള്‍ വലതുപക്ഷത്തെ കുറ്റം പറയുന്ന ഒന്നും എഴുതാത്തത് എനിക്ക് ഒരിക്കലും അവരില്‍ പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്നതിനാലാണ് .
   കേരളത്തില്‍ വിലക്കയറ്റം മാത്രമല്ല , തീവ്രവാദവും , അക്രമവും , തൊഴില്‍ ഇല്ലായ്മയും , പെണ്ണുങ്ങള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങളും , സഞ്ചരിക്കാന്‍ അടിസ്ഥാന സൌകര്യമില്ലാത്ത അവസ്ഥയും അങ്ങനെ എത്ര എത്ര പ്രശ്നങ്ങള്‍ . നദികളും , പുഴകളും തുരന്ന് മണ്ണ് കച്ചവടം നടത്തുന്നവര്‍ക്കെതിരെ ശക്തമായി ഒരക്ഷരം പറയാതെ , പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ പേരിനുവേണ്ടി എന്തോ ഒന്ന് പറഞ്ഞതല്ലാതെ , 5000 ത്തോളം റിപ്പോര്‍ട്ട് ചെയ്ത കണ്ടക്ടര്‍ ഒഴിവിലേക്ക് എമ്പാനെല്‍ ആളുകളെ (ഭരണപക്ഷ ചോല്പടിക്കാരെ) സ്ഥിരപെടുത്തി ചെറുപ്പക്കാരെ ചതിക്കുന്ന ഭരണത്തിനെതിരെ ഒന്നും പറയാതെ , ഒന്നും ചെയ്യാതെ മാധ്യമ , ജന ശ്രദ്ധ കിട്ടുന്ന മേഖലയില്‍ മാത്രം അപ്പം ചുട്ട് കളിക്കുന്ന ആളുകളോടുള്ള അല്പം ദേഷ്യം ഇങ്ങനെ ഞാന്‍ പ്രകടിപ്പിക്കുന്നു

   Delete
 3. ഇതിത്തിരി അതിര് കടന്നോ?..പാര്‍ട്ടി പൊങ്കാല നടത്തി ഇനിയിപ്പോ ഒരു സപ്താഹം കൂടെ നടത്തും എന്നതില്‍ ആക്ഷേപഹാസ്യം ഉണ്ട്.ആദ്യമെഴുതിയ വാചകങ്ങള്‍ ഒരു കമ്മ്യുണിസ്റ്റ് വിരോധം ആയി തന്നെ അനുഭവപ്പെടുന്നു .അങ്ങിനെയെങ്കിലും പ്രതികരിക്കാന്‍ ഒരു കൂട്ടര്‍ ഉണ്ടല്ലോ എന്നതാണ് എന്റെ ചിന്ത.ചെകുത്താനേക്കാള്‍ ഭേദം കുട്ടിചെകുത്താന്‍ ആണെന്ന ഭേദം മാത്രമേ എനിക്ക് തോന്നുന്നത്.

  ReplyDelete
  Replies
  1. സുമെഷേട്ടാ ....., ഇതിനുള്ള മറുപടി മുകളില്‍ രാജീവിനോട് ഞാന്‍ പറഞ്ഞു സമയമുണ്ടേല്‍ വായിച്ചു നോക്കിക്കോളു

   Delete
  2. ശരി തന്നെ മറുപടി.എല്ലാം ചടങ്ങ് മാത്രം.ആ മറുപടി കൊള്ളാം

   Delete
 4. ഭരണ പക്ഷം ആയാലും പ്രതി പക്ഷം ആയാലും നാടിന്‍റെ നന്മക്ക് കൈ താങ്ങാവാനും,ജനങ്ങളുടെ കണ്ണീരിനും കഷ്ട്ടപ്പാടിനും അറുതി വരുത്താനും സാധിക്കാതെ കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് കുടപിടിച്ചുകൊണ്ട് പണമുള്ളവന്‍റെ പോക്കറ്റില്‍ കിടന്നു ഭരിക്കുന്ന രാഷ്ട്രീയക്കാരെപ്പറ്റി പറയുമ്പോള്‍ തമ്മില്‍ ഭേതം ഇപ്പോള്‍ ഉള്ള കള്ളന്മാര്‍ തന്നെ.വിലക്കയറ്റത്തിനെതിരെ നടുറോഡില്‍ പൊങ്കാല ഇട്ടിട്ടു എന്ത് കാര്യം,അതുകൊണ്ട് എന്ത് നേടി പിണറായിയും കുടുംബോം കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിം നടുറോഡില്‍ കഴിച്ചപ്പോള്‍,അച്ചുമാമനും കുടുംബോം നടുറോഡില്‍ പായസം മത്സരിച്ചു കഴിച്ചു വയര്‍ വീര്‍പ്പിച്ചു വീട്ടില്‍ പോയി.സാധനങ്ങളുടെ വില കുറഞ്ഞു ...ഹോ സമാധാനമായി ....വിലക്കയറ്റത്തിനു കാരണം നമ്മള്‍ കൂടെ ആണ് എന്ന് നാം മനസിലാക്കേണ്ടി ഇരിക്കുന്നു.

  ..ഇപ്പോളത്തെ "എകാധിപത്യത്തിലെ"ഒരു "ജനാധിപത്യ" സുഹൃത്ത്‌ ....

  ReplyDelete
 5. ഞങ്ങളുടെ blog -ല്‍ വന്നതില്‍ സന്തോഷം.ഈ post കാണാന്‍ കഴിഞ്ഞതും അതുകൊണ്ടാണല്ലോ!

  ReplyDelete
 6. അവര്‍ അത്രയെങ്കിലും ചെയ്തല്ലോ ,ഭരണക്കാര്‍ ഈ നാട്ടില്‍ എന്താണ് ചെയ്യുന്നത് .കൊള്ള സ്വജനപക്ഷപാതം ,മതത്തിന്റെ സ്വാധീനം ,അങ്ങനെയുള്ള രംഗങ്ങളില്‍ വന്‍ മുന്നേറ്റം ആണ് ഉള്ളത് .അരി ,പഞ്ചസാര ,ഗോതമ്പ് ,മണ്ണെണ്ണ തുടങ്ങി ഏതു സാധനത്തിനാണ് ഇവിടെ വില ഉയരാത്തത് .
  ആശംസകള്‍

  ReplyDelete
 7. രാഷ്ട്രീയത്തില്‍ മതവും മതത്തില്‍ രാഷ്ട്രീയവും കലര്‍ന്നപ്പോള്‍ എല്ലാം വിഷമായി . ഒരു പാര്‍ട്ടി നല്ലത് ഒരു പാര്‍ട്ടി പൊട്ട എന്ന് പറയാന്‍ പറ്റില്ല. രണ്ടും കണക്കു തന്നെ. നാടിന്റെയും ജനങ്ങളുടെയും നന്മ, സംരക്ഷണം ഒന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ല . പാര്‍ട്ടി നന്നാവണം..അത്ര മാത്രം.

  www.ettavattam.blogspot.com

  ReplyDelete
 8. ആരു ഭരിച്ചാലും നമ്മുടെ നാട് നന്നക്കില്ല ...
  അതിനു വേണ്ടി അല്ലല്ലോ ഭരിക്കുന്നത്‌ ...

  ഹൃദയം നിറഞ്ഞ
  """പുതുവത്സരശംസകള്‍""

  ReplyDelete
 9. ഈ പൊങ്കാലകൊണ്ട് അടുത്ത ഭരണത്തിലേക്ക് പൊങ്ങാലോ..അല്ലേ

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....